Kathleen Folbigg : ഒരു കാലത്ത് സീരിയല്‍ കില്ലര്‍, വെറുക്കപ്പെട്ട സ്ത്രീ; ദുഷ്‌പേര് കാത്‌ലീന്‍ മായ്ച്ചിട്ട് ഒരു വര്‍ഷം
Kathleen Folbigg Case Explained : ആത്മവിശ്വാസത്തിന്റെ നൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത വിജയക്കുപ്പായം കാത്‌ലീന്‍ അണിഞ്ഞത് കൃത്യം ഒരു വര്‍ഷം മുമ്പ്. 57കാരിയായ കാത്‌ലീന്റെ പോരാട്ടവീര്യത്തിന് ഇന്നലെ (ഡിസംബര്‍ 13) തികഞ്ഞത് ഒരു വയസ്
‘സീരിയല്‍ കില്ലര്‍’ എന്ന് ഒരുകാലത്ത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സ്ത്രീ. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ തന്നെ വെറുക്കപ്പെട്ടവളായിരുന്നവളുടെ പേര് ‘കാത്‌ലീന്‍ മേഗന്‍ ഫോള്‍ബിഗ്’. സ്വന്തം മക്കളെ ‘കൊലപ്പെടുത്തിയെന്ന’ കേസില്‍ ഏതാണ്ട് 20 വര്‍ഷത്തോളമാണ് കാത്‌ലീന്‍ ഫോള്‍ബിഗ് ജയിലില്‍ കഴിഞ്ഞത്.
കനലുകള്‍ നിറഞ്ഞതായിരുന്നു പാതകളെങ്കിലും പക്ഷേ, കാത്‌ലീന്‍ പതറിയില്ല. അവള്‍ പോരാടി. ഒടുവില്‍ കാലം കാത്തുവച്ച കാവ്യനീതി പോലെ കാത്‌ലീന്‍ കുറ്റവിമുക്തയായി. ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നു. ആത്മവിശ്വാസത്തിന്റെ നൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത വിജയക്കുപ്പായം കാത്‌ലീന്‍ അണിഞ്ഞത് കൃത്യം ഒരു വര്‍ഷം മുമ്പ്. 57കാരിയായ കാത്‌ലീന്റെ പോരാട്ടവീര്യത്തിന് ഇന്നലെ (ഡിസംബര്‍ 13) തികഞ്ഞത് ഒരു വയസ്.
1989നും 1999നും ഇടയിലാണ് കാത്‌ലീന്റെ ഫോള്‍ബിഗിന്റെ നാല് കുട്ടികള്‍ ഒന്നിന് പുറകെ ഒന്നായി മരിക്കുന്നത്. ഫോള്‍ബിഗിന്റെ ആദ്യ കുട്ടിയായ കാലേബ് 1989ലാണ് മരിച്ചത്. അന്ന് 19 വയസായിരുന്നു കാലേബിന്റെ പ്രായം. 1991ല്‍ രണ്ടാമത്തെ കുഞ്ഞായ പാട്രിക്കും മരിച്ചു. വെറും എട്ട് മാസം മാത്രം പ്രായമുള്ളപ്പോളാണ് പാട്രിക് മരിച്ചത്. 1993ല്‍ മരിച്ച മൂന്നാമത്തെ കുഞ്ഞായ സാറയ്ക്ക് അന്ന് പ്രായം 10 മാസം മാത്രം. നാലാമത്തെ കുട്ടിയായ ലോറ 19 മാസം പ്രായമുള്ളപ്പോള്‍ 1999ലും മരിച്ചു.
സംഭവം വാര്‍ത്താപ്രാധാന്യം നേടി. അത് കാട്ടുതീ പോലെ പരന്നു. 2001ലാണ് കാത്‌ലീന്‍ ഫോള്‍ബിഗ് അറസ്റ്റിലായത്. കുട്ടികളുടെ മരണത്തില്‍ ഫോള്‍ബിഗ് പ്രതിയാണെന്ന് 2003ല്‍ പരസ്യ വിചാരണയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍, മക്കളുടെ മരണത്തില്‍ കുറ്റബോധം പ്രകടിപ്പിച്ചുള്ള ഡയറി കുറിപ്പുകള്‍ എന്നിവ ഫോള്‍ബിഗിന് തിരിച്ചടിയായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫോള്‍ബിഗിന്റെ ഡയറി കണ്ടെത്തിയത് അവരുടെ ഭര്‍ത്താവായിരുന്ന ക്രെയ്ഗ് ആയിരുന്നു.
വിചാരണയ്ക്കിടെ കാത്‌ലീന്‍ ഫോള്‍ബിഗിനെതിരെ ക്രെയ്ഗ് മൊഴി നല്‍കി. ക്രെയ്ഗ് പൊലീസിനോട് കള്ളം പറയുന്നുവെന്നും, ഭാര്യയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ വ്യാജ തെളിവുകള്‍ ചമയ്ക്കുന്നുവെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2003ല്‍ ഫോള്‍ബിഗിന് 40 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. ഇത് പിന്നീട് 30 വര്‍ഷമാക്കി ചുരുക്കി.
2011ല്‍ ലോ പ്രൊഫസറായ എമ്മ കുന്‍ലിഫ് ‘മര്‍ഡര്‍, മെഡിസിന്‍ ആന്‍ഡ് മദര്‍ഹുഡ്’ എന്ന പേരില്‍ ഒരു പുസ്തകം എഴുതിയതിന് ശേഷം, ഫോള്‍ബിഗിന്റെ ശിക്ഷയെക്കുറിച്ച് പൊതുസമൂഹത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങി. കാത്‌ലീന്‍ ഫോള്‍ബിഗിന്റെ കേസിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ഈ പുസ്തകം. ഫോള്‍ബിഗ് നല്‍കിയ അപ്പീലുകളും, കേസിലെ തെളിവുകളുടെ പ്രായോഗികതയും പുസ്തകം ചര്‍ച്ചാവിഷയമാക്കി. ജയില്‍ശിക്ഷ അനുഭവിക്കുന്ന ഫോള്‍ബിഗ് തെറ്റായി ശിക്ഷിക്കപ്പെടുകയായിരുന്നു എന്ന് സമര്‍ത്ഥിക്കുന്ന തരത്തിലായിരുന്നു പുസ്തകത്തിലെ എഴുത്തുകള്‍.
2013ല്‍ ന്യൂകാസിലിലെ അഭിഭാഷകരുടെ ഒരു സംഘം കേസ് ഏറ്റെടുത്തു. മെല്‍ബണിലെ മോനാഷ് സര്‍വകലാശാലയിലെ പ്രമുഖ ഫോറന്‍സിക് പാത്തോളജിസ്റ്റായ സ്റ്റീഫന്‍ കോര്‍ഡ്‌നര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദഗ്ധരും കേസിനെക്കുറിച്ച് പഠിച്ചു. ജീനോമിക് സീക്വന്‍സിങ് പരിശോധനങ്ങള്‍ നടന്നു. ഡിഎന്‍എ സാമ്പിളുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പ്രമുഖ ഇമ്മ്യൂണോളജിസ്റ്റായിരുന്ന ഡോ. കരോള ഗാര്‍സിയ ഡി വിനൂസയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ഫോള്‍ബിഗിന്റെ രണ്ട് പെണ്‍കുട്ടികള്‍ക്കും മരണത്തിലേക്ക് നയിച്ചേക്കാവുന്ന അപൂര്‍വ ജനിതക വ്യതിയാനമുണ്ടെന്ന പുതിയ തെളിവുകള്‍ 2018ല്‍ കണ്ടെത്തി. മയോകാര്‍ഡിറ്റിസ് ബാധിച്ചാകാം ലോറ മരിച്ചതെന്നും വിദഗ്ധരും സാക്ഷ്യപ്പെടുത്തി. പിന്നീട് ഫോള്‍ബിഗിന്റെ ആണ്‍കുട്ടികള്‍ക്കും ജനിതക വ്യതിയാനമുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തി.
ഫോള്‍ബിഗിന്റെ കുട്ടികളുടെ മരണം സ്വഭാവിക കാരണങ്ങളാലാണെന്നായിരുന്നു തെളിവുകള്‍ വ്യക്തമാക്കിയത്. ഇതു തന്നെയായിരുന്നു ഫോള്‍ബിഗിന്റെ വാദവും. പ്രോസിക്യൂഷന്റെ വാദങ്ങള്‍ തെറ്റാണെന്നും സംശയങ്ങളുയര്‍ന്നു. അങ്ങനെ കേസ് സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയായി. സംശയങ്ങള്‍ നിരവധിയായി. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമാണ് ഫോള്‍ബിഗ് നേരിട്ടതെന്ന് വിലയിരുത്തലുകളുമുണ്ടായി.
കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. നോബല്‍ സമ്മാന ജേതാക്കളായ എലിസബത്ത് ബ്ലാക്ക്‌ബേണ്‍, പീറ്റര്‍ ഡോഹര്‍ട്ടി, ഓസ്‌ട്രേലിയന്‍ സയന്‍സ് അക്കാദമി പ്രസിഡന്റായിരുന്ന ജോണ്‍ ഷൈന്‍ തുടങ്ങിയവര്‍ ഈ ആവശ്യം ഉന്നയിച്ചു. 2022ല്‍ സര്‍ക്കാര്‍ അന്വേഷണം നടന്നു. ന്യൂ സൗത്ത് വെയില്‍സ് ക്രിമിനല്‍ അപ്പീല്‍ കോടതി ഫോള്‍ബിഗിന്റെ ശിക്ഷാവിധി ഒഴിവാക്കുന്നത് പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്തു. കുട്ടികളെ ഫോള്‍ബിഗ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് തെളിവുകളില്ലെന്നും കണ്ടെത്തി.
2023 ജൂണ്‍ അഞ്ചിന് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ബീസ്‌ലി ഫോള്‍ബിഗിന് മാപ്പു നല്‍കി. അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. 2023 ഡിസംബര്‍ ഡിസംബര്‍ 13ന് കോടതി കാത്‌ലീന്റെ ശിക്ഷാനടപടികളടക്കം റദ്ദാക്കുകയും ചെയ്തു. കാത്‌ലീന് വന്‍ തുക നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് കാത്‌ലീന്റെ അഭിഭാഷകര്‍.
”ഏകദേശം കാല്‍നൂറ്റാണ്ടോളം ഞാന്‍ അവിശ്വസിക്കപ്പെട്ടു. പലര്‍ക്കും ശത്രുവായി. എല്ലാ തരത്തിലും അപമാനിതയായി. ഒരു ദിവസം കുറ്റവിമുക്തയായി ഇവിടെ നില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പ്രാര്‍ത്ഥിച്ചു. എന്റെ കുട്ടികള്‍ എങ്ങനെ മരിച്ചുവെന്നതിന് ശാസ്ത്രീയമായ ഉത്തരം കണ്ടെത്തിയതില്‍ നന്ദിയുണ്ട്. ചിലപ്പോള്‍ അപ്രതീക്ഷിതമായി കുട്ടികള്‍ മരിച്ചേക്കാം. പക്ഷേ, അത് അംഗീകരിക്കുന്നതിന് പകരം എന്നെ കുറ്റപ്പെടുത്താനാണ് സിസ്റ്റം ശ്രമിച്ചത്”-കുറ്റവിമുക്തയായി കോടതിക്ക് പുറത്തെത്തിയ ഫോള്‍ബിഗിന്റെ വാക്കുകള്‍.
അമ്മയെ കൊലപ്പെടുത്തിയ അച്ഛന്‍
1967 ജൂണ്‍ 14നായിരുന്നു കാത്‌ലീന്‍ ഫോള്‍ബിഗിന്റെ ജനനം. കാത്‌ലീന് ഒന്നര വയസ് പ്രായമുള്ളപ്പോള്‍, അമ്മയെ അച്ഛന്‍ കൊലപ്പെടുത്തി. കാത്‌ലീന്റെ പിതാവ് തോമസ് ജോണ്‍ ഭാര്യയെ കൊലപ്പെടുത്താനായി 24 തവണ കുത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ പ്രതി പിടിയിലായി. 15 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചതിന് ശേഷം അയാള്‍ ഇംഗ്ലണ്ടിലേക്ക് പോയി.
‘ഫോസ്റ്റര്‍ കെയറി’ലായിരുന്നു പിന്നീട് കാത്‌ലീന്റെ താമസം. 1970ല്‍ കാത്‌ലീനെ ഒരു ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. 20-ാം വയസില്‍ ക്രെയ്ഗ് ഗിബ്‌സണ്‍ ഫോള്‍ബീഗിനെ കാത്‌ലീന്‍ വിവാഹം കഴിച്ചു. 1987ലായിരുന്നു വിവാഹം. 2000ല്‍ ഇവര്‍ വിവാഹമോചിതരായി. കാത്‌ലീനെതിരെ ആദ്യം ആരോപണമുന്നയിച്ചത് പോലും ക്രെയ്ഗായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഹൃദയാഘാതം മൂലം ക്രെയ്ഗ് മരിച്ചു. അര്‍ബുദബാധിതനുമായിരുന്നു.