UAE Rain Prayers : മഴ വേണം, യുഎഇ ഇന്ന് പ്രാര്‍ത്ഥനയില്‍ മുഴുകും; ആഹ്വാനം ചെയ്ത് പ്രസിഡന്റ്
UAE to hold prayer for rain: യുഎഇയിലെ എല്ലാ പള്ളികളിലും രാവിലെ 11:00 ന് പ്രാർത്ഥന നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ പള്ളികളില്‍ ഒത്തുകൂടും
അബുദാബി: യുഎഇ ഇന്ന് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകളില്‍ മുഴുകും. മഴയ്‌ക്കുവേണ്ടി പരമ്പരാഗത ഇസ്ലാമിക പ്രാർത്ഥനയായ ‘സ്വലാത്തുൽ ഇസ്തിസ്‌കാ’ നടത്തണമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ആഹ്വാനം ചെയ്തിരുന്നു. വരൾച്ചയുടെ സമയത്തോ മഴ ആവശ്യമുള്ളപ്പോഴോ നടത്തുന്ന പരമ്പരാഗത ഇസ്ലാമിക പ്രാർത്ഥനയാണ് ഇത്.
യുഎഇയിലെ എല്ലാ പള്ളികളിലും രാവിലെ 11:00 ന് പ്രാർത്ഥന നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ പള്ളികളില്‍ ഒത്തുകൂടും. മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ ചേരണമെന്ന് പൊതുജനങ്ങളോട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ യുഎഇയില്‍ നേരത്തെയും നടത്താറുണ്ട്. 2010, 2011, 2014, 2017, 2020, 2021, വര്‍ഷങ്ങളിലും ഇത്തരം പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. മഴയ്ക്കായുള്ള ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളും അറബ് രാജ്യത്ത് സാധാരണമാണ്.
സാധാരണയായി നവംബർ, ഡിസംബർ മാസങ്ങളിലാണ് മഴ പ്രാർത്ഥനകൾ നടത്തുന്നത്. നിലവില്‍ യുഎഇയില്‍ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. റാസൽ ഖൈമയിലെ ജബൽ ജെയ്‌സിൽ 6.6 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നു.
യുഎഇ ദേശീയ ദിന വാരാന്ത്യത്തിൽ (നവംബർ 30 മുതൽ ഡിസംബർ 3 വരെ) രാജ്യത്തുടനീളം മഴ പെയ്‌തേക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി നേരത്തെ പ്രവചിച്ചിരുന്നു.
യുഎഇയില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നേരിയതോ ഭാഗികമായോ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ചയോടെ, അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായേക്കും.
SEE ALSO: ആളുകള്‍ മരിക്കുന്നു, നിഗൂഢ രോഗത്തില്‍ ആശങ്ക; വിദഗ്ധ സംഘത്തെ അയച്ച് ലോകാരോഗ്യസംഘടന
കേരളത്തിൽ മഴ ശക്തമായേക്കും
അതേസമയം, കേരളത്തിൽ വീണ്ടും മഴ ശക്തമാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം ഉടലെടുത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തുന്ന ഈ ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 12- ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.