Rent A Boyfriend Trend: എന്തൊക്കെയാ നടക്കുന്നേ ! പങ്കാളിയെ വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടികള്‍; ഒരു വിയറ്റ്‌നാം അപാരത
What Is Rent A Boyfriend Trend : മാതാപിതാക്കളെ അനുനയിപ്പിക്കാന്‍ താനും ഒരു യുവാവിനെ വീട്ടിലെത്തിച്ചെന്നായിരുന്നു മറ്റൊരു യുവതിയായ കാന്‍ എന്‍ഗോക്കിന്റെ പ്രതികരണം. അതിനുശേഷം മാതാപിതാക്കളുമായുള്ള തന്റെ ബന്ധം ശക്തിപ്പെട്ടെന്നും അവര്‍ പ്രതികരിച്ചു
പങ്കാളികളെ വാടകയ്‌ക്കെടുക്കുന്ന കാലമാണിത്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടല്ലേ ? എന്നാല്‍, ആശ്ചര്യപ്പെടേണ്ട. സംഭവം സത്യമാണ്. കേട്ടുകേഴ്‌വിയില്ലാത്ത ഈ സംഭവം നടക്കുന്നത് ഇവിടെയെങ്ങുമല്ല. അങ്ങ് വിയറ്റ്‌നാമിലാണ്.
പങ്കാളികളെ വാടകയ്‌ക്കെടുക്കുന്ന രീതി വിയറ്റ്‌നാമില്‍ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ക്കിടയിലാണ് ഇത് കൂടുതല്‍ പ്രചാരമുള്ളത്. കുടുംബാംഗങ്ങളെ പ്രീതിപ്പെടുത്താനാണത്രേ, പെണ്‍കുട്ടികള്‍ യുവാക്കളെ വാടകയ്‌ക്കെടുക്കുന്നത്. അവിവാഹിതരായി തുടരുന്നത് നാണക്കേടായാണ് അവിടെ കരുതുന്നത്. ഈ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനാണ് പങ്കാളികളെ വാടകയ്ക്ക് എടുക്കുക എന്ന ആശയത്തിലേക്ക് യുവതികള്‍ എത്തിയത്. കുടുംബപരിപാടികളിലടക്കം വാടകയ്‌ക്കെടുക്കുന്ന പങ്കാളികളുമായാണ് യുവതികള്‍ എത്തുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനാല്‍ തന്റെ കാമുകന്റെ വേഷം കൈകാര്യം ചെയ്യാന്‍ ഒരാളെ നിയമിക്കുകയായിരുന്നുവെന്നാണ് 30കാരിയായ പ്രൊഫഷണല്‍ മിന്‍ തു പറയുന്നത്. മിടുക്കനായ യുവാവിനെ തന്റെ മാതാപിതാക്കള്‍ക്കും ഇഷ്ടമായെന്ന് യുവതി പറയുന്നു.
തന്റെ വീട്ടിലെത്തിയ ദിവസം യുവാവ് അമ്മയെ പാചകത്തിന് സഹായിച്ചെന്നും, ബന്ധുക്കളുമായി സംസാരിച്ചെന്നും യുവതി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പ്രതികരിച്ചു. വളരെക്കാലത്തിന് ശേഷമാണ് തന്നെക്കുറിച്ച് ഓര്‍ത്ത് മാതാപിതാക്കള്‍ അഭിമാനിക്കുന്നതെന്നും യുവതി പറഞ്ഞു.
ALSO READ: ദക്ഷിണ കൊറിയയില്‍ പട്ടാള ഭരണം; കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും സംരക്ഷിക്കാനെന്ന് പ്രസിഡന്റ്
മാതാപിതാക്കളെ അനുനയിപ്പിക്കാന്‍ താനും ഒരു യുവാവിനെ വീട്ടിലെത്തിച്ചെന്നായിരുന്നു മറ്റൊരു യുവതിയായ കാന്‍ എന്‍ഗോക്കിന്റെ പ്രതികരണം. അതിനുശേഷം മാതാപിതാക്കളുമായുള്ള തന്റെ ബന്ധം ശക്തിപ്പെട്ടെന്നും അവര്‍ പ്രതികരിച്ചു.
ഇത് ഒരു ചെറുകിട തൊഴില്‍രംഗമായി വളര്‍ന്നിരിക്കുകയാണ്. 25കാരനായ ഹുയ് തുവാന്‍ എന്ന യുവാവ് ഇന്ന് ഒരു ‘പ്രൊഫഷണല്‍ ബോയ്ഫ്രണ്ട്’ ആയി മാറിയെന്നും ക്ലയന്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുവാവ് കഠിനമായി പരിശീലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“എനിക്ക് ജിമ്മിൽ പോകണം. പാടാൻ പഠിക്കണം. പാചകം ചെയ്യണം. ഫോട്ടോയെടുക്കണം. കൂടാതെ നിരവധി ക്ലയൻ്റുകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി എൻ്റെ സംഭാഷണ കഴിവുകളിൽ പ്രവർത്തിക്കണം”-അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത്തരം പ്രവണതകള്‍ അപകടകരമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങള്‍ വെളിച്ചത്ത് വന്നാല്‍ അത് കുടുംബത്തിലെ വൈകാരിക ബന്ധങ്ങളെ തകര്‍ക്കുമെന്നും, വിശ്വാസം നഷ്ടപ്പെടുത്തുമെന്നും വിയറ്റ്നാമിലെ ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ അക്കാദമിയിലെ ഗവേഷകനായ എൻഗുയെൻ തൻ എൻഗ പറഞ്ഞു. പങ്കാളിയെ വാടകയ്‌ക്കെടുക്കുന്നത് നിയമപരമല്ലെന്നും, അതിനാല്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും എൻഗുയെൻ തൻ എൻഗ ചൂണ്ടിക്കാട്ടി.