12 Found Dead At Restaurant : രണ്ടാം നിലയില്‍ കണ്ടെത്തിയത് 12 മൃതദേഹങ്ങള്‍, ദുരൂഹം ! സംഭവം ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍
12 found dead at Indian restaurant in Georgia : റെസ്റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചതെന്ന് സംശയിക്കുന്നു. രണ്ടാം നിലയില്‍ ഉറങ്ങുന്ന സ്ഥലത്താണ് ഇവരെ കണ്ടെത്തിയത്
ജോര്‍ജിയയില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നിരവധി പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജോര്‍ജിയയിലെ ഗുഡൗരിയിലുള്ള ഇന്ത്യന്‍ റെസ്‌റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജോര്‍ജിയയുടെ ക്രിമിനല്‍ കോര്‍ഡിലെ ആര്‍ട്ടിക്കിള്‍ 116 അനുസരിച്ച് അശ്രദ്ധ മൂലം ജീവന്‍ നഷ്ടപ്പെട്ട കേസായാണ് ഇത് പരിഗണിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റെസ്റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചതെന്ന് സംശയിക്കുന്നു. രണ്ടാം നിലയില്‍ ഉറങ്ങുന്ന സ്ഥലത്താണ് ഇവരെ കണ്ടെത്തിയത്. മൃതദേഹത്തില്‍ അക്രമം നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റാണ് മരണമെന്നാണ് പൊലീസ് സൂചന നല്‍കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സമീപത്ത് അടച്ചിട്ട സ്ഥലത്ത് വൈദ്യുതി നിലച്ച സമയത്ത് ജനറേറ്റര്‍ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്രയും ഇടുങ്ങിയതും അടച്ചിട്ടതുമായ സ്ഥലത്ത് ജനറേറ്റര്‍ സ്ഥാപിച്ചത് അപകടകാരണമായതായി സംശയിക്കുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടായതിന് കാരണം ഇതാകാമെന്നാണ് വിലയിരുത്തല്‍.
“ജനറേറ്റർ സ്ലീപ്പിംഗ് ക്വാർട്ടേഴ്സിന് സമീപമുള്ള പരിമിതമായ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. തലേദിവസം രാത്രി വൈദ്യുതി തടസമുണ്ടായതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചിരുന്നിരിക്കാം. ദാരുണമായ സംഭവത്തിന് പിന്നിലുണ്ടായ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണ്”-ജോർജിയൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വക്താവ് പറഞ്ഞു.
മരിച്ചവരില്‍ 11 പേര്‍ വിദേശികളാണ്. ഒരാള്‍ ജോര്‍ജിയന്‍ പൗരനാണ്. പൊലീസും ഫോറന്‍സിക് വിദഗ്ധരും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിനും, ഫോറന്‍സിക് മെഡിക്കല്‍ പരിശോധനയ്ക്കും ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ റെസ്റ്റോറന്റുമായി ബന്ധപ്പെട്ടുള്ളവരുടെ മൊഴിയെടുക്കുന്നുണ്ടെന്നാണ് വിവരം. ദുരന്തകാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത് ശ്രമങ്ങളിലാണ് അന്വേഷണസംഘം.
Read Also : ആഞ്ഞടിച്ച് ചിഡോ ചുഴലിക്കാറ്റ്, ഫ്രാന്‍സിന്റെ മയോട്ട് ദ്വീപില്‍ കനത്ത നാശം, നിരവധി മരണം
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ സാധ്യതകള്‍ ഇല്ലെന്നാണ് പ്രാഥമികാന്വേഷണം നല്‍കുന്ന സൂചന. എന്നാല്‍ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഗുഡൗരി. സ്കീയിംഗ്, സ്നോബോർഡിംഗ് തുടങ്ങിയവയ്ക്കും ഇവിടം പ്രശസ്തമാണ്. സന്ദര്‍ശകര്‍ക്കായി ശൈത്യകാല കായിക വിനോദങ്ങളടക്കം ഇവിടെ ഒരുക്കാറുണ്ട്. പണ്ട് ഒരു വ്യാപാര കേന്ദ്രമായാണ് ഇവിടം അറിയപ്പെട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,200 മീറ്റർ ഉയരത്തിൽ മിസ്‌കെത മിഷ്യാനിറ്റി മേഖലയിലെ കോക്കസസ് പർവതനിരകളിലാണ് ഗുഡൗരി സ്ഥിതി ചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിൽ നിന്ന് ഏകദേശം 120 കി.മീ അകലെയാണിത്.