5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cyclone Chido : ആഞ്ഞടിച്ച് ചിഡോ ചുഴലിക്കാറ്റ്, ഫ്രാന്‍സിന്റെ മയോട്ട് ദ്വീപില്‍ കനത്ത നാശം, നിരവധി മരണം

Cyclone Chido Mayotte : നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു

Cyclone Chido : ആഞ്ഞടിച്ച് ചിഡോ ചുഴലിക്കാറ്റ്, ഫ്രാന്‍സിന്റെ മയോട്ട് ദ്വീപില്‍ കനത്ത നാശം, നിരവധി മരണം
മയോട്ടില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം (image credits : PTI)
jayadevan-am
Jayadevan AM | Published: 16 Dec 2024 18:02 PM

ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപില്‍ കനത്ത നാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈ ഘട്ടത്തില്‍ മരണസംഖ്യ നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറയുന്നു.

കനത്ത മഴയും കാറ്റും വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങളെടയക്കം ബാധിച്ചു. നിരവധി വീടുകള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഭയാനകമായ മണിക്കൂറുകളിലൂടെ കടന്നുപോയ മയോട്ടിലെ ജനതയ്‌ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാങ്കോയിസ് ബെയ്‌റൂ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നേരിടുന്ന ആദ്യ വെല്ലുവിളിയാണ് ഈ ദുരന്തം. പാരീസില്‍ അദ്ദേഹം അടിയന്തര മന്ത്രിതല യോഗം ചേര്‍ന്നു. പാരീസിൽ നിന്ന് ഏകദേശം 8,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മയോട്ട്. ഫ്രാൻസിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രമാണ് ഈ പ്രദേശം. നിരവധി ഗുണ്ടാ ആക്രമണങ്ങളടക്കം നടക്കുന്ന പ്രദേശമാണിത്.

ഒരു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ മയോട്ടിലുണ്ടെന്നാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. പ്രദേശത്തെ കൂടുതല്‍ പേരും ദാരിദ്രരാണ്. കനത്ത ജലക്ഷാമമടക്കം ഈ പ്രദേശത്ത് നേരിട്ടിരുന്നു. 1843ലാണ് ഫ്രാന്‍സ് മയോട്ടയെ കോളനിവത്കരിച്ചത്.

90 വർഷത്തിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്‌

90 വർഷത്തിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് മയോട്ടില്‍ ആഞ്ഞടിച്ചത്. മണിക്കൂറില്‍ 225 കി.മീ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. താല്‍ക്കാലിക വീടുകളെല്ലാം പൂര്‍ണമായി നശിച്ചെന്ന്‌ ഫ്രാൻസിൻ്റെ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. മഡഗാസ്കറിൻ്റെ വടക്ക്-പടിഞ്ഞാറായാണ് മയോട്ട് സ്ഥിതി ചെയ്യുന്നത്. നിരവധി ചെറിയ ദ്വീപുകള്‍ അടങ്ങിയ ഒരു ദ്വീപസമൂഹമാണ് ഇത്. വൈദ്യുതി, വെള്ളം, ഇൻ്റർനെറ്റ് കണക്ഷനുകൾ എല്ലാം തകരാറിലായി. പാരീസില്‍ നിന്ന് സൈനിക വിമാനം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രദേശത്തെ പാമാൻഡ്‌സി വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന്‌ ആക്ടിംഗ് ഫ്രഞ്ച് ഗതാഗത മന്ത്രി ഫ്രാങ്കോയിസ് ദുറോവ്രേ അറിയിച്ചു. കണ്‍ട്രോള്‍ ടവറിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. തകരാറുകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ സേവനമില്ലാത്തതിനാല്‍ ദ്വീപിലെ ആളുകളിലേക്ക് എത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ട് നേരിട്ടു.

Read Also : ‘അന്യഗ്രഹജീവി ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും; 2025-ൽ എന്തൊക്കെ സംഭവിക്കും; ബാബ വംഗയുടെ പ്രവചനങ്ങൾ

മയോട്ടിലെ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്നും, അടിയന്തര സേവനങ്ങൾ പൂർണ്ണമായി സജ്ജമാക്കിയതായും ആഭ്യന്തര മന്ത്രി റീട്ടെയ്‌ലോ പറഞ്ഞു. 110 സിവിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും അഗ്നിശമന സേനാംഗങ്ങളെയും ഇതിനകം അയച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരെ അയക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മയോട്ടില്‍ നേരത്തെ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. 1934ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നതെന്ന് റീട്ടെയ്‌ലോ പറഞ്ഞു. കാറ്റിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ തെക്കൻ മലാവിയിലും പിന്നീട് സിംബാബ്‌വെയിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നാണ് പ്രവചനം.

Latest News