5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp Hacking: ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; തട്ടിപ്പ് ഇങ്ങനെ

WhatsApp Hacking in Keraka : നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതെന്നാണ് റിപ്പോർട്ടുകൾ. പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പു സംഘം വാട്സപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ നമ്മൾ അയച്ചു കൊടുത്താൽ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും.

Whatsapp Hacking:  ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; തട്ടിപ്പ് ഇങ്ങനെ
sarika-kp
Sarika KP | Updated On: 26 Nov 2024 18:43 PM

വാട്സ്ആപ്പ് ഒക്കെ ഹാക്ക് ചെയ്യാൻ പറ്റുമോ എന്ന സംശയം നമ്മുക്ക് പലർക്കും ഉണ്ട്. എന്നാൽ പറ്റുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ തെളിയിക്കുന്നത്. പക്ഷേ നമ്മൾ ഉയർത്തുന്ന ചെറിയ പിഴവുകളാണ് ആ ഹാക്കിങ് യാഥാർത്ഥ്യമാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന ഡിജിറ്റൽ തട്ടിപ്പ് വ്യാപകമാകുന്നു. നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതെന്നാണ് റിപ്പോർട്ടുകൾ. പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പു സംഘം വാട്സപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ നമ്മൾ അയച്ചു കൊടുത്താൽ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഇത്തരത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേരുടെ വാട്സ്ആപ്പാണ് ഹാക്ക് ചെയ്തിട്ടുള്ളത് എന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണം വർധിച്ചതായി സൈബർ പോലീസ് പറയുന്നു. വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് ഇത്രയധികം തട്ടിപ്പുകൾ നടക്കുന്നത് ഇതാദ്യമായാണ് എന്നാണ് കാസർ​ഗോഡ് സൈബർ പോലീസിന്റെ വിശദീകരണം.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

ഒരു ആറക്ക ഒ..ടിപി നമ്പർ എസ്.എം.എസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പറുകളിൽ നിന്നുമാണ് തട്ടിപ്പ് മെസേജ് എത്തുന്നത്. നമ്മുക്ക് പരിചയമുള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് ഈ മെസേജ് തട്ടിപ്പുക്കാർ അയക്കുന്നത്. ഒ.ടി.പി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. ഇതോടെ നമ്മുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒ.ടി.പി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചാൽ ആ സന്ദേശവും തട്ടിപ്പ് സംഘത്തിന് ഡിലീറ്റാക്കാൻ കഴിയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നതോടെ സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.കഴിഞ്ഞില്ല, ഇതുവഴി സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഇങ്ങനെ ഭീഷണിയുടെ പണം തട്ടിയെടുക്കുകയാണിവർ.

Also Read-Whatsapp Update: ഇനി സ്റ്റാറ്റസിൽ ഗ്രൂപ്പുകളെയും മെൻഷൻ ചെയ്യാം…; അടുത്ത അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പിന്നിൽ ആര്

സംസ്ഥാനത്ത് വ്യാപകമായി പരാതി ഉയർന്നതോടെ ഇതിനു പിന്നിൽ ആരാണ് എന്ന് കണ്ടെത്താനുള്ള അന്വേഷണം വ്യാപകമായി നടക്കുകയാണ്. തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യന്‍ ഡിജിറ്റല്‍ മാഫിയയാണ് എന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ധനാഭ്യര്‍ഥനയോടൊപ്പം നല്‍കുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഭൂരിഭാഗവും ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇത്തരത്തിൽ‌ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തൊട്ടടുത്ത മിനിറ്റുകളില്‍ പിന്‍വലിക്കുന്നതായും സൈബര്‍ പോലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ദേശസാല്‍കൃത ബാങ്കുകളിലാണ് ഡിജിറ്റല്‍ മാഫിയ സംഘത്തിന്‍റെ അക്കൗണ്ടുകളിലേറെയും.

വിദഗ്ദരുടെ മുന്നറിയിപ്പ്

പരിചയമുള്ളവരിൽ നിന്ന് ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ അവഗണിക്കണമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. നിങ്ങളുടെ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയാ ഫോൺ നമ്പരിൽ നിന്നാകും കോൾ വരുന്നതായി കാണിക്കുക. എന്നാൽ ഒടിപി ആരുമായും പങ്കുവയ്ക്കരുതെന്നും പോലീസ് സൈബർ വിഭാഗം മുൻ മേധാവിയും നിലവിൽ വിജിലൻസ് എസ്പിയുമായ ബിജുമോൻ ഇഎസ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഹാക്കർമാരിൽ നിന്നും രക്ഷപ്പെടാൻ വാട്സ്ആപ് അക്കൗണ്ടുകളിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ (two-step verification) ആക്ടീവേറ്റാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആറക്ക വെരിഫിക്കേഷൻ കോഡ് ആര് ചോദിച്ചാലും നൽകാതിരിക്കുക. അതിപ്പോൾ എത്ര അടുപ്പമുള്ളവരായാലും. അതേസമയം ഇത്തരത്തിൽ ഹാക്ക് ചെയ്യുന്ന വാട്സ്ആപ്പ് 24 മണിക്കൂറിനകം വീണ്ടെടുത്ത് ഉപയോക്താക്കൾക്ക് നൽകാറുണ്ടെന്ന് കാസർ​ഗോഡ് സൈബർ പോലീസ് പറയുന്നു. എന്നാൽ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ടുകൾ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉപയോക്താക്കൾ. തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടും ചുരുക്കം അക്കൗണ്ടുകൾ മാത്രമാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത് എന്നും റിപ്പോർട്ട് ഉണ്ട്. പാസ്‌‌വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാൻ കഴിയാത്ത വിധമാണ് ഹാക്കർമാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുന്നത്. ഇത്തരത്തിൽ ഹാക്ക് ചെയ്യുന്നവർ വാട്സ്ആപ് ഉപയോക്തക്കളുടെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടീവേറ്റ് ചെയ്യുന്നതാണ് തിരിച്ചെടുക്കാൻ കഴിയാത്തതിന് പിന്നിൽ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് ലഭിക്കേണ്ട സുരക്ഷാ സന്ദേശങ്ങൾ, ഒടിപി എന്നിവ തട്ടിപ്പുകാരുടെ ഫോണിലേക്കോ ഇ മെയിൽ വിലാസത്തിലേക്കോ ലഭിക്കുന്ന തരത്തിലാണ് മാറ്റം വരുത്തുന്നത്.

Latest News