5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli : കിറ്റ് ബാഗ് എടുക്കാന്‍ സഹായിക്കണമെന്ന് യുവതാരങ്ങളോട് ഡല്‍ഹി മാനേജര്‍; തന്നെ കൊണ്ടുപൊയ്‌ക്കോളാമെന്ന് വിരാട് കോഹ്ലി; രഞ്ജി പരിശീലനത്തിനിടെ നടന്നത്‌

Virat Kohli Ranji Trophy : ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്യാപ്റ്റന്‍ സ്ഥാനം മുന്നോട്ട് വച്ചെങ്കിലും കോഹ്ലി അത് നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആയുഷ് ബദോനി ടീമിനെ നയിക്കട്ടെയെന്നായിരുന്നു കോഹ്ലിയുടെ മറുപടിയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അസോസിയേഷന്‍ അംഗം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു

Virat Kohli : കിറ്റ് ബാഗ് എടുക്കാന്‍ സഹായിക്കണമെന്ന് യുവതാരങ്ങളോട് ഡല്‍ഹി മാനേജര്‍; തന്നെ കൊണ്ടുപൊയ്‌ക്കോളാമെന്ന് വിരാട് കോഹ്ലി; രഞ്ജി പരിശീലനത്തിനിടെ നടന്നത്‌
Virat Kohli Image Credit source: PTI
jayadevan-am
Jayadevan AM | Published: 29 Jan 2025 22:51 PM

വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോഹ്ലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന മത്സരമെന്ന നിലയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഡല്‍ഹി-റെയില്‍വേസ് രഞ്ജി ട്രോഫി മത്സരം ശ്രദ്ധ നേടുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ മോശം ഫോമിലുള്ള കോഹ്ലിക്ക് ഫോം വീണ്ടെടുക്കാനുള്ള മികച്ച അവസരം കൂടിയാണ് രഞ്ജി ട്രോഫി. ഡല്‍ഹി ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം താരം മികച്ച പരിശീലനത്തിലാണ്. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. കോഹ്ലിക്ക് പഴയ കോഹ്ലി തന്നെയാണെന്നും, താരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഡല്‍ഹി ടീം മാനേജര്‍ മഹേഷ് ഭാട്ടി പറഞ്ഞു. അണ്ടര്‍ 17, 19 ടീമുകളില്‍ കോഹ്ലി കളിക്കുമ്പോള്‍ മഹേഷ് ഭാട്ടി കോഹ്ലിയെ പരിശീലിപ്പിച്ചിട്ടുണ്ട്.

പരിശീലനത്തിന്റെ ആദ്യ ദിനം താരം കിറ്റ് ബാഗ് ചുമന്നുകൊണ്ടുപോകുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് ഭാട്ടി പറഞ്ഞു. താരത്തെ സഹായിക്കാന്‍ താന്‍ യുവതാരങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ അത് നിരസിച്ച കോഹ്ലി, കിറ്റുകള്‍ സ്വയം നെറ്റ്‌സിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഭാട്ടി പറഞ്ഞു.

“അദ്ദേഹം ഇപ്പോഴും പഴയത് പോലെയാണ്. എല്ലാവര്‍ക്കും അദ്ദേഹം പഴയ വിരാടാണ്. പരിശീലന സെഷന്റെ ആദ്യ ദിവസം, അദ്ദേഹം ഡ്രസിംഗ് റൂമില്‍ പോയി സ്വയം കിറ്റ് ബാഗ് എടുക്കുകയായിരുന്നു. പരിശീലനത്തിന് ശേഷം അദ്ദേഹം കിറ്റ് ബാഗ് തിരികെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയും ചെയ്തു”-ഭാട്ടി പറഞ്ഞു. സഹായിക്കാമെന്ന് വിരാടിനോട് പറഞ്ഞതാണ്. എന്നാല്‍ എന്താണ് ഈ പറയുന്നതെന്നും, കിറ്റ് ബാഗ് തന്നെ കൊണ്ടുപൊക്കോളാമെന്നുമായിരുന്നു വിരാടിന്റെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : വിമര്‍ശകരുടെ ശ്രദ്ധയ്ക്ക്, സഞ്ജുവിന്റെ ബാറ്റിംഗില്‍ ഒരു കുഴപ്പവുമില്ല; പിന്തുണച്ച് കെവിന്‍ പീറ്റേഴ്‌സണ്‍ 

അതേസമയം, വിരാട് കോഹ്ലി പരിശീലനം നടത്തുന്നതിനിടെ അത് റിപ്പോര്‍ട്ട് ചെയ്യാനും, ദൃശ്യങ്ങള്‍ പകര്‍ത്താനും നിരവധി മാധ്യമപ്രവര്‍ത്തകരും ക്യാമറാമാന്‍മാരുമാണ് എത്തിയത്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ വീരേന്ദർ സെവാഗ് ഗേറ്റിന് പുറത്തെ തിരക്ക് കണ്ട്‌ ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ പ്രദീപ് റാണ ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ അദ്ദേഹം മേലുദ്യോഗസ്ഥനെ വിളിച്ച് സുരക്ഷ ശക്തിപ്പെടുത്തണമെന്നും, കൂടുതല്‍ സേനയെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്യാപ്റ്റന്‍ സ്ഥാനം മുന്നോട്ട് വച്ചെങ്കിലും കോഹ്ലി അത് നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആയുഷ് ബദോനി ടീമിനെ നയിക്കട്ടെയെന്നായിരുന്നു കോഹ്ലിയുടെ മറുപടിയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അസോസിയേഷന്‍ അംഗം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ സ്ഥാനം നിരസിച്ചിരുന്നു. 2012ലാണ് കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. രഞ്ജി ട്രോഫിക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം താരം ചേരും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി നടക്കും.