Sanju Samson : വിമര്‍ശകരുടെ ശ്രദ്ധയ്ക്ക്, സഞ്ജുവിന്റെ ബാറ്റിംഗില്‍ ഒരു കുഴപ്പവുമില്ല; പിന്തുണച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
Kevin Pietersen supports Sanju Samson : ആക്രമണാത്മകമായ രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും വിജയിക്കില്ലെന്നും, എന്നാല്‍ ഈ രീതിയില്‍ ബാറ്റ് ചെയ്ത് സഞ്ജു മികച്ച ട്രാക്ക് റെക്കോര്‍ഡ് നേടിയിട്ടുണ്ടെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ചിലപ്പോഴൊക്കെ കുടുങ്ങിപ്പോകുമെന്നും, അതാണ് ജീവിതമെന്നും പീറ്റേഴ്‌സണ്‍. ഷോര്‍ട്ട് ബോളിനെ നേരിടുന്ന രീതിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നില്ലെന്നും ഇംഗ്ലണ്ട് മുന്‍ താരം

ദക്ഷിണാഫ്രിക്കയ്ക്കും, ബംഗ്ലാദേശിനുമെതിരായ ടി20 പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണെയല്ല ഇംഗ്ലണ്ടിനെതിരായ ടൂര്‍ണമെന്റുകളില്‍ കാണാനാകുന്നത്. ഇംഗ്ലണ്ടിനെതിരെ താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും, ഷോര്‍ട്ട് ബോളുകളില്‍ പതറുന്ന സഞ്ജുവിനെയാണ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കണ്ടത്. മൂന്ന് തവണയും ജോഫ്ര ആര്‍ച്ചറിന് വിക്കറ്റ് സമ്മാനിച്ച് മടക്കം. ആദ്യ രണ്ട് മത്സരങ്ങളിലെ നിറം മങ്ങിയ പ്രകടനം മൂന്നാമത്തെ പോരാട്ടത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഞ്ജു മികച്ച രീതിയില്‍ പരിശീലനം നടത്തിയിരുന്നു. സിമന്റഡ് പിച്ചില്‍ പ്ലാസ്റ്റിക് ബോളുകളടക്കം ഉപയോഗിച്ചായിരുന്നു പരിശീലനം. എന്നിട്ടും രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ താരം അമ്പേ പരാജയമായി. ഇതോടെ സഞ്ജുവിനെതിരെ വിമര്‍ശനവും ശക്തമായി. ഷോര്‍ട്ട് ബോളിനെ നേരിടുന്നതില്‍ സഞ്ജു പരാജയമാണെന്നും, ബാറ്റിംഗ് ടെക്‌നിക്ക് പോരെന്നുമാണ് വിമര്‍ശനങ്ങളില്‍ ഏറെയും. എന്നാല്‍ വിമര്‍ശനങ്ങള്‍ ഒരു വശത്ത് ശക്തമാകുമ്പോഴും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. സഞ്ജുവിന്റെ ബാറ്റിംഗ് ടെക്‌നിക്കിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ് പീറ്റേഴ്‌സണ്‍.
ആക്രമണാത്മകമായ രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും വിജയിക്കില്ലെന്നും, എന്നാല്‍ ഈ രീതിയില്‍ ബാറ്റ് ചെയ്ത് സഞ്ജു മികച്ച ട്രാക്ക് റെക്കോര്‍ഡ് നേടിയിട്ടുണ്ടെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ചിലപ്പോഴൊക്കെ കുടുങ്ങിപ്പോകുമെന്നും, അതാണ് ജീവിതമെന്നും പീറ്റേഴ്‌സണ്‍ ഓര്‍മിപ്പിച്ചു. ടോപ് ഓര്‍ഡറില്‍ റിസ്‌ക് ഏറ്റെടുക്കേണ്ടി വരും. ചിലപ്പോള്‍ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും. എന്നാല്‍ സഞ്ജു പലപ്പോഴും നന്നായി ചെയ്തുവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിയില്‍ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. സഞ്ജുവിന് നേരത്തെ സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാത്തതില്‍ പീറ്റേഴ്‌സണ്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
Read Also : പ്ലാസ്റ്റിക് ബോൾ പ്രാക്ടീസും ഫലിച്ചില്ല! ആർച്ചറുടെ പേസിന് മുമ്പിൽ സഞ്ജു വീണ്ടും വീണു




“അദ്ദേഹം മാനസികമായി മികച്ച താരമാണെന്ന് ഞാന്‍ കരുതുന്നു. ഒരു ബാറ്റര്‍ എന്ന നിലയില്‍ സഞ്ജു സാംസണെ എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ ശരിക്കും ഇഷ്ടമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന് സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ അത്ഭുതമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് ടോപ് ഓര്‍ഡറില്‍ അവസരമുണ്ട്. പക്ഷേ, ഇതൊക്കെ സംഭവിക്കും. ടി20യില്‍ ഇത് വളരെ വേഗത്തില്‍ സംഭവിക്കും”-കെവിന്‍ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.
സഞ്ജു ഷോര്‍ട്ട് ബോളുകളില്‍ ഔട്ടാകുമ്പോഴും, അദ്ദേഹത്തിന്റെ ടെക്‌നിക്കില്‍ നിലവില്‍ ഒരു തെറ്റുമില്ലെന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നത്. രണ്ട് മാസത്തോളം ഈ രീതിയില്‍ പോയാല്‍ സഞ്ജുവിന്റെ ടെക്‌നിക്കിനെ താനും ചോദ്യം ചെയ്യും. പക്ഷേ സഞ്ജു ഒരു മികച്ച താരമാണ്. അദ്ദേഹം ഷോര്‍ട്ട് ബോളുകള്‍ നന്നായി കളിക്കുമെന്നും കരുതുന്നു. അതുകൊണ്ട് ഷോര്‍ട്ട് ബോളിനെ നേരിടുന്ന രീതിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നില്ലെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.