Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson KCA Controversy : സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയില്‍ കളിപ്പിക്കില്ലെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് തനിക്ക് അറിയാമായിരുന്നുവെന്ന് താരത്തിന്റെ പിതാവ്. മൂത്ത മകന്‍ സാലിയുടെ അവസരം ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും, അതുപോലെ സഞ്ജുവിന്റെ അവസരങ്ങളും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും പിതാവിന്റെ ആരോപണം. ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയില്‍ ഉള്‍പ്പെടുത്താത്തതെന്ന് കെസിഎ. ആരോപണങ്ങളില്‍ ദുരൂഹതയേറുന്നു. വിവാദം മുറുകുന്നു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് രംഗത്ത്. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയില്‍ കളിപ്പിക്കില്ലെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് തനിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചെന്നും, അവരുടെ പേരുകള്‍ പറയുന്നില്ലെന്നും സാംസണ്‍ പറഞ്ഞു. മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മൂത്ത മകന്‍ സാലിയുടെ അവസരം ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും, അതുപോലെ സഞ്ജുവിന്റെ അവസരങ്ങളും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെയാണ് താരത്തിന്റെ പിതാവ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
”കെസിഎയ്ക്ക് എന്തോ ഒരു വിഷമം പണ്ട് മുതലേ എന്റെ കുട്ടികളോട് ഉണ്ട്. ഞങ്ങള്‍ കെസിഎയ്‌ക്കെതിരെ ഒരിക്കലും പറഞ്ഞിട്ടില്ല. ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചു. അവരുടെ പേര് പറയുന്നില്ല. സഞ്ജുവിനെ വിജയ് ഹസാരെയില്‍ കളിപ്പിക്കില്ലെന്ന് ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. ചില കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. അത് എന്താണെന്ന് എനിക്ക് അറിയില്ല. അവനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. കെസിഎയിലെ ചില ആളുകള്‍ക്ക് എന്റെ കുഞ്ഞുങ്ങളോട് ബുദ്ധിമുട്ടുണ്ട്. സാംസണെ ഗ്രൗണ്ടില്‍ കയറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ എന്ത് അപരാധമാണ് ചെയ്തത്? എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ അത് ഒഴിവാക്കണം. ഞങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പറയുക. തിരുത്താന്‍ തയ്യാറാണ്. കെസിഎയുടെ മുമ്പില്‍ ഞാന്‍ ആരുമല്ല. ഞങ്ങള്‍ക്ക് കസേര വേണ്ട. കളിക്കാന്‍ അനുവദിക്കുക. അത്രേയുള്ളൂ”-സാംസണ്‍ വിശ്വനാഥ് പറഞ്ഞു.
ആരോപണങ്ങള്‍, ദുരൂഹത
കാരണം കാണിക്കാതെ വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാമ്പില്‍ നിന്ന് സഞ്ജു വിട്ടുനിന്നുവെന്നായിരുന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ പ്രതികരണം. ക്യാമ്പിന് താന്‍ ഉണ്ടാകില്ലെന്ന ഒറ്റ വരി മെയില്‍ മാത്രമാണ് സഞ്ജു അയച്ചതെന്നും അദ്ദേഹം ആരോപിച്ചു. ടീം പ്രഖ്യാപിച്ചപ്പോള്‍ താനുണ്ടാകുമെന്നും സഞ്ജു മെയില്‍ അയച്ചു. ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്ക് ഉള്‍പ്പെടുത്താത്തതെന്നും, രഞ്ജി ട്രോഫിക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെന്നും പറഞ്ഞ് സഞ്ജു ഇറങ്ങിപ്പോയെന്നും കെസിഎ വിശദീകരിച്ചിരുന്നു. താരത്തിന്റെ ഭാവിയെ ഓര്‍ത്താണ് അച്ചടക്കനടപടി ഒഴിവാക്കിയതെന്നാണ് കെസിഎയുടെ വിശദീകരണം.
സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്ന് ബിസിസിഐ സിഇഒ ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി നല്‍കി. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കാത്തതിനെക്കുറിച്ച് ദേശീയ ടീം സെലക്ടറും ചോദിച്ചിരുന്നു. കാരണം പറയാതെ ക്യാമ്പില്‍ നിന്ന് വിട്ടുനിന്നതാണ് കാരണമെന്നും കെസിഎ പ്രതികരിച്ചു.
എന്നാല്‍ ക്യാമ്പില്‍ പങ്കെടുക്കാത്ത താരങ്ങളും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചെന്ന സഞ്ജുവിന്റെ പിതാവിന്റെ ആരോപണവും, കെസിഎയുടെ വിശദീകരണവും പൊരുത്തപ്പെടുന്നതല്ല. സഞ്ജുവിന്റെ പിതാവിന്റെ ആരോപണങ്ങള്‍ ശരിയെങ്കില്‍ പല താരങ്ങള്‍ക്കും പല നീതിയാണോയെന്ന ചോദ്യവും സ്വഭാവികമായും ഉയരും. ആരു പറയുന്നതാണ് സത്യമെന്ന കാര്യത്തില്‍ വ്യക്തത ആവശ്യവുമാണ്. എന്തായാലും സഞ്ജുവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാകാനാണ് സാധ്യത.