Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്
ICC Champions Trophy 2025 Indian Team : ചാമ്പ്യന്‍സ് ട്രോഫിയിലെ ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സെലക്ഷന്‍ യോഗത്തില്‍ നടന്ന കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. സഞ്ജു വിക്കറ്റ് കീപ്പറാകണമെന്നും, ഹാര്‍ദ്ദിക് ഉപനായകനാകണമെന്നും ഗംഭീര്‍ വാദിച്ചു. പക്ഷേ, വിക്കറ്റ് കീപ്പറായി പന്തിനെയും, ഉപനായകനായി ഗില്ലിനെയും പരിഗണിക്കാനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. ടീമിന് വേണ്ടി സെഞ്ചുറികള്‍ നേടിയ സഞ്ജുവിനെ ഒഴിവാക്കിയത് കഠിനമാണെന്ന് മുന്‍ താരവും, കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഋഷഭ് പന്തും, കെ.എല്‍. രാഹുലുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പന്ത് പ്രധാന വിക്കറ്റ് കീപ്പറാകും. രാഹുല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാകും കളിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയതാണ് മറ്റൊരു ‘സര്‍പ്രൈസ്’ തീരുമാനം. മുഹമ്മദ് ഷമി ടീമിലെത്തിയപ്പോള്‍, മുഹമ്മദ് സിറാജ് പുറത്തായി. ടീം പ്രഖ്യാപനത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. അതേസമയം, സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നടന്ന കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.
ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം രണ്ട് മണിക്കൂറോളമാണ് വൈകിയത്. എന്നാല്‍ ഗംഭീറും, അഗാര്‍ക്കറും തമ്മില്‍ രണ്ട് കാര്യങ്ങളില്‍ തര്‍ക്കമുണ്ടായതാണ് കാലതാമസത്തിന് കാരണമായതെന്ന് ദൈനിക ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്തു.
സഞ്ജു സാംസണുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളായിരുന്നു ഇതില്‍ പ്രധാനം. സഞ്ജുവും ഏകദിന ടീമില്‍ വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഋഷഭ് പന്തിലാണ് സെലക്ടര്‍മാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അപകടത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് പന്ത് കളിച്ചത്. അതില്‍ കാര്യമായി തിളങ്ങാനുമായില്ല.
മറുവശത്ത് സഞ്ജുവാകട്ടെ ഏകദിനത്തില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്. അവസാനം കളിച്ച ഏകദിനത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനാകാത്തത് സഞ്ജുവിന് തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്.
ഹാര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനാകണമെന്നായിരുന്നു ഗംഭീറിന്റെ മറ്റൊരു ആവശ്യം. എന്നാല്‍ അഗാര്‍ക്കറിനും രോഹിതിനും ഇതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഗില്ലിനെ ഉപനായകനാക്കിയത്.
വളരെ കഠിനമെന്ന് സുനില്‍ ഗവാസ്‌കര്‍
ടീമിന് വേണ്ടി സെഞ്ചുറികള്‍ നേടിയ സഞ്ജുവിനെ ഒഴിവാക്കിയത് കഠിനമാണെന്ന് മുന്‍ താരവും, കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. സഞ്ജുവിനെ ഒഴിവാക്കിയതില്‍ ഒരു ഒഴികഴിവും പറയാനാകില്ല. പന്ത് ഗെയിം ചേഞ്ചറാണ്. ഇടംകൈയന്‍ ബാറ്ററുമാണ്. അദ്ദേഹം മികച്ച വിക്കറ്റ് കീപ്പറാകാം. എന്നാല്‍ സഞ്ജുവിനെക്കാള്‍ മികച്ച ബാറ്ററായിരിക്കില്ല. സഞ്ജുവിനെക്കാള്‍ അല്‍പം കൂടി കളിയുടെ ഗതി മാറ്റാന്‍ പന്തിന് കഴിയുമെന്നും, അതാകാം സഞ്ജു പുറത്തായതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജുവിനോട് എല്ലാവര്‍ക്കും സഹതാപം തോന്നുമെന്നും അദ്ദേഹം നിരാശപ്പെടേണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
1. One more fast bowler could have been added, especially given the existing injury concerns.
2.Shubman Gill is on the right path for leadership—he’s had a phenomenal year in ODI cricket.
3.Siraj missing out is likely due to workload management. His numbers are good.
4.If I were…— Irfan Pathan (@IrfanPathan) January 18, 2025
ഇര്‍ഫാന്‍ പഠാന്റെ പ്രതികരണം
സഞ്ജുവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ തീര്‍ച്ചയായും നിരാശനാകുമായിരുന്നുവെന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. പരിക്കിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഡര്‍ഷിപ്പ് റോളിലേക്കുള്ള ശരിയായ പാതയിലാണ് ശുഭ്മന്‍ ഗില്‍. വര്‍ക്ക്‌ലോഡ് മൂലമാകാം സിറാജിനെ പരിഗണിക്കാത്തത്. നിതീഷ് കുമാര്‍ റെഡ്ഡിയെ പരിഗണിക്കമായിരുന്നുവെന്നും പഠാന്‍ പറഞ്ഞു.