Ravichandran Ashwin Retirement : മത്സരത്തിന് മുമ്പ് ബൈക്കിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയി; വര്‍ഷങ്ങള്‍ക്ക് മുമ്പ് അശ്വിന് സംഭവിച്ചത്
Ravichandran Ashwin Childhood Story : വൈകുന്നേരമായപ്പോള്‍ മത്സരം ആരംഭിക്കാറായെന്നും തനിക്ക് പോകണമെന്നും അവരോട് അശ്വിന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. എതിര്‍ടീമിന്റെ ആവശ്യപ്രകാരമാണ് തട്ടിക്കൊണ്ടുപോയതെന്നും അവര്‍ അശ്വിനോട് വെളിപ്പെടുത്തി. അശ്വിന്‍ കളിക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. കളിക്കാന്‍ പോയാല്‍ വിരലുകള്‍ കാണില്ലെന്ന് അവര്‍ അന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്വിന്‍ വെളിപ്പെടുത്തി
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രവിചന്ദ്രന്‍ അശ്വിന്‍. ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഗാബ ടെസ്റ്റില്‍ അശ്വിന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നില്ല. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അശ്വിനുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിലൊന്നാണ് പണ്ട് താരം പങ്കുവച്ച ഒരു അനുഭവ കഥ.
കൗമാരപ്രായത്തില്‍ തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നാണ് ഏതാനും വര്‍ഷം മുമ്പ് താരം വെളിപ്പെടുത്തിയത്. ക്രിക്ക്ബസിന് നല്‍കി അഭിമുഖത്തിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. ഒരു ദിവസം ഒരു സംഘമെത്തി. അവര്‍ നാലോ അഞ്ചോ പേരുണ്ടായിരുന്നു. മസിലുകളുള്ളവരായിരുന്നു അവര്‍. നമുക്ക് പോകാമെന്ന് പറഞ്ഞ് അവര്‍ തന്നെ എടുത്തുവെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. അവര്‍ ഒരു പിക്കപ്പ് ഏര്‍പ്പാട് ചെയ്തതുപോലെയാണ് തോന്നിയതെന്നും, അത് മികച്ചതായി തോന്നിയെന്നും അശ്വിന്‍ പറഞ്ഞു.
എന്നാല്‍ സാന്‍ഡ്‌വിച്ച് പോലെയാണ് താന്‍ അവര്‍ക്കിടയില്‍ ഇരുന്നതെന്നും അശ്വിന്‍ പറഞ്ഞു. അന്ന് തനിക്ക് പതിനാലോ പതിനഞ്ചോ ആയിരുന്നു പ്രായമെന്നും അശ്വിന്‍ പറഞ്ഞു. ഒരു ചായക്കടയിലേക്കാണ് അവര്‍ അശ്വിനെ കൊണ്ടുപോയത്. അവര്‍ വടകള്‍ ഓര്‍ഡര്‍ ചെയ്തു. പേടിക്കേണ്ടെന്നും, താങ്കളെ സഹായിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ടെന്നുമായിരുന്നു അവര്‍ അശ്വിനോട് പറഞ്ഞത്.
വൈകുന്നേരമായപ്പോള്‍ മത്സരം ആരംഭിക്കാറായെന്നും തനിക്ക് പോകണമെന്നും അവരോട് അശ്വിന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. എതിര്‍ടീമിന്റെ ആവശ്യപ്രകാരമാണ് തട്ടിക്കൊണ്ടുപോയതെന്നും അവര്‍ അശ്വിനോട് വെളിപ്പെടുത്തി. അശ്വിന്‍ കളിക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. കളിക്കാന്‍ പോയാല്‍ വിരലുകള്‍ കാണില്ലെന്ന് അവര്‍ അന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്വിന്‍ വെളിപ്പെടുത്തി.
കുറേനേരം അവരെ നോക്കിയിരുന്നു. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടു. അച്ഛന്‍ ഓഫീസില്‍ നിന്ന് മടങ്ങിവരാറായെന്നും, വീട്ടിലേക്ക് പോകണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളിക്കില്ലെന്ന് വാഗ്ദാനം കൊടുത്തതിന് ശേഷം, ആ സംഘം തന്നെ വീട്ടിലെത്തിച്ചുവെന്നും അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു.
മീഡിയം പേസര്‍
കുട്ടിക്കാലത്ത് മീഡിയം പേസറായാണ് അശ്വിന്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. ഒരു ദിവസം മീഡിയം പേസില്‍ പന്തെറിഞ്ഞപ്പോള്‍ അശ്വിന്‍ ക്ഷീണിച്ചു. തുടര്‍ന്ന് സ്പിന്‍ എറിയട്ടെയെന്ന് പരിശീലകന്‍ സി.കെ. വിജയകുമാറിനോട് ചോദിച്ചു. തുടര്‍ന്ന് പരിശീലകന്റെ അനുവാദത്തോടെയാണ് അശ്വിന്‍ സ്പിന്‍ എറിഞ്ഞ് തുടങ്ങിയത്. പിന്നീട് അശ്വിനെ മീഡിയം പേസില്‍ പന്തെറിയാന്‍ പരിശീലകന്‍ അനുവദിച്ചില്ല. സ്പിന്നറായി തുടരാനായിരുന്നു പരിശീലകന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് പരിശീലകന്‍ അശ്വിന്റെ പിതാവുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അശ്വിന്‍ സ്പിന്നറായി പരിവര്‍ത്തനം ചെയ്തത്. ഇന്ന് കാണുന്ന അശ്വിനിലേക്കുള്ള വളര്‍ച്ചയും അവിടെ നിന്നായിരുന്നു.