5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

R Ashwin Retirement : ക്യാമറ കണ്ണുകള്‍ ഉടക്കിയ കാഴ്ച; പിന്നാലെ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം; കളമൊഴിയുന്നത് ക്രിക്കറ്റിലെ ചാണക്യന്‍

Ravinchandran Ashwin Performances : ക്രിക്കറ്റിന് ഒപ്പം അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയാണ് താരം. വിലയിരുത്തലുകള്‍, അഭിമുഖകള്‍ തുടങ്ങിയവയുമായി അദ്ദേഹം ഇതിനകം തന്നെ യൂട്യൂബില്‍ സജീവമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒരു പെര്‍ഫെക്ട് യൂട്യൂബറായി അശ്വിന്‍ മാറിയേക്കാം

R Ashwin Retirement : ക്യാമറ കണ്ണുകള്‍ ഉടക്കിയ കാഴ്ച; പിന്നാലെ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം; കളമൊഴിയുന്നത് ക്രിക്കറ്റിലെ ചാണക്യന്‍
ആര്‍ അശ്വിന്‍ (image credits : PTI)
jayadevan-am
Jayadevan AM | Published: 18 Dec 2024 15:20 PM

ഗാബ ടെസ്റ്റില്‍ പ്രതികൂല കാലാവസ്ഥ മൂലം കളി മുടങ്ങിയ സമയം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സുനില്‍ ഗവാസ്‌കറും, മാത്യു ഹെയ്ഡനും മത്സരത്തെക്കുറിച്ച് വിലയിരുത്തുന്നു. ജസ്പ്രീത് ബുംറയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. അതിനിടയിലാണ് ഡ്രസിങ് റൂമിലെ ഒരു കാഴ്ചയിലേക്ക് ക്യാമറ കണ്ണുകള്‍ ഉടക്കുന്നത്. വിരാട് കോഹ്ലിയും, ആര്‍ അശ്വിനും എന്തൊക്കെയോ സംസാരിക്കുന്നു. പിന്നാലെ പരസ്പരം ആലിംഗനം ചെയ്യുന്നു. കാര്യമായ സംസാരമെന്ന് വ്യക്തം.

ഇരുവരും പറയുന്നത് എന്തായിരിക്കുമെന്ന് ഹെയ്ഡന്റെയും ഗവാസ്‌കറുടെയും സംശയം. കോഹ്ലിയുടെയും അശ്വിന്റെയും സംഭാഷണത്തെക്കുറിച്ച് ഹെയ്ഡനും ഗവാസ്‌കറും അവരുടേതായ നിരീക്ഷണങ്ങള്‍ പങ്കുവച്ചു. എന്നാല്‍ ആ പ്രവചനങ്ങളെല്ലാം തെറ്റി. മത്സരം സമനിലയിലായതിന് പിന്നാലെ അപ്രതീക്ഷിതമായി അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യയുടെ സ്പിന്‍ കരുത്തായ അശ്വിന്‍ കളമൊഴിയുന്നതില്‍ ആരാധകരും നിരാശരായി. എങ്കിലും തീരുമാനം ഉചിതമായ സമയത്താണെന്നായിരുന്നു പല അഭിപ്രായങ്ങളും.

ഓര്‍മിക്കാന്‍ എണ്ണം പറഞ്ഞ പ്രകടനങ്ങള്‍ സമ്മാനിച്ചാണ് അശ്വിന്‍ ക്രിക്കറ്റ് മൈതാനത്തോട് വിട പറയുന്നത്. അശ്വിന്റെ പ്രകടനമികവില്‍ ഇന്ത്യ വിജയിച്ച എത്രയെത്ര മത്സരങ്ങള്‍. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെയും, 2022ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലെയും അവസാന ഓവറുകള്‍ മറക്കുന്നത് എങ്ങനെ

ആകാംക്ഷ, ആവേശം

2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ട്. മത്സരം അവസാന ഓവറിന്റെ ആവേശത്തിലേക്ക്. ആറു പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 15 റണ്‍സ് മാത്രം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട്. രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡ് ബാറ്റ് ചെയ്യുന്നു. ഒരു പന്തില്‍ ഒരു റണ്‍സുമായി ജെയിംസ് ട്രെഡ്വെല്‍ മറുവശത്ത്.

ഇംഗ്ലണ്ടിന്റെ വാലറ്റമാണ് ബാറ്റ് ചെയ്യുന്നതെങ്കിലും എന്തും സംഭവിക്കാമെന്ന പ്രതീതി. അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി നിയോഗിച്ചത് അശ്വിനെയും. അശ്വിന് ഒന്നു പിഴച്ചാല്‍ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് ചാമ്പ്യന്‍സ് ട്രോഫി കിരീടം. ആകാംക്ഷയും ആവേശവും നിറഞ്ഞ നിമിഷം.

അശ്വിന്റെ ആദ്യ പന്ത്. ബ്രോഡ് ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നു സംഭവിച്ചില്ല. പന്ത് ബാറ്റില്‍ തൊട്ടത് പോലുമില്ല. ഭദ്രമായി നേരെ ധോണിയുടെ കൈകളിലേക്ക്. രണ്ടാം പന്തില്‍ ബ്രോഡിന്റെ വക ഒരു കിടിലന്‍ ബൗണ്ടറി. വിജയലക്ഷ്യം ഇനി നാല് പന്തില്‍ 11 റണ്‍സ് മാത്രം. അടുത്ത പന്തില്‍ ഒരു റണ്‍സ്. സ്‌ട്രൈക്കില്‍ ട്രെഡ്വെല്‍ എത്തുന്നു. ആഞ്ഞടിക്കാന്‍ ട്രെഡ്വെലിന്റെ ശ്രമം.

റണ്ണൗട്ടാക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ ശ്രമത്തെ അതിജീവിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തിലും ഇംഗ്ലണ്ടിന് രണ്ട് റണ്‍സ്. മത്സരം അവസാന പന്തിലേക്ക്. ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടത് ആറു റണ്‍സ് മാത്രം. ആരാധകര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. എല്ലാ കണ്ണുകളും അശ്വിന്‍ എറിയുന്ന പന്തിലേക്ക്. ട്രെഡ്വെലിന് പന്തിന്റെ ദിശ തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തില്‍ അതിവിദഗ്ധമായി അശ്വിന്‍ പന്തെറിഞ്ഞു. ഇന്ത്യന്‍ താരങ്ങളും ആരാധകരും ആനന്ദ കൊടുമുടിയേറി. ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ചൂടി.

പാക് തന്ത്രം പാളി

2022ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം. വിരാട് കോഹ്ലിയുടെ ഹീറോയിസത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയ ത്രില്ലര്‍ പോരാട്ടം. ഇന്ത്യന്‍ വിജയത്തിന്റെ 99 ശതമാനം ക്രെഡിറ്റും കോഹ്ലി അര്‍ഹിച്ച മത്സരം. എന്നാല്‍ അശ്വിന്റെ കൂര്‍മ്മബുദ്ധിയും മത്സരത്തില്‍ ഇന്ത്യയ്ക്ക് അനുഗ്രഹമായിരുന്നു.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. ഹാര്‍ദ്ദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും ക്രീസില്‍. മുഹമ്മദ് നവാസ് എറിഞ്ഞ ആദ്യ പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പാണ്ഡ്യയ്ക്ക് പിഴച്ചു. ബാബര്‍ അസം ക്യാച്ചെടുത്ത് പാണ്ഡ്യ പുറത്ത്. ദിനേശ് കാര്‍ത്തിക്കാണ് അടുത്തതായി ബാറ്റിങിന് എത്തിയത്. നേരിട്ട ആദ്യ പന്തില്‍ സിംഗിളെടുത്ത് കാര്‍ത്തിക് സ്‌ട്രൈക്ക് കോഹ്ലിക്ക് കൈമാറി. ഷോട്ടിന് ശ്രമിച്ചെങ്കിലും രണ്ട് റണ്‍സ് ഓടിയെടുക്കാനെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചുള്ളൂ. നവാസ് എറിഞ്ഞ അടുത്ത പന്ത് ഫുള്‍ ടോസ്. കിട്ടിയ അവസരം മുതലാക്കി കോഹ്ലി അത് സിക്‌സറിന് പറത്തി. അത് നോ ബോളായിരുന്നു എന്നതും ഇന്ത്യയ്ക്ക് അനുഗ്രഹമായി. അടുത്ത പന്ത് വൈഡ്. തുടര്‍ന്ന് കോഹ്ലി ഷോട്ടിന് ശ്രമിച്ചെങ്കിലും അത് പിഴച്ചു.

എങ്കിലും ഇന്ത്യന്‍ താരങ്ങള്‍ മൂന്ന് റണ്‍സ് ഓടിയെടുത്തു. തുടര്‍ന്ന് സ്‌ട്രൈക്കിലെത്തിയ കാര്‍ത്തിക്കിന് നവാസിന്റെ തന്ത്രത്തില്‍ പിഴച്ചു. കാര്‍ത്തിക്ക് ഷോട്ടിന് ശ്രമിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ നവാസ് വൈഡ് ഡെലിവറിക്ക് ശ്രമിച്ചു. നവാസ് പ്രതീക്ഷിച്ചതുപോലെ തന്നെ കാര്‍ത്തിക് ഷോട്ടിന് ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ സ്റ്റമ്പ് ഔട്ട് ചെയ്തതോടെ കാര്‍ത്തിക് പുറത്ത്.

തുടര്‍ന്നാണ് ക്രീസിലേക്ക് അശ്വിന്റെ രംഗപ്രവേശം. കാര്‍ത്തിക്കിനെ വീഴ്ത്തിയതുപോലെ അശ്വിനെയും പുറത്താക്കാമെന്നായിരുന്നു നവാസിന്റെ ചിന്ത. എന്നാല്‍ നവാസ് മനസില്‍ കണ്ടത് അശ്വിന്‍ മാനത്ത് കണ്ടു. കാര്‍ത്തിക്കിനെ പുറത്താക്കിയതിന് സമാനമായ വൈഡ് ഡെലിവറി നവാസ് ആവര്‍ത്തിച്ചെങ്കിലും അശ്വിന്‍ വളരെ ശാന്തമായി അത് ലീവ് ചെയ്തു. സ്വയം കുഴിച്ച കുഴിയില്‍ നവാസ് വീണ നിമിഷം. ഫലമോ ഇന്ത്യയുടെ വിജയലക്ഷ്യം ഒരു പന്തില്‍ ഒരു റണ്‍സ് മാത്രമായി ചുരുങ്ങി. അവസാന പന്തില്‍ അശ്വിന്‍ അനായാസം വിജയലക്ഷ്യം മറികടന്നതോടെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

Read Also : താങ്ക്യൂ അശ്വിൻ! ​ഗാബയിൽ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ

ക്രിക്കറ്റിലെ ചാണക്യന്‍

ഇന്റലിജന്‍ന്റ് ക്രിക്കറ്ററായാണ് അശ്വിന്‍ അറിയപ്പെടുന്നത്. ക്രിക്കറ്റ് നിയമങ്ങള്‍ അരച്ചുകലക്കി കുടിച്ച ക്രിക്കറ്ററെന്നും പറയാം. പഴുതുകള്‍ അശ്വിന്‍ കണ്ടെത്തുമെന്നും, അത് വിനിയോഗിക്കുമെന്നും ഉറപ്പ്. മങ്കാദിങ് ഉള്‍പ്പെടെയുള്ള കേട്ടുകേഴ്‌വിയില്ലാത്ത ക്രിക്കറ്റ് നിയമങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചതമാക്കിയത് അശ്വിനായിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നെടുംതൂണായിരുന്നു.

പ്രതീക്ഷിച്ചതുപോലെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും, റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടി. അശ്വിന്റെ ബാറ്റിംഗ് പാടവം നന്നായി അറിയാവുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അദ്ദേഹത്തെ ടോപ് ഓര്‍ഡറില്‍ പോലും പരീക്ഷിച്ചിരുന്നു. ഇത്തവണ താരലേലത്തില്‍ റോയല്‍സ് നിലനിര്‍ത്തിയില്ല. തന്നെ പരുവപ്പെടുത്തിയെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് താരത്തിന്റെ മടക്കം.

എവിടെ തുടങ്ങിയോ അവിടെ തന്നെ അവസാനിപ്പിക്കാനാകും അശ്വിന്റെയും തീരുമാനം. തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്താനുള്ള സൗഭാഗ്യം വിധി അദ്ദേഹത്തിന് സമ്മാനിച്ചുവെന്നും പറയാം. ക്രിക്കറ്റിന് ഒപ്പം അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയാണ് താരം. വിലയിരുത്തലുകള്‍, അഭിമുഖകള്‍ തുടങ്ങിയവയുമായി അദ്ദേഹം ഇതിനകം തന്നെ യൂട്യൂബില്‍ സജീവമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒരു പെര്‍ഫെക്ട് യൂട്യൂബറായി അശ്വിന്‍ മാറിയേക്കാം.