Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Neeraj Chopra gets married : ചടങ്ങുകള്‍ കഴിയുന്നത് വരെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പോലും വിവരം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. വിവാഹചിത്രങ്ങള്‍ നീരജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോഴാണ് പലരും ഇക്കാര്യങ്ങള്‍ അറിയുന്നത്. നേരത്തെ പല തവണ നീരജിന്റെ വിവാഹത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെക്കുറിച്ച് താരം ഒന്നും പ്രതികരിച്ചിരുന്നില്ല
ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നീരജ് തന്റെ വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്നും, സ്‌നേഹത്താല്‍ ബന്ധിതമായെന്നും താരം കുറിച്ചു. ഹിമാനി മോറാണ് നീരജിന്റെ വധു. ഹരിയാനയിലെ ലാര്‍സൗലി സ്വദേശിനിയാണ് ഹിമാനി. യുഎസിലാണ് ഹിമാനി ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. ആംഹെസ്റ്റ് കോളേജില്‍ ഗ്വാജ്വേറ്റ് അസിസ്റ്റായ ഇവര്‍ അവിടെ വനിതാ ടെന്നീസ് ടീമിനെ നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ വിവാഹവാര്‍ത്ത ആഘോഷമാക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നീരജിനും ഹിമാനിക്കും വിവാഹ ആശംസകള്‍ നേരുന്നത്.
ചടങ്ങുകള്‍ കഴിയുന്നത് വരെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പോലും വിവരം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. വിവാഹചിത്രങ്ങള്‍ നീരജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോഴാണ് പലരും ഇക്കാര്യങ്ങള്‍ അറിയുന്നത്. നേരത്തെ പല തവണ നീരജിന്റെ വിവാഹത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെക്കുറിച്ച് താരം ഒന്നും പ്രതികരിച്ചിരുന്നില്ല.
വിവാഹവാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടപ്പോഴും താരം ഒന്നും വെളിപ്പെടുത്തിയില്ല. ഒടുവില്‍ ‘സര്‍പ്രൈസാ’യി വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് താരം. മൂന്ന് വിവാഹചിത്രങ്ങളാണ് താരം പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്.
ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യം
അതേസമയം, ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് താരം. 100 ശതമാനം കായികക്ഷമതയോടെ 2025ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.
ഒളിമ്പിക്‌സും മനസിലുണ്ടെങ്കിലും അതിന് നാല് വര്‍ഷം അവശേഷിക്കുന്നുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യമെന്ന് താരം വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബര്‍ 13 മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. നേരത്തെ പരിക്കിന്റെ പിടിയിലായത് കഴിഞ്ഞ ഒളിമ്പിക്‌സിലടക്കം താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് ആശങ്കകള്‍ തള്ളിക്കളഞ്ഞ താരം തന്റെ സാങ്കേതികത മെച്ചപ്പെടുത്താനാണ് ശ്രമമെന്നും വ്യക്തമാക്കി.
Read Also : ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി; നേരിട്ടെത്തി ആശംസ നേര്‍ന്ന് താരം
മെയില്‍ നടക്കുന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ ജാവലിൻ ത്രോ ഇവന്റിലും നീരജ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മത്സരത്തിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യയിലായിരിക്കും മത്സരമെന്നാണ് സൂചന. ഇന്ത്യയിൽ ഒരു ലോകോത്തര ജാവലിൻ മത്സരം സംഘടിപ്പിക്കുകയും കൊണ്ടുവരികയും ചെയ്യുക എന്നത് തന്റെ ദീര്‍ഘകാല സ്വപ്‌നമാണെന്ന് നീരജ് പറഞ്ഞിരുന്നു. താരങ്ങള്‍ക്കും ആരാധകര്‍ക്കും ഇന്ത്യയില്‍ മികച്ച അനുഭവമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാവലിൻ ഇതിഹാസം ജാൻ സെലെസ്‌നിയാണ് ചോപ്രയുടെ പുതിയ പരിശീലകന്‍. ഏതാനും മാസം മുമ്പാണ് സെലെസ്‌നി നീരജ് ചോപ്രയുടെ പരിശീലകനായി ചുമതലയേറ്റത്. മൂന്ന് തവണ ഒളിമ്പിക്, ലോക ചാമ്പ്യനായ സെലെസ്നി, നിലവിലെ ലോക റെക്കോർഡിന് ഉടമയും കൂടിയാണ്. സെലെസ്നിയുടെ ശമ്പളം യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം വഴി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 1992, 1996, 2000 ഒളിമ്പിക് ഗെയിംസുകളിൽ സ്വർണ്ണ മെഡൽ ജേതാവാണ് ഇദ്ദേഹം.