5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ODI Cricket : പ്രതാപം മങ്ങിയ 50 ഓവര്‍ ഫോര്‍മാറ്റ്; ഷെഡ്യൂളുകളില്‍ കൂടുതലും ടെസ്റ്റും, ടി20യും; ഏകദിനം ശരശയ്യയില്‍ ?

Why is one day cricket losing importance? : ഒരു കാലത്ത് രാജ്യാന്തര ക്രിക്കറ്റിന്റെ സാമ്പത്തിക ചാലകശക്തിയായിരുന്നു ഏകദിനം. ഏകദിന ക്രിക്കറ്റിന്റെ പ്രതാപം നഷ്ടപ്പെടുകയാണോയെന്നാണ് ആശങ്ക. ഏകദിന ക്രിക്കറ്റിന്റെ ഓര്‍മകള്‍ ആരാധകര്‍ക്ക് എന്നും നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. അത്തരമൊരു ഫോര്‍മാറ്റ് ഇല്ലാതാകുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ചിന്തിക്കാനുമാകില്ല. ടീമുകളുടെ ഷെഡ്യൂളുകളില്‍ കൂടുതലും ടെസ്റ്റും ടി20യുമുണ്ട്. ഏകദിനം ഒട്ടുമില്ലെന്ന് പറയാനാകില്ല. പക്ഷേ, കാണപ്പെടുന്നത് വളരെ വിരളമായി മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ? നമുക്ക് നോക്കാം

ODI Cricket : പ്രതാപം മങ്ങിയ 50 ഓവര്‍ ഫോര്‍മാറ്റ്; ഷെഡ്യൂളുകളില്‍ കൂടുതലും ടെസ്റ്റും, ടി20യും; ഏകദിനം ശരശയ്യയില്‍ ?
Odi CricketImage Credit source: PTI
jayadevan-am
Jayadevan AM | Published: 05 Jan 2025 11:02 AM

ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍ ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. എന്നാല്‍ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിനായി പോലും പല ടീമുകളും അധികം ഏകദിന ക്രിക്കറ്റുകള്‍ കളിക്കുന്നില്ലെന്നതാണ് വാസ്തവം. കുറേ നാളുകളായി ശരശയ്യയിലാണ് ഏകദിന ക്രിക്കറ്റ്. 50 ഓവര്‍ ക്രിക്കറ്റ് കാണുന്നതും പോലും വിരളമായി മാത്രം. എന്നാല്‍ മറുവശത്ത് ടെസ്റ്റും, ടി20യുമെല്ലാം ആവോളം കളിക്കുന്നുമുണ്ട്. ടീമുകളുടെ ക്രിക്കറ്റ് ഷെഡ്യൂളുകള്‍ കാണുമ്പോള്‍ ഏകദിന ഫോര്‍മാറ്റ് അസ്തമയത്തിലേക്ക് നീങ്ങുകയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യന്‍ ടീം ഉള്‍പ്പെടെ 50 ഓവര്‍ ക്രിക്കറ്റിന് മതിയായ പ്രധാന്യം നല്‍കുന്നില്ലെന്നതാണ് വാസ്തവം.

ഇന്ത്യന്‍ ടീമിനും വേണ്ട ?

2023 നവംബര്‍ 19നായിരുന്നു ഏകദിന ലോകകപ്പിന്റെ ഫൈനല്‍ നടന്നത്. അതിനു ശേഷം ഇതുവരെ ഇന്ത്യ വിവിധ ഫോര്‍മാറ്റുകളിലായി അറുപതോളം മത്സരങ്ങള്‍ കളിച്ചു. അതില്‍ വെറും ആറെണ്ണം മാത്രമായിരുന്നു ഏകദിന ഫോര്‍മാറ്റിലുള്ളത്. ഈ കാലയളവില്‍ മുപ്പതിലേറെ ടി20യും, 20ന് അടുത്ത് ടെസ്റ്റ് മത്സരങ്ങളും കളിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് ഇനി നടക്കാനുള്ളത്.

കരുത്ത് വീണ്ടെടുത്ത ടെസ്റ്റ് ഫോര്‍മാറ്റ്

ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ ‘വംശനാശ’ ഭീഷണിയായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റാണെന്നതും, കുട്ടിക്ക്രിക്കറ്റിന്റെ അക്രമോത്സുകത ഇല്ലെന്നതും ടെസ്റ്റ് ക്രിക്കറ്റിനെ കാണികളില്‍ നിന്ന് അകറ്റുമെന്നായിരുന്നു നിരീക്ഷണം. അത് ഏറെക്കുറെ ശരി വയ്ക്കുന്ന തരത്തിലായിരുന്നു ഒരു സമയത്ത് ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ടുപോയിരുന്നത്. ഗാലറികളില്‍ നിന്ന് കാണികള്‍ കുറഞ്ഞ സമയം. ടെസ്റ്റിനോട് വിമുഖത കാണിച്ച താരങ്ങള്‍ പോലുമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രീതി കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ താരങ്ങള്‍ വരെ രംഗത്തെത്തിയിട്ടുണ്ട്. ഐസിസിക്കൊപ്പം, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ ടെസ്റ്റ് ഫോര്‍മാറ്റ് സംരക്ഷിക്കാന്‍ ഇടപെടണമെന്നായിരുന്നു ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ പറഞ്ഞത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരമം പ്രവചിച്ചവരുടെ നിരീക്ഷണങ്ങള്‍ തെറ്റിയെന്ന് പിന്നീട് തെളിഞ്ഞു. ഗാലറികളില്‍ ആളും ആരവവും മടങ്ങിയെത്തി. ടീമുകള്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവിര്‍ഭാവം ഇതിന് ഒരു കാരണമാണ്.

Read Also : എല്ലാം പെട്ടെന്നായിരുന്നു ! സിഡ്‌നി ടെസ്റ്റ് വിധിയെഴുതി; ബിജിടി ട്രോഫി കൈവിട്ട് ഇന്ത്യ, ഒപ്പം ഡബ്ല്യുടിസി യോഗ്യതയും

പക്ഷേ, ഏകദിനം

കരുത്ത് വീണ്ടെടുത്ത ടെസ്റ്റ് ക്രിക്കറ്റിനും, ജനപ്രീതി വര്‍ധിപ്പിക്കുന്ന കുട്ടിക്ക്രിക്കറ്റിനും ഇടയില്‍ ഞെരിഞ്ഞമരുന്നത് ഏകദിനമാണ്. തിരക്കേറ്റിയ ഷെഡ്യൂളുകള്‍ക്കിടയില്‍ ടീമുകള്‍ക്ക് ഏകദിന ഫോര്‍മാറ്റിന് സമയം കിട്ടുന്നില്ലെന്നതാണ് ഒരു പ്രശ്‌നം. ഒരു കാലത്ത് രാജ്യാന്തര ക്രിക്കറ്റിന്റെ സാമ്പത്തിക ചാലകശക്തിയായിരുന്നു ഏകദിനം. ഏകദിന ക്രിക്കറ്റിന്റെ പ്രാധാന്യം ‘ലോകകപ്പ് വര്‍ഷ’ത്തില്‍ മാത്രമായി മാറിയെന്നായിരുന്നു ഓസീസ് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ ഒരു കോളത്തില്‍ എഴുതിയത്.

ഏകദിനം പ്രവചനാതീതമായി മാറിയെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പ്രതികരണം. 15-ാം ഓവര്‍ മുതല്‍ 40-ാം ഓവര്‍ വരെ ഇതിന്റെ മൊമന്റം നഷ്ടപ്പെടുന്നുവെന്നും, ബോറാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ഏകദിന ഫോര്‍മാറ്റ് 50 ഓവറില്‍ നിന്ന് 40 ഓവറായി ചുരുക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഓസീസ് മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചടക്കം ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഐസിസിയുടെ മുമ്പിലും ഈ നിര്‍ദ്ദേശമെത്തി. എന്നാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുന്നതിനോട് ഐസിസി വിയോജിച്ചു.

കരുത്ത് ആര്‍ജ്ജിക്കട്ടെ

ഏകദിന ക്രിക്കറ്റിന്റെ ഓര്‍മകള്‍ ആരാധകര്‍ക്ക് എന്നും നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. അത്തരമൊരു ഫോര്‍മാറ്റ് ഇല്ലാതാകുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ചിന്തിക്കാനുമാകില്ല. ടെസ്റ്റ് ക്രിക്കറ്റ് കരുത്ത് വീണ്ടെടുത്തതുപോലെ ഏകദിനവും ശക്തിയാര്‍ജ്ജിക്കട്ടെ. 2024നെ അപേക്ഷിച്ച് 2025ല്‍ ഇന്ത്യ കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നാണ് വിവരം. ഇത് ഒരു ശുഭസൂചനയാകട്ടെ.