India vs Australia : എല്ലാം പെട്ടെന്നായിരുന്നു ! സിഡ്‌നി ടെസ്റ്റ് വിധിയെഴുതി; ബിജിടി ട്രോഫി കൈവിട്ട് ഇന്ത്യ, ഒപ്പം ഡബ്ല്യുടിസി യോഗ്യതയും
India lost the Sydney Test : പെട്ടെന്ന് തന്നെ മത്സരം തീര്‍ക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു ഓസീസെന്ന് വ്യക്തം. എല്ലാ താരങ്ങളും ബാറ്റ് വീശിയത് ഏകദിന ശൈലിയില്‍. നയം വ്യക്തമാക്കിയായിരുന്നു സാം കോണ്‍സ്റ്റസിന്റെയും ഉസ്മാന്‍ ഖവാജയുടെയും ഓപ്പണിങ്. ഇരുവരും നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബാറ്റ് വീശിയത്
‘വിത്തൗട്ട് മാത്തമാറ്റിസ് ഭൂമി വെറുമൊരു വട്ടപ്പൂജ്യം’-സ്ഫടികം സിനിമയില്‍ ചാക്കോ മാഷ് പറയുന്ന ഈ ഡയലോഗ് മലയാളി കേട്ടു തഴമ്പിച്ചതാണ്. ഇന്ത്യന്‍ ക്രിക്കറ്റിനും ഇപ്പോള്‍ സമാനമായ അവസ്ഥയാണ്. മാത്തമാറ്റിക്‌സിന് പകരം ബുമ്രയെന്നും, ഭൂമിക്ക് പകരം ഇന്ത്യന്‍ ടീമെന്നും ചേര്‍ത്താല്‍ മാത്രം മതി. എക്‌സില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായ ഹാഷ്ടാഗില്‍ പറയുന്നതുപോലെ ‘വിത്തൗട്ട് ബുമ്ര’ ഇന്ത്യന്‍ ടീം ഈസ് നത്തിംഗ്. ഇതാണ് സാഹചര്യം. സിഡ്‌നി ടെസ്റ്റില്‍ എല്ലാം പെട്ടെന്നായിരുന്നു. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് അനായാസം അത് മറികടന്നു. പരിക്ക് മൂലം ബുമ്രയ്ക്ക് ബൗളിംഗ് ചെയ്യാന്‍ സാധിക്കാത്തത് തിരിച്ചടിയായി. സ്‌കോര്‍: ഇന്ത്യ-185, 157; ഓസ്‌ട്രേലിയ-181, നാല് വിക്കറ്റിന് 162.
സിഡ്‌നിയിലെ പരാജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ കൈവിട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇനി പ്രവേശിക്കാനാകില്ല. പെട്ടെന്ന് തന്നെ മത്സരം തീര്‍ക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു ഓസീസെന്ന് വ്യക്തം. എല്ലാ താരങ്ങളും ബാറ്റ് വീശിയത് ഏകദിന ശൈലിയില്‍. നയം വ്യക്തമാക്കിയായിരുന്നു സാം കോണ്‍സ്റ്റസിന്റെയും ഉസ്മാന്‍ ഖവാജയുടെയും ഓപ്പണിങ്. ഇരുവരും നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബാറ്റ് വീശിയത്. 17 പന്തില്‍ 22 റണ്‍സെടുത്ത കോണ്‍സ്റ്റസ് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി പുറത്തായി.
Read Also : മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം
തൊട്ടുപിന്നാലെ മാര്‍നസ് ലബുഷെയ്‌നും പുറത്തായപ്പോള്‍ ഇന്ത്യ തെല്ലൊന്ന് ആശ്വസിച്ചു. 20 പന്തില്‍ ആറു റണ്‍സെടുത്ത ലബുഷെയ്‌നും പ്രസിദ്ധ് കൃഷ്ണയുടെ പന്തിലാണ് പുറത്തായത്. യശ്വസി ജയ്‌സ്വാള്‍ ക്യാച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സ്റ്റീവ് സ്മിത്തിനെയും കൃഷ്ണ മടങ്ങി. ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. ഇത്തവണയും ക്യാച്ചെടുത്തത് ജയ്‌സ്വാളായിരുന്നു. ബുംറയുടെ അഭാവത്തില്‍ പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ വിജയത്തിലെത്തിക്കുമോയെന്ന തോന്നിച്ച നിമിഷം.
എന്നാല്‍ പിന്നീട് ഓസീസ് ബാറ്റര്‍മാര്‍ താളം കണ്ടെത്തി. തുടര്‍ന്ന് 45 പന്തില്‍ 41 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ മുഹമ്മദ് സിറാജ് വീഴ്ത്തിയെങ്കിലും മത്സരത്തില്‍ ആതിഥേയര്‍ ഏറെ മുന്നിലെത്തിയിരുന്നു. പുറത്താകാതെ 38 പന്തില്‍ 34 റണ്‍സ് നേടിയ ട്രാവിസ് ഹെഡും, 34 പന്തില്‍ 39 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററും ഓസീസിനെ വിജയതീരത്തേക്ക് നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് സിറാജും സ്വന്തമാക്കി.
സിഡ്‌നിയിലെ വിജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസീസ് 3-1ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്ക് പിന്നീട് നടന്ന മത്സരങ്ങളില്‍ എല്ലാം പിഴച്ചു. രണ്ടാം മത്സരത്തില്‍ ഓസീസ് ജയിച്ചു. മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചു. നാലും, അഞ്ചും മത്സരങ്ങളിലും ഓസീസ് വിജയത്തോടെ പരമ്പരയിലെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ അനായാസം പ്രവേശിച്ചു. കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.