5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മാറിയത് സീസണ്‍ മാത്രം, സണ്‍റൈസേഴ്‌സിന് ഒരു മാറ്റവുമില്ല; അടിച്ചുകൂട്ടിയത് 286 റണ്‍സ്‌

IPL 2025 SRH VS RR: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം ആര്‍സിബിക്കെതിരെ സണ്‍റൈസേഴ്‌സ് നേടിയ 287 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ട് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സിന് സ്വന്തം റെക്കോഡ് പഴങ്കഥയാക്കാമായിരുന്നു

IPL 2025: മാറിയത് സീസണ്‍ മാത്രം, സണ്‍റൈസേഴ്‌സിന് ഒരു മാറ്റവുമില്ല; അടിച്ചുകൂട്ടിയത് 286 റണ്‍സ്‌
സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 23 Mar 2025 18:16 PM

ബൗളര്‍മാരോട് കണ്ണില്‍ ചോരയില്ലാത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് ശൈലിക്ക് ഈ സീസണിലും മാറ്റമില്ല. രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരെ ഒരു കരുണയുമില്ലാതെ പ്രഹരിച്ച സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത് 286  റണ്‍സ്. സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് (പുറത്താകാതെ 47 പന്തില്‍ 106 റണ്‍സ്)
ടോപ് സ്‌കോറര്‍. സണ്‍റൈസേഴ്‌സിന്റെ തുടക്കം തന്നെ ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ അഭിഷേക് ശര്‍മയും, ട്രാവിസ് ഹെഡും മൂന്നോവറില്‍ അടിച്ചുകൂട്ടിയത് 45 റണ്‍സാണ്.

ഒടുവില്‍ 11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് മഹീഷ് തീക്ഷണയുടെ പന്തില്‍ യശ്വസി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഇഷന്‍ കിഷന്‍ ഹെഡിനൊപ്പം ചേര്‍ന്ന്‌ വെടിക്കെട്ടിന് തിരി കൊളുത്തി. 31 പന്തില്‍ 67 റണ്‍സെടുത്ത ഹെഡ് മടങ്ങുമ്പോഴേക്കും വെറും 9.3 ഓവറില്‍ സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ 130ല്‍ എത്തിയിരുന്നു. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ ട്രാവിസ് ഹെഡിന് പിഴയ്ക്കുകയായിരുന്നു. പന്ത് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ കൈപിടിയിലൊതുക്കിയത് രാജസ്ഥാന് വലിയ ആശ്വാസമായി.

Read Also : IPL 2025: നാണക്കേടിന്റെ റെക്കോഡുമായി ആര്‍ച്ചര്‍; നാലോവറില്‍ വഴങ്ങിയത് 76 റണ്‍സ് ! റോയല്‍സിന്റെ 12.50 കോടി വെള്ളത്തിലായി?

തുടര്‍ന്ന് ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും റോയല്‍സിനെ നിര്‍ദാക്ഷിണ്യം പ്രഹരിക്കാനുള്ള മൂഡിലായിരുന്നു. 15 പന്തില്‍ 30 റണ്‍സാണ് നിതീഷ് നേടിയത്. തീക്ഷണയാണ് നിതീഷിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അടിച്ചുകളിക്കുക മാത്രമാണ് നയമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഹെയിന്റിച് ക്ലാസന്റെയും ബാറ്റിങ്. 14 പന്തില്‍ 34 റണ്‍സാണ് ക്ലാസണ്‍ നേടിയത്. ഒടുവില്‍ ക്ലാസനെ സന്ദീപ് ശര്‍മ പുറത്താക്കുമ്പോഴേക്കും സണ്‍റൈസേഴ്‌സ് 250 പിന്നിട്ടിരുന്നു.

തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഫസല്‍ഹഖ് ഫറൂഖി മൂന്നോവറില്‍ 49 റണ്‍സും, തീക്ഷണ നാലോവറില്‍ 52 റണ്‍സും, ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സും, സന്ദീപ് ശര്‍മ 51 റണ്‍സും, ദേശ്പാണ്ഡെ 44 റണ്‍സും വഴങ്ങി. ദേശ്പാണ്ഡെ മൂന്ന് വിക്കറ്റുകളും, തീക്ഷണ രണ്ട് വിക്കറ്റുകളും, സന്ദീപ് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.

പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാത്ത സഞ്ജു സാംസണ്‍ ഇമ്പാക്ട് പ്ലയറായി മാത്രം കളിക്കുന്നതിനാല്‍ റിയാന്‍ പരാഗായിരുന്നു റോയല്‍സിന്റെ ക്യാപ്റ്റന്‍. പരാഗിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങളും പിഴച്ചു.

ഐപിഎല്ലിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം ആര്‍സിബിക്കെതിരെ സണ്‍റൈസേഴ്‌സ് നേടിയ 287 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ട് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സിന് സ്വന്തം റെക്കോഡ് പഴങ്കഥയാക്കാമായിരുന്നു. മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറും സണ്‍റൈസേഴ്‌സിന്റെ പേരിലാണ്. 277 റണ്‍സ്.