IPL 2025: കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ല; പൊരുതിത്തോറ്റ് റോയല്‍സ്, സഞ്ജുവിന്റെയും ജൂറലിന്റെയും പോരാട്ടം പാഴായി
Sunrisers Hyderabad beat Rajasthan Royals: നാലാം വിക്കറ്റില്‍ ധ്രുവ് ജൂറലും സഞ്ജുവും 111 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ സഞ്ജുവിന് പിഴച്ചു. പട്ടേലിനെ സിക്‌സര്‍ പായിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു

287 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പോരാട്ടം 242 റണ്‍സിന് അവസാനിച്ചു. ധ്രുവ് ജൂറല്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് രാജസ്ഥാനെ നാണക്കേടില്‍ നിന്നും കരകയറ്റിയത്. എങ്കിലും കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനാകാതെ 44 റണ്‍സിന് രാജസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-20 ഓവറില്‍ ആറു വിക്കറ്റിന് 286, രാജസ്ഥാന്‍ റോയല്‍സ്-20 ഓവറില്‍ ആറു വിക്കറ്റിന് 242.
രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് സ്വന്തമാക്കി സിമര്‍ജിത് സിങ് രാജസ്ഥാനെ ഞെട്ടിച്ചു. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ജയ്‌സ്വാളിന്റെ ഷോട്ട് അഭിനവ് മനോഹര്‍ കൈപിടിയിലൊതുക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും സിമര്‍ജിത് കുരുക്കി. ഇത്തവണ സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ക്യാച്ചെടുത്തത്. രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു പരാഗിന്റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയ നിതീഷ് റാണയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ട് പന്തില്‍ 11 റണ്‍സെടുത്ത നിതീഷിനെ മുഹമ്മദ് ഷമി പുറത്താക്കി. കമ്മിന്‍സാണ് ഇത്തവണയും ക്യാച്ചെടുത്തത്. വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും ഇമ്പാക്ട് പ്ലയറായെത്തിയ സഞ്ജു സാംസണ്‍ ഒരുവശത്ത് അടിച്ചുതകര്‍ക്കുന്നതായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ.




നാലാം വിക്കറ്റില്‍ ധ്രുവ് ജൂറലും സഞ്ജുവും 111 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ സഞ്ജുവിന് പിഴച്ചു. പട്ടേലിനെ സിക്‌സര്‍ പായിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. വായുവില്‍ കറങ്ങിയ പന്ത് നേരെ ചെന്നുവീണത് വിക്കറ്റ് കീപ്പര്‍ ഹെയിന്റിച് ക്ലാസന്റെ കൈകളിലേക്ക്. 37 പന്തില്‍ ഏഴ് ഫോറിന്റെയും, നാല് സിക്‌സുകളുടെയും അകമ്പടിയോടെ 66 റണ്‍സാണ് സഞ്ജു നേടിയത്.
തൊട്ടുപിന്നാലെ റോയല്‍സിന്റെ പ്രതീക്ഷകളുടെ ചിറകരിഞ്ഞ് ആദം സാമ്പ ജൂറലിനെയും വീഴ്ത്തി. സാമ്പയുടെ പന്ത് സിക്‌സര്‍ പറത്താനുള്ള ജൂറലിന്റെ ശ്രമമാണ് പിഴച്ചത്. പന്ത് ബൗണ്ടറി ലൈനിന് തൊട്ടരികില്‍ ഇഷന്‍ കിഷന്‍ ക്യാച്ചെടുത്തു. 35 പന്തില്‍ 70 റണ്‍സാണ് ജൂറല്‍ നേടിയത്. പിന്നാലെ ക്രീസിലെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും (23 പന്തില്‍ 42), ശുഭം ദുബെയും (പുറത്താകാതെ 11 പന്തില്‍ 34) കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.
പുറത്താകാതെ 47 പന്തില്‍ 106 റണ്‍സ് നേടിയ ഇഷന്‍ കിഷന്‍, 31 പന്തില്‍ 67 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, 14 പന്തില്‍ 34 റണ്‍സെടുത്ത ഹെയിന്റിച് ക്ലാസണ്‍, 15 പന്തില്‍ 30 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരുടെ ബാറ്റിങ് കരുത്തിലാണ് ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായ 286 റണ്‍സ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്.