IPL 2025: തന്ത്രം മെനഞ്ഞവരും, മുന്നില്‍ നിന്നവരുമെല്ലാം പോയി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സംഭവിച്ചത് വന്‍നഷ്ടം
Kolkata Knight Riders: ശ്രേയസ് അയ്യര്‍ ടീമിനൊപ്പമില്ലാത്തത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ നഷ്ടമാണെന്ന് ഇര്‍ഫാന്‍ പത്താന്‍. സപ്പോര്‍ട്ട് സ്റ്റാഫില്‍ ഗൗതം ഗംഭീറിന്റെ അഭാവവും കൊല്‍ക്കത്തയ്ക്ക് നഷ്ടമാണെന്ന് താരം. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ സ്വയം മെച്ചപ്പെടുത്തുമെന്ന് കരുതുന്നുവെന്നും പത്താന്‍

ശ്രേയസ് അയ്യര്‍ ടീമിനൊപ്പമില്ലാത്തത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ നഷ്ടമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കഴിഞ്ഞ തവണ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ചത് ശ്രേയസായിരുന്നു. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ്. സപ്പോര്‍ട്ട് സ്റ്റാഫില്‍ ഗൗതം ഗംഭീറിന്റെ അഭാവവും കൊല്‍ക്കത്തയ്ക്ക് നഷ്ടമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. ഗൗതം ഗംഭീർ, അഭിഷേക് നായർ, റയാൻ ടെൻ ഡോഷേറ്റ് എന്നിവരെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ കൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ മെനഞ്ഞത് ഇവരായിരുന്നു.
ഗംഭീറിന് പകരം ഡ്വെയ്ൻ ബ്രാവോയാണ് കൊല്‍ക്കത്തയുടെ മെന്റര്‍. ചന്ദ്രകാന്ത് പണ്ഡിറ്റാണ് മുഖ്യപരിശീലകന്‍. അജിങ്ക്യ രഹാനെയാണ് ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ സ്വയം മെച്ചപ്പെടുത്തുമെന്ന് കരുതുന്നുവെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. രഹാനെയ്ക്ക് മൂന്നാം നമ്പറിന് താഴെ ബാറ്റ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് കൊല്‍ക്കത്തയ്ക്ക് ടോപ് ഓര്‍ഡറില്‍ പ്രശ്‌നമുണ്ട്. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് ടോപ് ഓര്‍ഡറിലില്ലാത്തതും കൊല്‍ക്കത്തയ്ക്ക് നഷ്ടമാണെന്ന് പത്താന്‍ വ്യക്തമാക്കി.
Read Also : IPL 2025: കണ്ണും കാതും ഈഡന്‍ ഗാര്‍ഡനിലേക്ക്; ഐപിഎല്‍ പൂരത്തിന് ഇന്ന് ആവേശത്തുടക്കം; മത്സരം എങ്ങനെ കാണാം?




“ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി കെകെആറിന് നഷ്ടമാകും. ഗൗതം ഗംഭീർ ഡഗൗട്ടിൽ ഇല്ലാത്തതിനാൽ കെകെആറിനും അതും നഷ്ടമാണ്. മികച്ച ക്യാപ്റ്റനാണ് ശ്രേയസ്. ഇതുവരെ കിരീടം നേടാത്ത ഒരു ടീമിലാണ് അദ്ദേഹം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. അജിങ്ക്യ രഹാനെയ്ക്ക് തന്റെ പരിചയ സമ്പത്ത് ഉപയോഗിക്കാനാകും. അദ്ദേഹം ഇന്ത്യന്‍ ടീമിനെയും മുംബൈയെയും നയിച്ചിട്ടുണ്ട്. ഫില്‍ സാള്‍ട്ടും സുനില്‍ നരേനും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സുനിൽ നരൈനിൽ ഗൗതം ഗംഭീറിന് അചഞ്ചലമായ ആത്മവിശ്വാസമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കും അദ്ദേഹത്തില്‍ അതേ ആത്മവിശ്വാസം ഉണ്ടാകുമോ?”-ജതിൻ സപ്രുവിന്റെ യൂട്യൂബ് ചാനലിൽ പത്താന്‍ പറഞ്ഞു.
അതേസമയം, ഐപിഎല്ലിലെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. മത്സരത്തിന് മഴഭീഷണിയുണ്ട്.