IPL 2025: കണ്ണും കാതും ഈഡന്‍ ഗാര്‍ഡനിലേക്ക്; ഐപിഎല്‍ പൂരത്തിന് ഇന്ന് ആവേശത്തുടക്കം; മത്സരം എങ്ങനെ കാണാം?
How to watch IPL 2025: കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ടീം. കിരീടവരള്‍ച്ച ഇത്തവണ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോം വഴിയും മത്സരങ്ങള്‍ കാണാം. പ്രതികൂല കാലാവസ്ഥ മത്സരത്തിന് ഭീഷണിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക

ഏകദേശം രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്-2025 ആവേശപ്പൂരത്തിന് ഇന്ന് കൊടിയേറും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ടീം. കഴിഞ്ഞ തവണ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ കൊല്‍ക്കത്തയ്‌ക്കൊപ്പമില്ല. അജിങ്ക്യ രഹാനെയാണ് പുതിയ ക്യാപ്റ്റന്‍.
ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്താത്ത അപൂര്‍വം ടീമുകളിലൊന്നാണ് കൊല്‍ക്കത്ത. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍ തുടങ്ങിയവര്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്. ഒപ്പം റോവ്മാന്‍ പവല്‍, ക്വിന്റോണ്‍ ഡി കോക്ക് തുടങ്ങിയവരെ താരലേലത്തിലൂടെ ടീമിലെത്തിച്ചു.
കിരീടവരള്‍ച്ച ഇത്തവണ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കഴിഞ്ഞ തവണ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനാണ്. രജത് പട്ടീദാറാണ് ആര്‍സിബിയുടെ പുതിയ ക്യാപ്റ്റന്‍. താരലേലത്തിലൂടെ ടീം പുതുക്കിപ്പണിതാണ് ആര്‍സിബിയെത്തുന്നത്. വിരാട് കോഹ്ലിക്കൊപ്പം താരലേലത്തിലൂടെ ഇത്തവണ ടീമിലേക്ക് എത്തിച്ച ടിം ഡേവിഡ്, ലിയം ലിവിങ്സ്റ്റണ്‍, ഫില്‍ സാള്‍ട്ട് തുടങ്ങിയവരും കൂടി ചേരുമ്പോള്‍ ആര്‍സിബിയെ എഴുതിത്തള്ളാനാകില്ല. വൈകിട്ട് 7.30നാണ് മത്സരം.




Read Also : IPL 2025: ഐപിഎൽ 18ആം സീസണ് ഇന്ന് തുടക്കം: കൊൽക്കത്തയിൽ കനത്ത മഴ; ഓറഞ്ച് അലേർട്ടിൽ ആരാധകർക്ക് ആശങ്ക
മത്സരം എങ്ങനെ കാണാം?
മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോം വഴിയും മത്സരങ്ങള്‍ കാണാം. എന്നാല്‍ ജിയോഹോട്ട്‌സ്റ്റാറില്‍ സബ്‌സ്‌ക്രിപ്ഷന്‍ വേണമെന്നാണ് റിപ്പോര്‍ട്ട്. 149 രൂപ മുതൽ പ്ലാനുകൾ ആരംഭിക്കുന്നു. ജിയോ സിം ഉപയോഗിക്കുന്ന, കുറഞ്ഞത് 250 രൂപ പ്ലാനുകള്‍ ഉള്ളവര്‍ക്ക് 90 ദിവസത്തേക്ക് ആക്‌സസ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മഴ ഭീഷണി
കൊല്‍ക്കത്തയിലെ പ്രതികൂല കാലാവസ്ഥ മത്സരത്തിന് ഭീഷണിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. കനത്ത മഴയ്ക്കാണ് സാധ്യത. കൊല്‍ക്കത്തയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.