IPL 2025: നൂറിന്റെ ഏറില്‍ കറങ്ങിവീണ് മുംബൈ; രോഹിത് സംപൂജ്യന്‍; ചെന്നൈയുടെ വിജയലക്ഷ്യം 156 റണ്‍സ്
Chennai Super kings vs Mumbai Indians: സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് മുംബൈയ്ക്കായി രക്ഷാപ്രവര്‍ത്തനം നടത്തി. നാലാം വിക്കറ്റില്‍ 51 റണ്‍സാണ് ഇരുവരും മുംബൈ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് നൂര്‍ അഹമ്മദിന്റെ സ്പിന്‍ മികവിന് മുന്നില്‍ മുംബൈ ബാറ്റര്‍മാര്‍ അടിപതറുകയായിരുന്നു

ചെന്നൈ: എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുക്കിയ സ്പിന്‍കെണിയില്‍ കുരുങ്ങിവീണ് മുംബൈ ഇന്ത്യന്‍സ്. വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ നേടാനായത് 155 റണ്‍സ് മാത്രം. നാല് വിക്കറ്റെടുത്ത നൂര്‍ അഹമ്മദാണ് കളിയുടെ ഗതി തിരിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടമായി. നാല് പന്ത് മാത്രം നേരിട്ട രോഹിത് അക്കൗണ്ട് തുറക്കും മുമ്പേ ഔട്ടായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെ ക്യാച്ചെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടണെയും മുംബൈയ്ക്ക് നഷ്ടമായി. ഏഴ് പന്തില്‍ 13 റണ്‍സെടുത്ത റിക്കല്‍ട്ടണെ ഖലീല്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
മുംബൈയുടെ സ്‌കോര്‍ബോര്‍ഡ് 36ല്‍ എത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സും പുറത്തായി. രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ജാക്ക്‌സിന് പിഴച്ചു. ശിവം ദുബെ പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. 7 പന്തില്‍ 11 റണ്‍സായിരുന്നു ജാക്ക്‌സിന്റെ സമ്പാദ്യം.




തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് മുംബൈയ്ക്കായി രക്ഷാപ്രവര്‍ത്തനം നടത്തി. നാലാം വിക്കറ്റില്‍ 51 റണ്‍സാണ് ഇരുവരും മുംബൈ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് നൂര്‍ അഹമ്മദിന്റെ സ്പിന്‍ മികവിന് മുന്നില്‍ മുംബൈ ബാറ്റര്‍മാര്‍ അടിപതറുകയായിരുന്നു. സൂര്യകുമാറിനെയും, തിലക് വര്‍മയെയും, തുടര്‍ന്ന് ക്രീസിലെത്തിയ റോബിന്‍ മിന്‍സിനെയും, നമന്‍ ധിറിനെയും തുടരെ തുടരെ പുറത്താക്കി നൂര്‍ അഹമ്മദ് മുംബൈയെ വിറപ്പിച്ചു.
വാലറ്റത്ത് ദീപക് ചഹര്‍ നടത്തിയ ശ്രമമാണ് മുംബൈയെ 150 കടത്തിയത്. ദീപക് ചാഹര്‍ പുറത്താകാതെ 15 പന്തില്‍ 28 റണ്‍സ് നേടി. ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും, നഥന്‍ എല്ലിസും, അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.