FIFA Football World Cup 2030 And 2034 : ഒടുവില്‍ തീരുമാനം; 2030, 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഈ രാജ്യങ്ങളില്‍; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം
Football World Cup 2030 And 2034, FIFA decided the hosts : 2022ലെ ലോകകപ്പ് നടന്നത് ഖത്തറിലായിരുന്നു. മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും ലോകകപ്പ് ഫുട്‌ബോള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍ അടക്കമുള്ള ആരാധകര്‍
2030, 2034 വര്‍ഷങ്ങളിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദി നിശ്ചയിച്ച് ഫിഫ. 2030ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് മൊറോക്കോയും പോര്‍ച്ചുഗലും, സ്‌പെയിനും സംയുക്തമായി ആതിഥേയത്വം വഹിക്കും. 2034ലെ ലോകകപ്പ് സൗദി അറേബ്യയില്‍ നടക്കും. ബുധനാഴ്ച നടന്ന വെർച്വൽ ഫിഫ കോൺഗ്രസിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ലോകകപ്പ് 2030 ലെ ശതാബ്ദി ആഘോഷമത്സരങ്ങൾക്ക് ഉറുഗ്വേ, അർജൻ്റീന, പരാഗ്വേ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കും.
“ഫിഫ ലോകകപ്പിൻ്റെ അടുത്ത രണ്ട് പതിപ്പുകൾക്കുള്ള ആതിഥേയരെ പരിചയപ്പെടുത്തുന്നു. മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നിവ 2030-ൽ ആതിഥേയത്വം വഹിക്കും. അർജൻ്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിൽ ശതാബ്ദി ആഘോഷ മത്സരങ്ങൾ നടക്കും. 2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും”-ഫിഫ ‘എക്‌സി’ല്‍ കുറിച്ചു.
20234ല ലോകകപ്പ് സൗദി അറേബ്യയിലായിരിക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില മത്സരങ്ങള്‍ സമീപ രാജ്യങ്ങളില്‍ നടത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി സൗദി അറേബ്യ നിര്‍ദ്ദേശിച്ചിട്ടുള്ളത്. റിയാദില്‍ എട്ടും, ജിദ്ദയില്‍ നാലും, അബഹ, അല്‍ ഖോബാര്‍, നിയോം എന്നിവിടങ്ങളില്‍ ഓരോന്നുമാണ് പരിഗണനയിലുള്ളത്. കുറഞ്ഞത് 40,000 സീറ്റുകള്‍ ഓരോന്നിലുമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ 92,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ നടത്താനാണ് നീക്കം.
2022ലെ ലോകകപ്പ് നടന്നത് ഖത്തറിലായിരുന്നു. മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും ലോകകപ്പ് ഫുട്‌ബോള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍ അടക്കമുള്ള ആരാധകര്‍. 2026ലെ ലോകകപ്പ് കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവിടങ്ങളിലാണ് നടക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡബിള്‍ ഹാപ്പി
2030ലെ ലോകകപ്പ് സ്വന്തം നാടായ പോര്‍ച്ചുഗലിലും, 2034ലേത് തന്റെ പ്രിയനാടായ സൗദി അറേബ്യയിലും നടക്കുന്നതില്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സന്തോഷം പ്രകടിപ്പിച്ചു. 2030ലെ ലോകകപ്പിനാണ് റൊണാള്‍ഡോയുടെ സ്വന്തം നാടായ പോര്‍ച്ചുഗല്‍ സഹ ആതിഥേയത്വം വഹിക്കുന്നത്. 2030ലെ ലോകകപ്പ് സ്‌പെഷ്യലാണെന്ന് താരം പ്രതികരിച്ചു.
സൗദി ക്ലബായ അല്‍ നാസറിന്റെ താരം കൂടിയാണ് റൊണാള്‍ഡോ. 2034 എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ എല്ലാം ഗംഭീരമാണ്. 2034 എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കുമെന്ന് ബോധ്യമുണ്ട്. ഇന്ന് എന്റെ ഒപ്പം കളിക്കുന്ന ഒന്നോ രണ്ടോ കുട്ടികള്‍ ലോകകപ്പില്‍ കളിക്കും. അവര്‍ ഇനിയും വളരും. ഫുട്‌ബോളില്‍ മാത്രമല്ല, എല്ലാത്തിലും ഒരുമിച്ച് വളരണമെന്നുംസ അവരെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും റൊണാള്‍ഡോ പറഞ്ഞു.