Yashasvi Jaiswal Delay Issue : ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങാൻ യശ്വസി ജയ്സ്വാൾ വൈകി; കട്ടകലിപ്പിൽ രോഹിത് ശർമ, ഓപ്പണിങ് താരത്തെ കൂട്ടാതെ ടീം ബസ് പുറപ്പെട്ടു
Yashasvi Jaiswal Delay Issue In Adelaide : അടുത്ത മത്സരത്തിനായി ബ്രിസ്ബെയ്നിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് സംഭവം. 20 മിനിറ്റിൽ അധികമാണ് താരം വൈകിയതെന്നാണ് റിപ്പോർട്ട്
അഡ്ലെയ്ഡ് : ഇന്ന് ഡിസംബർ 11 രാവിലെയാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഗാബാ ടെസ്റ്റിനായി രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം ബ്രിസ്ബെയ്നിലേക്ക് പുറപ്പെട്ടത്. 14-ാം തീയതി നടക്കുന്ന മത്സരത്തിനായി അഡ്ലെയ്ഡിലെ പ്രാദേശിക സമയം രാവിലെ 8.30നാണ് ഹോട്ടലിൽ നിന്നും രണ്ട് ബസുകളായി ടീം എയർപ്പോർട്ടിലേക്ക് പുറപ്പെടുക. എന്നാൽ നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ ഏറെ വൈകിയാണ് ഇന്ത്യൻ ടീം സഞ്ചരിക്കേണ്ട ബസ് പുറപ്പെട്ടത്. കാരണം ഇന്ത്യയുടെ ഓപ്പണിങ് താരം യശ്വസി ജയ്സ്വൾ (Yashasvi Jaiswal) ഹോട്ടൽ മുറിയിൽ നിന്നും ലോബിയിലേക്ക് എത്താൻ വൈകി.
ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഉൾപ്പെടെ ടീമിലെ ബാക്കി അംഗങ്ങൾ എല്ലാവരും ബസിൽ പ്രവേശിച്ചെങ്കിലും ജയ്സ്വാൾ മാത്രം എത്തിയില്ല. ഹോട്ടൽ ലോബിയിൽ എത്തി അന്വേഷിച്ചെങ്കിലും താരം വൈകുന്നതിൽ വ്യക്തതയില്ല. യുവതാരം വൈകുന്നതിൽ ശുഭിതനായ ക്യാപ്റ്റൻ രോഹിത് ശർമ സപ്പോർട്ടിങ് സ്റ്റാഫിനോട് പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും ജയ്സ്വാളിനെ ടീം ബസിലേക്കെത്തിക്കാൻ സാധിച്ചില്ല.
എപ്പോഴും കൃത്യം സമയത്ത് ടീമിനൊപ്പം ചേരുന്ന താരമാണ് യശ്വസി ജയ്സ്വാൾ. എന്നാൽ ഇത്തവണ എന്തുകൊണ്ട് വൈകി എന്ന കാര്യത്തിൽ വ്യക്തതയില്ല. സപ്പോർട്ടിങ് സ്റ്റാഫ് അന്വേഷിച്ചിട്ടും യുവതാരത്തെ എത്തിക്കാൻ സാധിക്കാതെ വന്നതോടെ ബാക്കി താരങ്ങളോട് ബസിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു ടീം മാനേജ്മെൻ്റ്. തുടർന്ന് ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് എയർപ്പോർട്ടിലേക്ക് തിരിച്ചു.
ടീം മാനേജ്മെൻ്റ് മുൻകൂട്ടി അറിയിച്ചിരുന്ന സമയത്തെക്കാൾ 20 മിനിറ്റ് വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലേക്കെത്തിയത്. താരം ലോബിയിൽ എത്തുന്നതിന് മുമ്പ് തന്നെ ബസ് പുറപ്പെട്ടു പോയി. എന്നിരുന്നാലും വൈകിയെത്തിയ താരത്തെ എയർപോർട്ടിലേക്കെത്തിക്കാൻ ടീം മാനേജ്മെൻ്റ് പ്രത്യേകം ഒരു കാർ അനുവദിക്കുകയും ചെയ്തു. ടീമിൻ്റെ മുതിർന്ന സുരക്ഷ ഓഫീസർക്കൊപ്പമാണ് ജയ്സ്വാൾ എയർപോർട്ടിലെത്തിയത്.
ജയ്സ്വാളിനെ കൂടാതെ സീനിയർ താരങ്ങളായ വിരാട് കോലിയും ജസ്പ്രിത് ബുമ്രയും ടീമിനോടൊപ്പം ബസിലുണ്ടായിരുന്നില്ല. ഇരു താരങ്ങളുടെയും കുടുംബവും ഓസ്ട്രേലിയൻ പര്യടനത്തിൽ ഇരുവർക്കൊപ്പം ചേർന്നിട്ടുണ്ട്. അതിനാൽ കോലിയും ബുമ്രയും പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ബ്രിസ്ബെയ്നിലേക്കെത്തുക.
ഡിസംബർ 14നാണ് ഗാബാ ടെസ്റ്റ്. പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ബ്രിസ്ബെയ്നിൽ അരങ്ങേറുക. ഗാബയ്ക്ക് ശേഷം മെൽബണിൽ വെച്ച് ഡിസംബർ 26ന് ബോക്സിങ് ഡേ ടെസ്റ്റും നടക്കും. നിലവിൽ പരമ്പര 1-1ന് സമനിലയിലാണ്. അടുത്ത വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനിലിലേക്ക് യോഗ്യത നേടാൻ ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് ജയിക്കണം. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലയയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.