Fifa Football World Cup 2034 Saudi Arabia : ക്രിസ്റ്റ്യാനോ റൊണാൾഡോ ഡബിള്‍ ഹാപ്പി, പ്രവാസികള്‍ അതിലേറെയും; മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും കാല്‍പന്താരവം
Saudi Arabi To Host 2034 Football World Cup : കായികഭൂപടത്തില്‍ മാറ്റിനിര്‍ത്താനാകാത്ത ഒരു ഭാഗമായി സൗദി അറേബ്യ മാറുകയാണ്. ഫുട്‌ബോളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ അറേബ്യന്‍ താല്‍പര്യം
ലോകകപ്പ് ഫുട്‌ബോള്‍ വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളി പ്രവാസികളടക്കമുള്ള ആരാധകര്‍. 2034ലെ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനമാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്. 2022ലെ ലോകകപ്പ് നടന്നത് ഖത്തറിലായിരുന്നു. ഗംഭീരമായിരുന്നു ഖത്തറിന്റെ ആതിഖേയത്വം. ലുസൈലില്‍ മെസിപ്പട കിരീടം ചൂടിയത് അന്ന് ആരാധകരുടെ മനം നിറച്ചു.
ഇതിഹാസങ്ങളായ ലയണല്‍ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും സൗദി ലോകകപ്പിന് മുമ്പ് തന്നെ വിരമിക്കാനുള്ള സാധ്യത മാത്രമാണ് ആരാധകരെ ദുഖത്തിലാഴ്ത്തുന്നത്. വെറും 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക് ഫുട്‌ബോള്‍ ലോകകപ്പ് വരുന്നത്. ആതിഥേയത്വം ഗംഭീരമാക്കാന്‍ സൗദി തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കും.
സൗദിയില്‍ ആഘോഷം
2034ലെ ഫുട്‌ബോള്‍ ലോകകപ്പ് ആതിഥേയത്വം സ്ഥിരീകരിച്ചതിന് പിന്നാലെ, സൗദിയില്‍ ലോകകപ്പ് ട്രോഫിയുടെ ചിത്രങ്ങള്‍ ഡ്രോണ്‍ സഹായത്തോടെ പ്രദര്‍ശിപ്പിച്ചു. 2034ലെ ലോകകപ്പ് സൗദിയില്‍ നടക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ബുധനാഴ്ച നടന്ന വെർച്വൽ ഫിഫ കോൺഗ്രസിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.
ഇതും വായിക്കൂ
പ്രിയമേറുന്ന അറേബ്യന്‍ മണ്ണ്
കായികഭൂപടത്തില്‍ മാറ്റിനിര്‍ത്താനാകാത്ത ഒരു ഭാഗമായി സൗദി അറേബ്യ മാറുകയാണ്. ഫുട്‌ബോളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ അറേബ്യന്‍ താല്‍പര്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരലേലം നടന്നതും സൗദിയിലായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാസല്‍മാന്‍ കായികമേഖലയില്‍ പുലര്‍ത്തുന്ന താല്‍പര്യവും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ‘വിഷന്‍ 2030’ലെ പ്രധാന ഘടകമാണ് കായികവും. വിനോദസഞ്ചാരികളെയും, നിക്ഷേപകരെയും അടക്കം ആകര്‍ഷിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
സൗദി അറേബ്യ ലോകത്തിനായി തുറന്നുകൊടുക്കുകയാണെന്നും, ലോകവ്യാപകമായി ഫുട്‌ബോള്‍ വളരാന്‍ ഇത് സഹായകരമാകുമെന്നും കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ഒരു ചാനലിനോട് പ്രതികരിച്ചു. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും, പുതിയ തലങ്ങളിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തിച്ചേരാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നു
2030ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് മൊറോക്കോയും പോര്‍ച്ചുഗലും, സ്‌പെയിനും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. തന്റെ രാജ്യമായ പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നതില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സന്തോഷം പ്രകടിപ്പിച്ചു. ഇത് സ്‌പെഷ്യല്‍ ലോകകപ്പ് ആണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
2034ല്‍ സൗദിയില്‍ ലോകകപ്പ് നടക്കുന്നതിലും താരം സന്തുഷ്ടനായി. 2034 എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കുമെന്നാണ് റൊണാള്‍ഡോ പറയുന്നത്. സൗദി ക്ലബായ അല്‍ നാസറിന്റെ താരം കൂടിയാണ് റൊണാള്‍ഡോ. തന്റെ ഒപ്പം ഇപ്പോള്‍ കളിക്കുന്ന ഒന്നോ രണ്ടോ യുവതാരങ്ങളെങ്കിലും ആ ലോകകപ്പില്‍ കളിക്കുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു. അവര്‍ക്ക് പ്രചോദനം നല്‍കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.