5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy : ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍; പാകിസ്ഥാനില്‍ സ്റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍ ! ഐസിസി കലിപ്പില്‍

ICC Champions Trophy 2025 Pakistan : കഴിഞ്ഞ ടി20 ലോകകപ്പില്‍ യുഎസ്എയില്‍ ചില അപര്യാപ്തതകള്‍ ഐസിസിയെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയിലും സമാന സാഹചര്യം ഉടലെടുക്കുന്നത്. ഐസിസിയുടെ ഒരു സംഘം ഈയാഴ്ച അവസാനം പാകിസ്ഥാനിലെത്തി സ്റ്റേഡിയം പരിശോധിക്കും

ICC Champions Trophy : ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍; പാകിസ്ഥാനില്‍ സ്റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍ ! ഐസിസി കലിപ്പില്‍
Champions TrophyImage Credit source: Getty
jayadevan-am
Jayadevan AM | Published: 08 Jan 2025 15:15 PM

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ആരംഭിക്കാന്‍ ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ ആതിഥേയ രാജ്യമായ പാകിസ്ഥാനില്‍ സ്റ്റേഡിയം നിര്‍മ്മാണം മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ലാഹോറിലെ ഗഡാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നിർമ്മാണവും നവീകരണവും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 12നകം മൂന്ന് സ്റ്റേഡിയങ്ങളും ഐസിസിക്ക് കൈമാറേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സ്‌റ്റേഡിയത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഡിസംബര്‍ 31നകം ഇത് പൂര്‍ത്തിയാക്കേണ്ടതുമായിരുന്നു. എന്നാല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

കഴിഞ്ഞ ടി20 ലോകകപ്പില്‍ യുഎസ്എയില്‍ ചില അപര്യാപ്തതകള്‍ ഐസിസിയെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയിലും സമാന സാഹചര്യം ഉടലെടുക്കുന്നത്. ഐസിസിയുടെ ഒരു സംഘം ഈയാഴ്ച അവസാനം പാകിസ്ഥാനിലെത്തി സ്റ്റേഡിയം പരിശോധിക്കും.

ഇത് വളരെ നിരാശജനകമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സ്‌റ്റേഡിയങ്ങളും സജ്ജമായിട്ടില്ല. നവീകരണമല്ല, നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സീറ്റുകള്‍, ഫ്ലഡ്‌ലൈറ്റുകൾ, ഔട്ട്ഫീല്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വളരെയധികം ജോലികള്‍ അവശേഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാഹോറിലും കറാച്ചിയിലും വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഡ്രസിംഗ് റൂം, ഫെന്‍സിങ് ജോലികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥ ഒരു തടസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗഡാഫിയിൽ പ്ലാസ്റ്റർ വർക്ക് പൂര്‍ത്തിയായിട്ടില്ലെന്നും, കാലാവസ്ഥ നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കില്‍ സെമി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട മത്സരങ്ങള്‍ നടക്കേണ്ട വേദി കൂടിയാണ് ഗഡാഫി സ്റ്റേഡിയം. പക്ഷേ, ഈ സ്റ്റേഡിയത്തില്‍ പോലും നിര്‍മ്മാണം കഴിഞ്ഞിട്ടില്ല.

ഓവര്‍ടൈം ജോലിയില്ലാതെ പാക് ക്രിക്കറ്റ് ബോര്‍ഡിന് വേറെ മാര്‍ഗമില്ലാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേദികള്‍ കൈമാറാന്‍ അധികം സമയം ഇല്ലാത്തതാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിടുന്ന വെല്ലുവിളി. ടൂര്‍ണമെന്റ് മുഴുവനായി യുഎഇയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി അഭ്യൂഹമുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. പാതി പൂര്‍ത്തിയായ വേദികളില്‍ ടൂര്‍ണമെന്റ് നടത്താന്‍ കഴിയില്ലെന്നാണ് ഐസിസിയുടെ നിലപാട്.

Read Also :  രോഹിതും കോഹ്ലിയും ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ചേക്കും, ഗംഭീര്‍ തുടരും; സൂചനകള്‍ ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ചാമ്പ്യന്‍സ് നടക്കുന്നത്. പാകിസ്ഥാനിലും, യുഎഇയിലുമായി മത്സരങ്ങള്‍ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 19ന് കറാച്ചിയില്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് എയിലും, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.