India Vs England : രോഹിതും കോഹ്ലിയും ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ചേക്കും, ഗംഭീര്‍ തുടരും; സൂചനകള്‍ ഇങ്ങനെ
Despite BGT Failure Kohli and Rohit Set To Play England Series : ബിസിസിഐ അവലോകനയോഗം ചേരും. ഈ യോഗത്തിലാകും ഇതു സംബന്ധിച്ച് അന്തിമ തീരുമാനങ്ങളെടുക്കുക. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. ജൂണ്‍ 20ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന പരമ്പര ഓഗസ്റ്റ് നാലിനാണ് അവസാനിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിച്ചേക്കുമെന്ന് സൂചന. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനത്ത് തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനായില്ലെങ്കില്‍ ചില സീനിയര്‍ താരങ്ങളെ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ഇനി ടെസ്റ്റില്‍ പരിഗണിക്കില്ലെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇരുവരെയും ഇംഗ്ലണ്ട് പര്യടനത്തിലും ഉള്‍പ്പെടുത്താനാണ് നീക്കം. റെഡ് ബോള്‍ ഫോര്‍മാറ്റിലെ മോശം പ്രകടനം ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഇളക്കമുണ്ടാക്കില്ലെന്നും ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
"Yes there will be a review meeting but no firing. C'mon you can't sack a coach for batters' poor show in one series Down Under. Gautam Gambhir will remain the coach, and Virat and Rohit would feature in the England series. The focus is Champions Trophy": BCCI sources told IANS pic.twitter.com/0PtwtncD00
— IANS (@ians_india) January 7, 2025
ബിസിസിഐ അവലോകനയോഗം ചേരാനുള്ള നീക്കത്തിലാണ്. ഈ യോഗത്തിലാകും ഇതു സംബന്ധിച്ച് അന്തിമ തീരുമാനങ്ങളെടുക്കുക. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. ജൂണ്‍ 20ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന പരമ്പര ഓഗസ്റ്റ് നാലിനാണ് അവസാനിക്കുന്നത്.
“ഒരു അവലോകന യോഗം ഉണ്ടാകും. പക്ഷേ പുറത്താക്കില്ല. ഒരു പരമ്പരയിലെ ബാറ്റര്‍മാരുടെ മോശം പ്രകടനത്തിന്റെ പേരില്‍ പരിശീലകനെ പുറത്താക്കാനാകില്ല. ഗൗതം ഗംഭീർ പരിശീലകനായി തുടരും. ഇംഗ്ലണ്ട് പരമ്പരയിൽ വിരാടും രോഹിതും കളിക്കും. ചാമ്പ്യൻസ് ട്രോഫിയിലാണ് ഇപ്പോള്‍ ശ്രദ്ധ”-ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്തു.
ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
അതേസമയം, ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ജനുവരി 22നും, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി ഒമ്പതിനും ആരംഭിക്കും. ഇന്ത്യയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ താരങ്ങളാകും ചാമ്പ്യന്‍സ് ട്രോഫിയിലും പങ്കെടുക്കുക. അതുകൊണ്ട് പരിക്കേറ്റ ജസ്പ്രീത് ബുംറ ഒഴികെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കില്ല.
Read Also : കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമിനെ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തി. ജോസ് ബട്ട്‌ലര്‍ നയിക്കും. ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ് എന്നിവര്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെട്ടു.
ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ് എന്നിവരാണ് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലുള്ളത്.