BCCI : മോശം പെരുമാറ്റം, ബോഡി ഷെയ്മിങ് ! അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ടീമിന് ആരാധകശല്യം; ബിസിസിഐ കര്‍ശന നടപടിയിലേക്ക്
Indian Cricket Players Heckled By Fans : ബോഡി ഷെയ്മിങ്ങിന് അടക്കം താരങ്ങള്‍ വിധേയരായി. ഒരു താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആരാധകര്‍ മോശമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ബഹളം വച്ചതിനാല്‍ പരിശീലനം നടത്താന്‍ പോലും താരങ്ങള്‍ ബുദ്ധിമുട്ടി
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം ആരാധക ശല്യം കൊണ്ട് പൊറുതിമുട്ടി. അഡ്‌ലെയ്‌ഡിൽ പരിശീലന സെഷനിനിടെയാണ് ആരാധക ശല്യം രൂക്ഷമായത്. ഓസ്‌ട്രേലിയൻ ടീമിൻ്റെ സെഷന്‍ കാണാന്‍ ഏതാണ്ട് 70 ആരാധകര്‍ മാത്രമാണ് എത്തിയത്.
എന്നാല്‍ ഇന്ത്യന്‍ ടീമിനെ സെഷനിടെ എത്തിയത് മൂവായിരത്തോളം പേരാണെന്നാണ് റിപ്പോര്‍ട്ട്. മോശമായാണ് ആരാധകര്‍ പെരുമാറിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരാധകശല്യം മൂലം ആരാധകര്‍ അസ്വസ്ഥരായിരുന്നു.
ബോഡി ഷെയ്മിങ്ങിന് അടക്കം താരങ്ങള്‍ വിധേയരായി. ഒരു താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആരാധകര്‍ മോശമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ബഹളം വച്ചതിനാല്‍ പരിശീലനം നടത്താന്‍ പോലും താരങ്ങള്‍ ബുദ്ധിമുട്ടി. തികഞ്ഞ അരാജകത്വമായിരുന്നുവെന്നും, ഇത്രയധികം ആരാധകര്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
ബിസിസിഐ കര്‍ശന നടപടിയിലേക്ക്
അഞ്ചാം ടെസ്റ്റിന് മുന്നോടിയായി സിഡ്‌നിയില്‍ ഒരു ‘ഫാന്‍സ് ഡേ’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡില്‍ സംഭവിച്ച ആരാധകശല്യം മൂലം ഫാന്‍സ് ഡേ ബിസിസിഐ റദ്ദാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ ബിസിസിഐ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ടെസ്റ്റ് ഡിസം. ആറു മുതല്‍
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഡിസംബര്‍ ആറു മുതല്‍ 10 വരെ അഡലെയ്ഡിലാണ് രണ്ടാം മത്സരം നടക്കുന്നത്. രണ്ടാം മത്സരത്തിന് മുന്നോടിയായി നടന്ന പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.
50 ഓവറായി പുതുക്കി നിശ്ചയിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സിന് പുറത്തായി. ഇന്ത്യ 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. യശ്വസി ജയ്‌സ്വാള്‍ (45), നിതീഷ് കുമാര്‍ റെഡ്ഡി (42), വാഷിങ്ടണ്‍ സുന്ദര്‍ (42 നോട്ടൗട്ട്) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. എന്നാല്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. 11 പന്തില്‍ മൂന്ന് റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ, രണ്ടാം മത്സരം മുതല്‍ ടീമിനെ നയിക്കും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളും, രണ്ടാമത്തേതില്‍ മൂന്ന് വിക്കറ്റുകളും ബുംറ പിഴുതു. ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 295 റണ്‍സിന് തകര്‍ത്തിരുന്നു.