Vaibhav Suryavanshi : അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമിയില്‍, ആഞ്ഞടിച്ച് വൈഭവ് സൂര്യവന്‍ശി, രാജസ്ഥാന്‍ റോയല്‍സിനും ആശ്വാസം
ACC U19 Asia Cup 2024 : അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുടക്കം നിരാശജനകമായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 43 റണ്‍സിന് തോറ്റു. രണ്ടാം മത്സരത്തില്‍ ജപ്പാനെ 211 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ട്രാക്കിലെത്തി
ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ യുഎഇയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. സ്‌കോര്‍: യുഎഇ-44 ഓവറില്‍ 137. ഇന്ത്യ-16.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 143.
മൂന്ന് വിക്കറ്റെടുത്ത യുദ്ധ്ജിത് ഗുഹ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചേതന്‍ ശര്‍മ, ഹാര്‍ദിക് രാജ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കെ.പി. കാര്‍ത്തികേയ, ആയുഷ് മാത്രെ എന്നിവരുടെ ബൗളിംഗിന് മുന്നില്‍ യുഎഇയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. യുഎഇ നിരയില്‍ രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം. 35 റണ്‍സെടുത്ത റഹാന്‍ ഖാനാണ് ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും, വൈഭവ് സൂര്യവന്‍ശിയും അടിച്ചുതകര്‍ത്ത് മുന്നേറി. ആയുഷ് 51 പന്തില്‍ 67 റണ്‍സാണ് എടുത്തത്. വൈഭവ് 46 പന്തില്‍ 76 റണ്‍സും.
ഇന്ത്യ ഇതുവരെ
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുടക്കം നിരാശജനകമായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 43 റണ്‍സിന് തോറ്റു. രണ്ടാം മത്സരത്തില്‍ ജപ്പാനെ 211 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ട്രാക്കിലെത്തി. തുടര്‍ന്ന് ഇന്ന് നടന്ന മത്സരത്തില്‍ യുഎഇയെ തകര്‍ത്ത് സെമിയിലേക്ക്. ഡിസംബര്‍ ആറിന് ശ്രീലങ്കയെ ഇന്ത്യ സെമിയില്‍ നേരിടും.
ALSO READ: ഒരു വശത്ത് നിരാശപ്പെടുത്തി സഞ്ജുവും സംഘവും, മറുവശത്ത് സൂര്യയുടെയും കൂട്ടരുടെയും തൂക്കിയടി
വൈഭവ് സൂര്യവന്‍ശി
ഐപിഎല്‍ താരലേലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവന്‍ശി. ബിഹാര്‍ സ്വദേശിയായ ഈ 13കാരനെ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാനത്തുക. ഇതില്‍ നാലു മടങ്ങ് അധികം തുക വൈഭവിന് താരലേലത്തില്‍ ലഭിച്ചു. ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും പോര്‍മുഖം തുറന്നതോടെ തുക 1.10 കോടിയിലേക്ക് ഉയരുകയായിരുന്നു. ഒടുവില്‍ വൈഭവിനെ രാജസ്ഥാന്‍
2011ലാണ് വൈഭവ് ജനിക്കുന്നത്. നാലാം വയസിൽ തന്നെ വൈഭവിൻ്റെ പ്രതിഭ മനസിലാക്കിയ പിതാവ് സഞ്ജീവ് വീടിൻ്റെ പിന്നിൽ ഒരു ചെറിയ കളിക്കളമുണ്ടാക്കി. 9ആം വയസിൽ വൈഭവിനെ പിതാവ് സമസ്തിപൂരിലെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി സ്വന്തം കൃഷിഭൂമി പോലും വില്‍ക്കാന്‍ പിതാവ് സഞ്ജീവ് സൂര്യവന്‍ശി തയ്യാറായി.
വൈഭവ് ഇപ്പോള്‍ തന്റെ മാത്രം പുത്രനല്ല, ബിഹാറിന്റെ കൂടി മകനാണെന്ന് സഞ്ജീവ് പ്രതികരിച്ചു. മകനായി ഭൂമി വിറ്റിരുന്നുവെന്നും, ഇപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്‍ കഠിനാധ്വാനിയാണെന്നും സഞ്ജീവിന്റെ വാക്കുകള്‍.