5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Climate Change : തിരക്കേറുന്ന ശബരിമലയില്‍ തിരിച്ചടിയായി കാലാവസ്ഥ മാറ്റം; ഭക്തജനങ്ങളെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Sabarimala Mandala Kalam 2024 : കാലാവസ്ഥയിലെ ഈ പെട്ടെന്നുള്ള മാറ്റമാണ് പലര്‍ക്കും പനി ബാധിക്കാന്‍ കാരണമെന്ന് കരുതുന്നു. അതുകൊണ്ട്, പ്രതികൂല കാലാവസ്ഥയെക്കുറിച്ച് മനസിലാക്കി സാധ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് തീര്‍ത്ഥാടനം നടത്തുന്നതാകും അഭികാമ്യം

Sabarimala Climate Change : തിരക്കേറുന്ന ശബരിമലയില്‍ തിരിച്ചടിയായി കാലാവസ്ഥ മാറ്റം; ഭക്തജനങ്ങളെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ശബരിമല തീര്‍ത്ഥാടകര്‍ : (image credits : PTI)
jayadevan-am
Jayadevan AM | Updated On: 10 Dec 2024 14:12 PM

ശബരിമല: പ്രതികൂല കാലാവസ്ഥയിലും അയ്യനെ ഒരു നോക്ക് കാണാന്‍ ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്. ഇന്നലെ 75,000-ലധികം പേരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ പതിനാലായിരത്തിലേറെ പേര്‍ സ്‌പോട് ബുക്കിങ് വഴിയാണ് മല കയറിയത്. അതേസമയം, കാലാവസ്ഥയിലെ മാറ്റം ഭക്തര്‍ക്ക് പ്രതികൂലമാവുകയാണ്.

22 ദിവസത്തിനിടെ അറുപതിനായിരത്തിലേറെ പേരാണ് ചികിത്സ തേടിയത്. പകല്‍ ചുട്ടുപൊള്ളുന്ന ചൂടാണെങ്കില്‍ വൈകിട്ട് കോടമഞ്ഞാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തും പമ്പയിലും ആശുപത്രി സേവനം തേടുന്നവരില്‍ ഏറെയും പനി ബാധിച്ചവരാണ്. പലരും പനി, ജലദോഷം കഫക്കെട്ട് എന്നിവയ്ക്കാണ് ചികിത്സ തേടിയതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍കരുതല്‍ വേണം

കാലാവസ്ഥയിലെ ഈ പെട്ടെന്നുള്ള മാറ്റമാണ് പലര്‍ക്കും പനി ബാധിക്കാന്‍ കാരണമെന്ന് കരുതുന്നു. അതുകൊണ്ട്, പ്രതികൂല കാലാവസ്ഥയെക്കുറിച്ച് മനസിലാക്കി സാധ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് തീര്‍ത്ഥാടനം നടത്തുന്നതാകും അഭികാമ്യം.

നിലവില്‍ ഏതെങ്കിലും രോഗത്തിന് ചികിത്സയിലുള്ളവര്‍ ശബരിമലയില്‍ എത്തുമ്പോള്‍ ചികിത്സാ രേഖകളും കഴിക്കുന്ന മരുന്നുകള്‍ കരുതണം. മല കയറുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തം ഉള്‍പ്പെടെയുള്ള ചെറു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങുന്നതും പ്രയോജനകരമാണ്.

മല കയറുന്നതിനിടയില്‍ തളര്‍ച്ചയോ, ശ്വാസതടസമോ, നെഞ്ചുവേദനയോ അനുഭവപ്പെട്ടാല്‍ മല കയറുന്നത് നിര്‍ത്തി ഉടന്‍ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

തങ്ങളുടെ ആരോഗ്യാവസ്ഥ തിരിച്ചറിഞ്ഞ്‌ മാസ്‌കും ഉപയോഗിക്കാം. എന്നാല്‍ മാസ്‌ക് ധരിച്ചുള്ള മല കയറ്റം എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. മാസ്ക് ധരിച്ച് മല കയറിയാൽ ശ്വാസംമുട്ടലുള്ളവർക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ഇന്നും നാളെയും ആകാശം പൊതുമെ മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ (മണിക്കൂറില്‍ രണ്ട് സെ.മീ വരെ ) ആയ മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ്‌ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read Also : വെര്‍ച്വല്‍ ക്യൂ വഴി രക്ഷയില്ല; അയ്യപ്പന്‍മാര്‍ ബുക്കിങ്ങിനായി എന്ത് ചെയ്യണം?

വന്‍ തിരക്ക്‌

അതേസമയം, വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. രാവിലെ നട തുറന്നപ്പോഴും ശരംകുത്തി വരെ ക്യൂ നീണ്ടിരുന്നു. ഇന്നലെ വൈകിട്ട് ഏഴിന് പമ്പയില്‍ നിന്ന് മല കയറിയ ചില തീര്‍ത്ഥാടകര്‍ക്ക് ഇന്ന് പുലര്‍ച്ചെ നട തുറന്നതിന് ശേഷമാണ് തീര്‍ത്ഥാടനം സാധ്യമായത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ശബരിമലയില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു. സുഹൃത്തുക്കൾക്കും പേഴ്സണൽ സ്റ്റാഫിനുമൊപ്പമാണ് അദ്ദേഹം ശബരിമലയിലെത്തിയത്. തിങ്കളാഴ്ച രാവിലെ പറവൂരിലെ വീട്ടിൽ നിന്നാണ് അദ്ദേഹം ശബരിമലയിലേക്ക് പുറപ്പെട്ടത്.

രാവിലെ എട്ട് മണിയോടെ പമ്പയിലെത്തി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം ശബരിമലയില്‍ കയറിയത്. ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരെയും കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.