Prakash Javadekar: യുവാക്കള്‍ തൊഴില്‍ തേടി മറ്റ് നാടുകളിലേക്ക് പോകണം; കേരളത്തില്‍ ജോലി ലഭിക്കുന്നില്ല; ഇടത്, വലത് മുന്നണികള്‍ക്കെതിരെ പ്രകാശ് ജാവദേക്കര്‍
Prakash Javadekar against Kerala government: തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് കുടുംബം. തോമസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥന

യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്ന് ബിജെപി നേതാവും, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്കോ, രാജ്യങ്ങളിലേക്കോ യുവാക്കള്‍ക്ക് പോകേണ്ടി വരുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു. ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്. ആ സംഭവം വെറും വിസ തട്ടിപ്പല്ലെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എല്‍ഡിഎഫും, യുഡിഎഫും പൂര്‍ണമായി പരാജയപ്പെട്ടെന്നും ജാവദേക്കര്‍ വിമര്‍ശിച്ചു.
അതേസമയം, വെടിയേറ്റ് മരിച്ച തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യം തോമസിന്റെ ഭാര്യയെ എംബസി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്നാവശ്യപ്പെട്ട് എംപി അടൂര്‍പ്രകാശ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം കത്തയച്ചു. തോമസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ ഇടപെടണമെന്നും കുടുംബം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.




ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റാണ് തോമസ് മരിക്കുന്നത്. തോമസിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസണും വെടിവയ്പില്‍ പരിക്കേറ്റു. ഇദ്ദേഹം നാട്ടിലെത്തി. നാലംഗ സംഘമാണ് ജോര്‍ദാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മറ്റ് രണ്ട് പേരെ ഇസ്രയാലേലിലെ ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
തോമസും എഡിസണും സന്ദര്‍ശക വിസയിലാണ് ജോര്‍ദാനിലേക്ക് പോയത്. ഫെബ്രുവരി 10ന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാനുള്ള ശ്രമം ജോര്‍ദാന്‍ സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ ജോര്‍ദാന്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു.