Malayali Shot Dead: ‘മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നിങ്ങൾ വഹിക്കണം’; ജോർദാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തോട് ഇന്ത്യൻ എംബസി
Malayali Shot Dead In Jordan: ഇസ്രയേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കുടുംബം വഹിക്കണമെന്ന് ഇന്ത്യൻ എംബസി. തിരുവനന്തപുരം തുമ്പ സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേരയാണ് വെടിയേറ്റ് മരിച്ചത്.

ജോർദാനിൽ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കുടുംബം വഹിക്കണമെന്ന് ഇന്ത്യൻ എംബസി. ഇക്കാര്യം ഔദ്യോഗികമായി തോമസ് പെരേരയുടെ ഭാര്യയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കേന്ദ്രസർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി വിദേശകാര്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. അനധികൃതമായി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് ഗബ്രിയേൽ പെരേര ജോർദാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിയ്ക്കുന്നത്.
തിരുവനന്തപുരം തുമ്പ സ്വദേശിയാണ് മരണപ്പെട്ട തോമസ്. ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തലയ്ക്ക് വെടിയേറ്റ് ഇയാൾ മരിക്കുകയായിരുന്നു. ഈ മാസം മൂന്നിന് പോലീസിൽ നിന്ന് മൃതദേഹം കൈപ്പറ്റുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഈ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കുടുംബം വഹിക്കണമെന്നാണ് എംബസി അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തോമസിനൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എഡിസണ് കാലിൽ വെടിയേറ്റു. ജോർദാനിൽ നിന്ന് അനധികൃതമായി നാല് പേർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ജോർദാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
റിപ്പോർട്ടുകളനുസരിച്ച് ഇസ്രയേലിലേക്ക് ജോലിവീസ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഒരു ഏജൻസി ഇവരെ ഇന്ത്യയിൽ നിന്ന് ഇവിടെയെത്തിച്ചത്. എന്നാൽ, ഇവർക്ക് ജോർദാനിൽ മൂന്ന് മാസത്തെ വിസിറ്റ് വീസ മാത്രമാണ് ഏജൻസി നൽകിയത്. ഫെബ്രുവരി അഞ്ചിനാണ് ഇവർ ജോർദാനിലെത്തിയത്. ഫെബ്രുവരി 9 വരെ കുടുംബവുമായി ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. ഫെബ്രുവരി 10ന് ഇവർ ഇസ്രയേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം നടത്തി. ഇവിടെവച്ചാണ് ജോർദാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. ഒരു മാസം മുൻപാണ് അവസാനമായി തോമസിൻ്റെ കോൾ ലഭിച്ചതെന്ന് കുടുംബം അറിയിച്ചു. പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആ കോളിൽ തോമസിൻ്റെ ആവശ്യം. അഞ്ച് വർഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നയാളാണ് തോമസ്. മാർച്ച് 9നാണ് ഇയാൾ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്നാണ് ഒരു ബന്ധു അറിയിച്ചത്.