M. T. Vasudevan Nair : പറയാനുള്ളത് പറഞ്ഞുതീര്‍ത്ത എം.ടി; കേരളം ചര്‍ച്ച ചെയ്ത ആ വാക്കുകള്‍
M. T. Vasudevan Nair Passed Away : വേദികളില്‍ മൗനിയായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എംടിക്ക് സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. എന്നാല്‍ ധാര്‍മ്മികമാ. രോഷം കൊള്ളലുകള്‍ക്കുമപ്പുറം അത് കൃത്യമായി പറയേണ്ടിടത്ത് പറയാനായിരുന്നു അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ അപൂര്‍വമായാണ് അദ്ദേഹം നടത്തിയിരുന്നതും
എല്ലാ വിഷയങ്ങളിലും അമിതമായി പ്രതികരിക്കുന്ന എം.ടി. വാസുദേവന്‍ നായരെ കേരളം കണ്ടിട്ടില്ല. എന്നാല്‍ ഏതൊക്കെ വിഷയങ്ങളില്‍ എം.ടി. പ്രതികരിച്ചിട്ടുണ്ടോ അത് അതീവ വാര്‍ത്താപ്രാധാന്യം നേടുകയും ചര്‍ച്ചയായിട്ടുമുണ്ട്. വേദികളില്‍ മൗനിയായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എംടിക്ക് സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. എന്നാല്‍ ധാര്‍മ്മികമായ രോഷം കൊള്ളലുകള്‍ക്കുമപ്പുറം അത് കൃത്യമായി പറയേണ്ടിടത്ത് പറയാനായിരുന്നു അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ അപൂര്‍വമായാണ് അദ്ദേഹം നടത്തിയിരുന്നതും. നോട്ടുനിരോധനത്തിനെതിരെയടക്കം എംടി ആഞ്ഞടിച്ചിരുന്നു. തന്റെ നിലപാട് തുറന്നു പറഞ്ഞതിന്റെ പേരില്‍ അന്ന് അദ്ദേഹത്തിനെതിരെ സൈബറിടങ്ങളില്‍ അധിക്ഷേപങ്ങള്‍ വരെയുണ്ടായി.
എംടി നടത്തിയ വിമര്‍ശനങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത ഒരു പരിപാടിയിലെ അദ്ദേഹത്തിന്റെ പ്രസംഗം. കേരളം ചര്‍ച്ച ചെയ്ത ആ സംഭവം നടന്നത് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2024 ജനുവരിയില്‍. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേളയിലായിരുന്നു സംഭവം.
പരിപാടിയില്‍ അമിതാധികാരത്തിനെതിരെയായിരുന്നു എംടിയുടെ വിമര്‍ശനം. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായെന്നും പറഞ്ഞാണ് എംടി പ്രസംഗം തുടങ്ങിയത്. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണെന്നും എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നും അന്ന് എംടി ആഞ്ഞടിച്ചു.
അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും, അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ കുഴിച്ചുമൂടിയെന്നുമായിരുന്നു എംടിയുടെ വിമര്‍ശനം.
സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വന്നതിനെക്കുറിച്ചടക്കം എംടി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാമെന്നും, എന്നാല്‍ അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നതെന്നും മഹാനായ നേതാവാകുന്നതെന്നും എംടി വ്യക്തമാക്കി. അധികാരവര്‍ഗത്തിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു പ്രസംഗത്തില്‍ ഉടനീളവും.
Read Also : എം ടിയുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം
അധികാരവര്‍ഗത്തിനെതിരെ എംടി നടത്തിയ പ്രസംഗം അന്ന് രാഷ്ട്രീയമായി തന്നെ ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം വേദിയിലിരുത്തിയായിരുന്നു എംടി പ്രസംഗിച്ചത്. എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണെന്നായിരുന്നു അന്ന് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആരോപണം. എന്നാല്‍ എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഉദ്ദേശിച്ചല്ലെന്നായിരുന്നു ഇടത് പ്രതിരോധം
‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനമായിരുന്നു എംടി പ്രസംഗമായി അവതരിപ്പിച്ചത്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്ത ഭാഗത്തും പറഞ്ഞ ചില വാചകങ്ങൾ മാത്രമായിരുന്നു കൂട്ടിച്ചേര്‍ത്തത്. സാഹിത്യരംഗത്തും വിഷയം ഏറെ ചര്‍ച്ചയായി. എം.കെ. സാനു, എന്‍.എസ്. മാധവന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ അന്ന് പ്രതികരിച്ചു. എന്തായാലും എംടി നടത്തിയ വിമര്‍ശനം എല്ലാക്കാലത്തും അധികാരവര്‍ഗത്തിനുള്ള ഒരു ഓര്‍മപ്പെടുത്തലായി മാറുമെന്നത് തീര്‍ച്ച.