5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

M T Vasudevan Nair: എം ടിയുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം

Two Days of Mourning in Kerala over MT Vasudevan Nair's Death: 26 ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതായും അറിയിപ്പ് വ്യക്തമാക്കുന്നു.

M T Vasudevan Nair: എം ടിയുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം
എം ടി വാസുദേവന്‍ നായര്‍ Image Credit source: Social Media
shiji-mk
SHIJI M K | Updated On: 25 Dec 2024 23:19 PM

തിരുവനന്തപുരം: വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ദുഃഖാചരണം നടത്തുന്നത്. ഡിസംബര്‍ 26, 27 തിയതികളില്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

26 ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതായും അറിയിപ്പ് വ്യക്തമാക്കുന്നു.

അതേസമയം, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു എംടിയുടെ അന്ത്യം. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മരണ സമയത്ത് ഭാര്യയും മകളും അദ്ദേഹത്തിന് സമീപമുണ്ടായിരുന്നു.

കോഴിക്കോട് മാവൂര്‍ റോഡിലുള്ള ശ്മശാനത്തിലാണ് സംസ്‌കാരം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം. നൃത്താധ്യാപികയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. അധ്യാപികയും വിവര്‍ത്തകയുമായ പരേതയായ പ്രമീളയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. കൂടാതെ അധ്യാപകനായും പത്രാധിപരായുമെല്ലാം എംടി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, എം ടിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ലോകസാഹിത്യത്തിന്റെ നെറുകയില്‍ മലയാള സാഹിത്യത്തെ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവന്‍ നായര്‍. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീര്‍ണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകര്‍ന്നുവെച്ചത്.

വള്ളുവനാടന്‍ നാട്ടുജീവിത സംസ്‌കാരത്തില്‍ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയര്‍ന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതല്‍ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.

Also Read: MT Vasudevan Nair: തന്നെ തേടി ആരും വരാതിരിക്കാനായി എഴുതി തീര്‍ത്ത സിനിമകള്‍; എം ടി നടന്ന വഴിയിലൂടെ

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയര്‍ത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകള്‍ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരുപോലെ കടന്നുചെല്ലാന്‍ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നല്‍കിയ സേവനങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിര്‍വരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാന്‍ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.

എം ടിയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തില്‍ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സര്‍ക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

 

Latest News