Fire : മദ്യലഹരിയില്‍ ആഴിയിലേക്ക് ചാടി, യുവാവിന് ഗുരുതര പൊള്ളല്‍; പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ നടന്നത്
Pathanamthitta Fire Incident : പത്തനംതിട്ട ആനന്ദപ്പള്ളിയിലാണ് സംഭവം നടന്നത്. മാത്തൂര്‍ സ്വദേശി അനില്‍കുമാറിനാണ് പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മകരവിളക്ക് ഉത്സവ ചടങ്ങുകൾക്കിടെയാണ് സംഭവം
പത്തനംതിട്ട: മദ്യലഹരിയില്‍ ക്ഷേത്രത്തിലേക്ക് ആഴിയിലേക്ക് ചാടിയ യുവാവിന് ഗുരുതര പൊള്ളലേറ്റു. പത്തനംതിട്ട ആനന്ദപ്പള്ളിയിലാണ് സംഭവം നടന്നത്. മാത്തൂര്‍ സ്വദേശി അനില്‍കുമാറി(47)നാണ് പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവ ചടങ്ങുകൾക്കിടെയാണ് സംഭവം.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും, വനം വകുപ്പിൻറെ നിർദേശങ്ങൾ പാലിക്കുകയും വേണം. മാർക്കറ്റുകൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനും സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തണം. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പാലക്കാട് ബസിന് തീപിടിച്ചു
രണ്ട് ദിവസം മുമ്പ് പാലക്കാട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചിരുന്നു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. എ1 ബസിനാണ് തീപിടിച്ചത്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഉടന്‍ തന്നെ കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.
പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 23 യാത്രക്കാരും നാല് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് കത്തിത്തുടങ്ങി. ചിലരുടെ രേഖകള്‍ കത്തിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.
വണ്ടിപ്പെരിയാറിലും തീപിടിത്തം
ഇടുക്കി വണ്ടിപ്പെരിയാറില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. ടൗണിലെ വ്യാപാര സ്ഥാനങ്ങള്‍ക്കാണ് തീപിടിച്ചത്. പശുമല ജംഗ്‌ഷനിലെ കെആർ ബിൽഡിംഗിലാണ് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വിവിധ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു. കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു.
40 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടം ഏതാണ്ട് പൂര്‍ണമായി നശിച്ച നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.