Train Accident: പുറത്തിറങ്ങിയിട്ട് തിരികെ കയറാൻ ശ്രമം; ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്
Man Trapped Between Moving Train And Platform: പ്ലാറ്റ്ഫോമിനും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനും ഇടയിൽ കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്. കന്യാകുമായി - ബാംഗ്ലൂർ എക്പ്രസ് ഒറ്റപ്പാലത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി ഒൻപതരയോടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. യുവാവ് ഓടിത്തുടങ്ങിയ ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് കടലൂർ സ്വദേശി ലതീഷാണ് അപകടത്തിൽ പെട്ടത്. കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂർ വരെ പോകുന്ന കന്യാകുമാരി – ബാംഗ്ലൂർ എക്സ്പ്രസ് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്ന് നീങ്ങിയപ്പോഴായിരുന്നു സംഭവം. ഈ ട്രെയിനിലെ യാത്രക്കാരനായിരുന്നു ലതീഷ്. വടക്കാഞ്ചേരിയിൽ നിന്ന് സേലത്തേക്ക് പോകാനാണ് ഇയാൾ ട്രെയിനിൽ കയറിയത് എന്നാണ് റിപ്പോർട്ട്. ഒറ്റപ്പാലം സ്റ്റേഷനിൽ വാഹനം നിർത്തിയപ്പോൾ ലതീഷ് വ്യക്തിപരമായ ആവശ്യത്തിനായി പുറത്തിറങ്ങി. തിരികെവരാൻ അല്പം താമസിച്ചതോടെ ട്രെയിൻ ഓടിത്തുടങ്ങി. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവെയായിരുന്നു അപകടമുണ്ടായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലിടറിയ ലതീഷ് പ്ലാറ്റ്ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനുമിടയിൽ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ലതീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിൻ സമയങ്ങളിൽ മാറ്റം
സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചിരുന്നു. ഈ മാസം 18 മുതൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ട്രെയിൻ സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ ജനുവരി 18 മുതൽ 26 വരെയാവും നിയന്ത്രണങ്ങൾ. ഈ സമയത്ത് ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും മറ്റ് ചില സർവീസുകൾ വെട്ടിച്ചുരുക്കുകയും ചെയ്തു. എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിലും താത്കാലിക മാറ്റം വരുത്തി. ചില ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്.
നിലവിൽ ജനുവരി 18 മുതലുള്ള നിയന്ത്രണങ്ങളനുസരിച്ച് നാല് ട്രെയിനുകളാണ് നിലവിൽ പൂർണമായും റദ്ദാക്കിയിരിക്കുന്നത്. എറണാകുളം ജങ്ഷൻ-ഷൊർണൂർ സ്‌പെഷൽ സർവീസ് (06018) ജനുവരി 18, 25 തീയതികളിൽ സർവീസ് നടത്തില്ല. ഷൊർണൂർ-എറണാകുളം ജങ്ഷൻ സ്‌പെഷൽ സർവീസ് (06017), ഗുരുവായൂർ- എറണാകുളം ജംങ്ഷൻ പാസഞ്ചർ (06439), കോട്ടയം-എറണാകുളം ജംങ്ഷൻ പാസഞ്ചർ (06434) എന്നിവ 19ആം തീയതിയും സർവീസ് നടത്തില്ല.
ജനുവരി 18നും 25നും ഇടയിൽ ചെന്നൈ എഗ്മോറിൽ നിന്നും ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിൻ (16127) ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ സെൻട്രലിൽ നിന്നും ആലപ്പുഴയിലേക്കുള്ള സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് വരെയേ സർവീസ് നടത്തൂ. തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ എക്‌സ്പ്രസ് (16342) എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.
കരൈക്കലിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെ യാത്ര ചെയ്യുന്ന എക്സ്പ്രസ് ട്രെയിൻ (16187) പാലക്കാട് യാത്ര അവസാനിപ്പിക്കും. മധുരയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിൻ (16327) ആലുവയിലും യാത്ര അവസാനിപ്പിക്കും.