Atul Subhash : നീതി തേടിയുള്ള ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്, ആരാണ് അതുല്‍ സുഭാഷ്? യുവാവിന് സംഭവിച്ചതെന്ത് ?
Atul Subhash Case : അതുലിന്റെ വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ കള്ളക്കേസുകള്‍ നല്‍കിയിരുന്നുവെന്നും യുവാവ് മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും അതുലിന്റെ സഹോദരന്‍
‘ജസ്റ്റിസ് ഫോര്‍ അതുല്‍ സുഭാഷ്’ സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ചും എക്‌സില്‍ രണ്ടു ദിവസമായി ട്രെന്‍ഡിങിലുള്ള ഹാഷ്ടാഗാണ്. അതുല്‍ സുഭാഷ് എന്ന യുവാവിന്റെ മരണവും പിന്നീടുണ്ടായ വിവാദങ്ങളുമാണ് സംഭവത്തിന് കാരണം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയും, യുവതിയുടെ കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അതുല്‍ സുഭാഷ് (34) എന്ന യുവാവ് ബെംഗളൂരുവിലെ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ ബെംഗളൂരുവിലെ മഞ്ജുനാഥ് ലേഔട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ‘നീതി വേണം’ എന്നെഴുതിയ പ്ലക്കാര്‍ഡ് അതുലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
അതുലിന്റെ വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ കള്ളക്കേസുകള്‍ നല്‍കിയിരുന്നുവെന്നും യുവാവ് മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും അതുലിന്റെ സഹോദരന്‍ ബികാസ് പറഞ്ഞു. ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതുല്‍ ഒരു വീഡിയോയും പങ്കുവച്ചിരുന്നു.
കള്ളക്കേസുകളുടെ പ്രവണതയെക്കുറിച്ച് പരാമര്‍ശിച്ചും, നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചും അതുല്‍ രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് കത്തും എഴുതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നാണ് യുവാവിന്റെ പ്രതികരണം.
സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോപണമായി ഉന്നയിച്ചിരുന്നത്. കള്ളക്കേസുകളിൽ മാതാപിതാക്കളെയും സഹോദരനെയും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വിനീതമായി കോടതിയോട് അഭ്യർത്ഥിക്കുന്നുവെന്നും യുവാവ് പറഞ്ഞിരുന്നു.
Read Also : ജനതാദളില്‍ തുടക്കം പിന്നീട് ബിജെപിയില്‍; ജഗ്ദീപ് ധന്‍കറിന്റെ ജീവിതം, രാഷ്ട്രീയം
2019ലായിരുന്നു യുവാവിന്റെ വിവാഹം. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയായിരുന്നു പരിചയപ്പെട്ടത്. 2020ല്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു. ലക്ഷക്കണക്കിന് രൂപ ഭാര്യയുടെ കുടുംബം നിരന്തരമായി ആവശ്യപ്പെടുമായിരുന്നുവെന്നും, കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ 2021ല്‍ മകനെയുമെടുത്ത് ഭാര്യ വീട് വിട്ടുവെന്നും യുവാവ് ആരോപിച്ചു.
ഇതിന് പിന്നാലെ യുവതി യുവാവിനും കുടുംബത്തിനുമെതിരെ കൊലപാതകശ്രമം, ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് കേസ് കൊടുത്തു. 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ സമ്മര്‍ദ്ദം മൂലം ഹൃദയാഘാതം വന്നാണ് തന്റെ പിതാവ് മരിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാല്‍ യുവതിയുടെ പിതാവ് ദീര്‍ഘകാലമായി രോഗബാധിതനായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചതാണെന്നാണ് അതുലിന്റെ വാദം. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ മൂലം യുവതിയുടെ പിതാവ് 10 വര്‍ഷത്തോളം എയിംസില്‍ ചികിത്സയിലായിരുന്നുവെന്നും യുവാവ് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയും കുടുംബവും ആദ്യം ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നുവെന്നും എന്നാൽ പിന്നീട് മൂന്ന് കോടിയായി ഇത് ഉയര്‍ത്തിയെന്നും യുവാവ് ആരോപിച്ചു.
കള്ളക്കേസുകള്‍ കാരണം പുരുഷന്മാര്‍ ജീവനൊടുക്കുന്നുവെന്ന് കോടതിയില്‍ പറഞ്ഞപ്പോള്‍, താങ്കള്‍ എന്താണ് അങ്ങനെ ചെയ്യാത്തതെന്ന് ഭാര്യ ചോദിച്ചെന്നും യുവാവ് ആരോപിച്ചു. കുടുംബത്തെക്കുറിച്ച് ചിന്തിച്ച് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ജഡ്ജി തന്നോട് ആവശ്യപ്പെട്ടതായും യുവാവ് ആരോപിച്ചു.
മകനെ കാണാന്‍ ഭാര്യയും കുടുംബവും അനുവദിക്കുന്നില്ലെന്നും അതുല്‍ പറഞ്ഞു. നിയമസംവിധാനങ്ങളെയടക്കം അതുല്‍ വിമര്‍ശിച്ചു. പിന്നാലെ എലോണ്‍ മസ്‌കിനെയും, ഡൊണാള്‍ഡ് ട്രംപിനെയും ടാഗ് ചെയ്ത് എക്‌സില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ നടക്കുന്നത് നിയമപരമായ വംശഹത്യയാണെന്നും, നിങ്ങള്‍ (മസ്‌കും ട്രംപും) ഇത് വായിക്കുമ്പോഴേക്കും താന്‍ മരിച്ചിരിക്കുമെന്ന് അതുല്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് യുവാവ് മരിച്ചത്. തുടര്‍ന്ന് യുവാവിന് നീതി തേടി ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)