5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jagdeep Dhankhar Profile: ജനതാദളില്‍ തുടക്കം പിന്നീട് ബിജെപിയില്‍; ജഗ്ദീപ് ധന്‍കറിന്റെ ജീവിതം, രാഷ്ട്രീയം

Who is Jagdeep Dhankhar and Controversy with Mamata Banerjee: കേസരിനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് ജഗ്ദീപ് ധന്‍കര്‍ പശ്ചിമബംഗാളിലേക്ക് എത്തുന്നത്. എന്നാല്‍ താരതമ്യേന സൗമ്യനായ ധന്‍കറിന്റെ മമത ബാനര്‍ജി സര്‍ക്കാരിനോടുള്ള സമീപനം അത്ര സൗമ്യമായിരുന്നില്ല. ജഗ്ദീപ് ധന്‍കറും മമത ബാനര്‍ജിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കാലത്ത് വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

Jagdeep Dhankhar Profile: ജനതാദളില്‍ തുടക്കം പിന്നീട് ബിജെപിയില്‍; ജഗ്ദീപ് ധന്‍കറിന്റെ ജീവിതം, രാഷ്ട്രീയം
ജഗ്ദീപ് ധന്‍കര്‍ (Image Credits: TV9 Bharatvarsh)
shiji-mk
Shiji M K | Updated On: 10 Dec 2024 18:10 PM

പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റ് വഴികളില്ലാതായതോടെയാണ് ഈ വേദനാജനകമായ തീരുമാനം കൈക്കൊണ്ടതെന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്. പ്രതിപക്ഷ നിരയിലെ എഴുപതോളം എംപിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എസ് പി, ഡിഎംകെ, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചത്.

അവിശ്വാസ പ്രമേയത്തിനുള്ള കാരണം

പ്രതിപക്ഷ എംപിമാരുടെ പ്രസംഗങ്ങള്‍ തടസപ്പെടുത്തുക. നിര്‍ണായക വിഷയങ്ങളില്‍ വേണ്ടത്ര സംവാദം അനുവദിക്കാതിരിക്കുക. ചര്‍ച്ചകളില്‍ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ജഗ്ദീപ് ധന്‍കറിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സമയം കുറച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗം തടസപ്പെടുത്തുന്നു എന്നതാണ് പ്രധാന വിഷയം. ഖാര്‍ഗെയുടെ മൈക്ക് ഒന്നിലധികം തവണ ഓഫാക്കിയും ധന്‍കര്‍ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി ബന്ധപ്പെട്ട ആലോചനകള്‍ പ്രതിപക്ഷത്ത് നടക്കുന്നതായി ഈ വര്‍ഷം ആദ്യം മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആരാണ് ജഗ്ദീപ് ധന്‍കര്‍?

രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കിതാന എന്ന ഗ്രാമത്തില്‍ 1951ലാണ് ജഗ്ദീപ് ധന്‍കറിന്റെ ജനനം. കിതാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ധന്‍കര്‍ പിന്നീട് ചിറ്റോര്‍ഗഡിലെ സൈനിക സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജയ്പൂര്‍ മഹാരാജാസ് കോളേജില്‍ നിന്ന് ഫിസിക്‌സിലും ജയ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തിലും ബിരുദം സ്വന്തമാക്കുകയുമുണ്ടായി. നിയമത്തില്‍ ബിരുദം നേടിയതിന് ശേഷം രാജസ്ഥാന്‍ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്.

ജനതാദള്‍ വഴിയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. രാജസ്ഥാനിലെ ജുന്‍ജുനു എന്ന സ്വന്തം ജില്ലയില്‍ നിന്ന് തന്നെയാണ് കന്നിയങ്കം നടത്തിയതും. 1989ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ശേഷം 1989 മുതല്‍ 1991 വരെ ലോക്‌സഭ അംഗമായി സേവനമനുഷ്ഠിച്ചു. 1991 മുതല്‍ 1998 വരെ കിഷാന്‍ഗറില്‍ നിന്നുള്ള രാജസ്ഥാന്‍ വിദാന്‍ സഭാംഗവുമായി.

Also Read: One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

പിന്നീട് 1990 മുതല്‍ 1991 വരെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യമന്ത്രിയായി. 1993 മുതല്‍ 1998 വരെ രാജസ്ഥാന്‍ നിയമസഭാംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കിഷന്‍ഗഢ് മണ്ഡലത്തില്‍ നിന്നാണ് അന്ന് അദ്ദേഹം ജനവിധി തേടിയിരുന്നത്. എന്നാല്‍ പിന്നീട് 2004ല്‍ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.

2019ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേസരിനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് ജഗ്ദീപ് ധന്‍കര്‍ പശ്ചിമബംഗാളിലേക്ക് എത്തുന്നത്. എന്നാല്‍ താരതമ്യേന സൗമ്യനായ ധന്‍കറിന്റെ മമത ബാനര്‍ജി സര്‍ക്കാരിനോടുള്ള സമീപനം അത്ര സൗമ്യമായിരുന്നില്ല. ജഗ്ദീപ് ധന്‍കറും മമത ബാനര്‍ജിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കാലത്ത് വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ധന്‍കറും മമതയും നേര്‍ക്കുനേര്‍

ജഗ്ദീപ് ധന്‍കര്‍ ബംഗാളില്‍ ഗവര്‍ണറായി നിയമിതനായത് മുതല്‍ തൃണമൂല്‍ സര്‍ക്കാരുമായി തുറന്നപോര് ആരംഭിച്ചിരുന്നു. അതിന് പ്രധാന കാരണമായത് ഗവര്‍ണറെ നിയമിച്ച കാര്യം മുഖ്യമന്ത്രിയായ മമത ബാനര്‍ജി അറിഞ്ഞില്ല എന്നതാണ്. സാധാരണ ഗതിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ഇങ്ങനെ ചര്‍ച്ചകള്‍ നടക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ ഇങ്ങനെ ചര്‍ച്ച നടത്തുന്നത് സര്‍ക്കാരുകളുടെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ്.

എന്നാല്‍ ധന്‍കറിന്റെ നിയമനത്തെ സംബന്ധിച്ച് യാതൊരു വിവരവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മമതയുമായി ചര്‍ച്ച ചെയ്തിരുന്നില്ല. ധന്‍കറെ നിയമിച്ചതിന് ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം മമത ബാനര്‍ജിയോട് പറഞ്ഞത്.

2021ല്‍ നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ കലാപം മുതല്‍ വിവിധ ബില്ലുകള്‍ പാസാക്കുന്നത് വൈകുന്നത് വരെയുള്ള കാര്യങ്ങളില്‍ മമതയും ധന്‍കറും ഏറ്റുമുട്ടിയിരുന്നു. പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുകയും പകരം ആ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തു.

ജഗ്ദീപ് ധന്‍കറിനെ ബിജെപി ഏജന്റായാണ് മമത സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വം അദ്ദേഹത്തെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മികച്ച ഗവര്‍ണര്‍ എന്ന് വിശേഷിപ്പിച്ചു. മമത ബാനര്‍ജിക്കെതിരെ പോരാട്ടം നടത്താനല്ല പകരം സര്‍ക്കാരിന്റെ നിയമസഭയുടെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു ധന്‍കര്‍ പറഞ്ഞിരുന്നത്.