5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prasanth Alexander: ‘കൂട്ടുകാരന്‍ കഥാപാത്രങ്ങള്‍ മാത്രം ചെയ്താല്‍ പോരെന്ന് തോന്നി, ആ തിരിച്ചറിവില്‍ നായകമോഹം ഉപേക്ഷിച്ചു’

Prasanth Alexander on his film career: എങ്ങനെയാണ് ടിവിയിലെത്തുന്നതെന്നോ, എവിടെയാണ് സ്റ്റുഡിയോ എന്നോ അന്ന് അറിയില്ലായിരുന്നു. കൊടൈക്കനാലില്‍ പിജിക്ക് പഠിക്കുമ്പോള്‍, അവിടെ ഏഷ്യാനെറ്റ് ഒരു പ്രോഗ്രാം കവര്‍ ചെയ്യാനെത്തിയിരുന്നു. താന്‍ ആ പരിപാടിയുടെ അവതാരകനായി. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഏഷ്യാനെറ്റിലെ 'വാല്‍ക്കണ്ണാടി'യിലെത്തിയതെന്ന് താരം

Prasanth Alexander: ‘കൂട്ടുകാരന്‍ കഥാപാത്രങ്ങള്‍ മാത്രം ചെയ്താല്‍ പോരെന്ന് തോന്നി, ആ തിരിച്ചറിവില്‍ നായകമോഹം ഉപേക്ഷിച്ചു’
പ്രശാന്ത് അലക്‌സാണ്ടര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 16 Mar 2025 11:41 AM

ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായി തുടങ്ങി, സിനിമാ നടനായി മാറിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. കൂട്ടുകാരന്‍ കഥാപാത്രങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. കരിയറില്‍ കുറച്ചുകാലം അവസരങ്ങള്‍ കുറഞ്ഞെങ്കിലും പിന്നീട് താരം ശക്തമായി തിരിച്ചുവന്നു. സിനിമാ ജീവിതത്തെക്കുറിച്ചും, നായകനാകാനുള്ള മോഹം ഉപേക്ഷിച്ചതിനെക്കുറിച്ചും പ്രശാന്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

2002ല്‍ ടിവിയിലെത്തി. എങ്ങനെയാണ് ടിവിയിലെത്തുന്നതെന്നോ, എവിടെയാണ് സ്റ്റുഡിയോ എന്നോ അന്ന് അറിയില്ലായിരുന്നു. കൊടൈക്കനാലില്‍ പിജിക്ക് പഠിക്കുമ്പോള്‍, അവിടെ ഏഷ്യാനെറ്റ് ഒരു പ്രോഗ്രാം കവര്‍ ചെയ്യാനെത്തിയിരുന്നു. താന്‍ ആ പരിപാടിയുടെ അവതാരകനായി. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഏഷ്യാനെറ്റിലെ ‘വാല്‍ക്കണ്ണാടി’യിലെത്തിയതെന്ന് താരം വ്യക്തമാക്കി.

അതിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായാണ് വന്നത്. അതിന്റെ പ്രീ പ്ലാനിങിന് ഇരുന്ന സമയത്താണ് ആ പരിപാടിക്ക് നാല് അവതാരകരുണ്ടെന്നും, അതില്‍ ഒരാള്‍ താനാണെന്നും അതിന്റെ പ്രൊഡ്യൂസര്‍ പറഞ്ഞത്. അങ്ങനെയാണ് തുടക്കം. പിന്നീട് എങ്ങനെയെങ്കിലും സിനിമയില്‍ കയറി പറ്റണമെന്നായിരുന്നു ആഗ്രഹം. സിനിമയില്‍ ഹീറോയാകണമെന്നായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

തുടര്‍ന്ന് ‘നമ്മള്‍’ എന്ന സിനിമയിലേക്ക് എത്തി. അതില്‍ കോളേജ് വിദ്യാര്‍ത്ഥിയായി, അവരുടെ സുഹൃത്തായി അഭിനയിച്ചു. അങ്ങനെ രണ്ട് മൂന്ന് കോളേജ് പടങ്ങള്‍ അടുപ്പിച്ച് ചെയ്തു. പിന്നീട് കൂട്ടുകാരന്‍ കഥാപാത്രങ്ങള്‍ മാത്രം ചെയ്താല്‍ പോരെന്ന് തോന്നി. സിനിമയുടെ റിയാലിറ്റി മനസിലാക്കിയപ്പോള്‍ അങ്ങനെയൊന്നും നായകനാകാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

അന്ന് ഒന്നു രണ്ട് സിനിമകളില്‍ നായകനായിട്ടുണ്ടെങ്കിലും, അതിനൊന്നും മെയിന്‍ സ്ട്രീം സിനിമകളോടൊപ്പം നില്‍ക്കാനുള്ള കരുത്തില്ലായിരുന്നു. പിന്നീടാണ് ഇങ്ങനത്തെ പ്രോജക്ടുകള്‍ തട്ടിക്കൂട്ട് പ്രോജക്ടുകളാണെന്നും, ഇതില്‍ പലതും റിലീസാകില്ലെന്നും, പ്രൊഡ്യൂസര്‍ക്ക് പണം നഷ്ടമാകുകയാണെന്നും, ഇത്തരം സിനിമകളിലൂടെ വന്നാല്‍ ആരും ശ്രദ്ധിക്കില്ലെന്നും തിരിച്ചറിഞ്ഞതോടെ നായകമോഹം ഉപേക്ഷിച്ചെന്നും പ്രശാന്ത് വെളിപ്പെടുത്തി.

Read Also: L2 Empuraan: ‘ചെകുത്താന്റെ വരവിന് സമയമറിയിച്ച് എമ്പുരാൻ; ആദ്യ പ്രദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതാ

എങ്ങനെയെങ്കിലും അഭിനേതാവായി നില്‍ക്കണമെന്നായിരുന്നു പിന്നീട്. നല്ല വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. റെസ്‌പെക്ട് കിട്ടുന്ന ആക്ടറായി മാറണം. അപ്പോഴാണ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതിലാണ് ആദ്യമായി ക്യാരക്ടര്‍ റോള്‍ കിട്ടുന്നത്. എന്നാല്‍ ആ സിനിമ പലതവണ റിലീസിന്റെ വക്കിലെത്തിയിട്ട് റിലീസാകാതെ പോയി. പിന്നീട് ഒരു ഞായറാഴ്ച അത് റിലീസായി. ആ സിനിമ കാര്യമായിട്ട് തിയേറ്ററില്‍ വര്‍ക്കായില്ല. പക്ഷേ, എന്റെ അടുത്ത് വന്ന് ആള്‍ക്കാര്‍ നന്നായി ചെയ്തുവെന്ന് പറഞ്ഞു. ആദ്യമായിട്ടായിരുന്നു അത്തരത്തിലുള്ള അനുഭവം. പക്ഷേ, പിന്നീട് അവസരം വരുന്നില്ലായിരുന്നുവെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

”എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്ന് പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു. അങ്ങനെ നാലഞ്ച് വര്‍ഷം കടന്നുപോയി. ഇതിനിടയില്‍ കല്യാണവും കഴിഞ്ഞു. ആവശ്യങ്ങളും ബാധ്യതയുമേറി. കല്യാണം കഴിഞ്ഞിട്ടും മാതാപിതാക്കളുടെ ചെലവില്‍ കഴിയുന്നത് മോശമാണെന്നുള്ള ചിന്ത അന്നില്ലായിരുന്നു. പിന്നെയാണ് ബള്‍ബ് കത്തുന്നത്. ഇത് ശരിയായ വഴിയല്ലല്ലോയെന്ന് തോന്നി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഭാര്യയും വേറൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. അത് നല്ലതാണെന്ന് അച്ഛനും തോന്നി”-പ്രശാന്തിന്റെ വാക്കുകള്‍.

ഇതിനിടയില്‍ ഓര്‍ഡിനറിയും, ബെസ്റ്റ് ആക്ടറുമൊക്കെ ചെയ്തു. പിന്നീട് ആക്ഷന്‍ ഹീറോ ബിജു, മധുരരാജ തുടങ്ങിയ സിനിമകളില്‍ നല്ല റോള്‍ കിട്ടി. കൊവിഡ് സമയത്ത് പഴയ ആര്‍ട്ടിസ്റ്റുകളുടെ അനാരോഗ്യം മൂലം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളുടെ ഒരു ഗ്യാപ് വന്നു. ഇതിനിടയില്‍ ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അവസരങ്ങള്‍ വന്നുതുടങ്ങി. കൊവിഡിന് ശേഷമാണ് ഈ പരിപാടികളൊക്കെ ഇങ്ങനെ വന്നതെന്നും താരം പറഞ്ഞു.