L2 Empuraan: ‘ചെകുത്താന്റെ വരവിന് സമയമറിയിച്ച് എമ്പുരാൻ; ആദ്യ പ്രദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതാ
Empuraan First Show:എമ്പുരാന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ കത്തിപടരുന്നത്.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം തീയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഇതിനു മുന്നോടിയായുള്ള ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന പ്രഖ്യാപനം എത്തികഴിഞ്ഞു. എമ്പുരാന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ കത്തിപടരുന്നത്.
മാർച്ച് 27ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അവിടത്തെ ടൈം സോൺ അനുസരിച്ചായിരിക്കും പ്രദർശന സമയം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്.
Also Read:‘എമ്പുരാനെ കുറിച്ച് ചോദിച്ച് ദിവസവും നൂറും നൂറ്റമ്പതും മെസേജ് വരുന്നുണ്ട്, എന്നാല്‍…’
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപി ആണ് തിരകഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സുരാജ് വെഞ്ഞാറനമൂട്, ഇന്ദ്രജിത്ത് സുമകുമാരൻ തുടങ്ങിയ മലയാള താരങ്ങൾക്കൊപ്പം ഹോളിവുഡ് ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.
2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ വച്ച് ചിത്രീകരണം നടന്നതായാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി 26 ന് ആദ്യ ടീസർ പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം എമ്പുരാനിൽ നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയിരുന്നു. ഇതിനു പിന്നാലെ ചിത്രം തീയറ്ററുകളിലേക്ക് എത്താൻ വൈകുമോ എന്ന ആശങ്ക ആരാധകരിൽ ഉണ്ടായിരുന്നു. ചിത്രം നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഗോകുലം മൂവീസും ചിത്രത്തിന്റെ പങ്കാളിയായി എത്തിയത്. ഇതോടെ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമായതിന് പിന്നാലെ ഗോകുലം ഗോപാലന് നന്ദി അറിയിച്ച് മോഹൻലാൽ രംഗത്ത് എത്തിയിരുന്നു.