Gopi Sundar : പോസ്റ്റിനു താഴെ അതിരുവിട്ട കമൻ്റുകൾ; കേസ് കൊടുത്ത് ഗോപി സുന്ദർ
Gopi Sundhar Issue: പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലിൽ ആണ് പ്രതികൾ ഇത്തരം കമൻ്റുകൾ നടത്തിയിട്ടുള്ളത് എന്ന് ഗോപി സുന്ദർ പറയുന്നു.
ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയുടെ താഴെ അശ്ലീല കമൻ്റിട്ടയാൾക്കെതിരെ പരാതി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sunder). അതിരുവിട്ട കമൻ്റിട്ട ആൾക്കെതിരെ സൈബർ പോലീസിൽ പരാതി നൽകിയതായി ഗോപി സുന്ദർ തൻ്റെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. കൂടാതെ പരാതിയുടെ പകർപ്പും അദ്ദേഹം പങ്കുവെച്ചു. അടുത്തിടെയായി സ്വകാര്യം ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഗോപി സുന്ദറിൻ്റെ പേരിൽ ഉയർന്നിരുന്നു.
പ്രണയവും ലിവിങ് ടുഗെദറും മടിയില്ലാതെ പരസ്യമാക്കുന്ന വ്യക്തിയാണ് ഗോപി സുന്ദർ. അതുകൊണ്ട് സംഗീത സംവിധായകൻ കടുത്ത സൈബർ ആക്രമണം സോഷ്യൽ മീഡിയയിലൂടെ നേരിടുന്നത്. ഈ കഴിഞ്ഞ ദിവസം ചിങ്ങം ഒന്ന് പ്രമാണിച്ച് സംഗീത സംവിധായകൻ ഫേസ്ബുക്കിൽ തൻ്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. അതിൽ ചിലർ മോശം കമൻ്റുകളുമായി വന്നു. മറ്റ് ചിലർ കേട്ടാൽ അറയ്ക്കുന്ന തെറിവാക്കുകളും കമൻ്റ് ചെയ്തിട്ടുണ്ട്. അതിരുവിട്ടപ്പോഴാണ് ഗോപി സുന്ദർ കേരള പോലീസിൻ്റെ സൈബർ വിഭാഗത്തിൽ പരാതി നൽകിയത്.
പരാതിയുടെ പകർപ്പ് ‘ഇനി നമുക്ക് സപ്താഹം വായിക്കാം’ എന്ന തലക്കെട്ടോടെയാണ് ഗോപി പങ്കുവെച്ചത്.
പരാതിയിൽ പറയുന്നത്
“ഞാൻ വർഷങ്ങളായി ഇന്ത്യൻ സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഗീത സംവിധായകനാണ്, കൂടാതെ ദേശീയ-സംസ്ഥാന അവാർഡുകൾ ലഭിച്ചതിൽ അനുഗ്രഹീതനുമാണ്. ഈയിടെയായി എൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വിവിധ ആളുകൾ എന്നെ അനാവശ്യമായി ടാർഗെറ്റുചെയ്യുന്നു. ഞാൻ അങ്ങേയറ്റം സംയമനം പാലിക്കുകയും അത്തരം നിഷേധാത്മകമായ എല്ലാ ഉള്ളടക്കങ്ങളിൽ നിന്നും എന്നെത്തന്നെ അകറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരംതാഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീർത്തികരവുമാണ്. പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലിൽ ആണ് പ്രതികൾ ഇത്തരം കമൻ്റുകൾ നടത്തിയിട്ടുള്ളത് എന്ന കാര്യം ശ്രദ്ധിക്കണം. അത്തരം കമന്റുകൾ എൻ്റെ പ്രശസ്തിക്ക് ഹാനി വരുത്തി, എന്നെയും എൻ്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിച്ചു. ഈ കമന്റുകൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ട്രോൾ വീഡിയോകളായും മറ്റും പ്രചരിച്ചു. ഇത് കൂടുതൽ ദോഷം ചെയ്തു. തൻ്റെ അമ്മയെക്കുറിച്ച് ഇത്തരത്തിൽ ഒരു പരാമർശം നടത്താനുള്ള ഈ വ്യക്തിയുടെ ധീരത ആശങ്കാജനകവും വേദനാജനകവുമാണ്. അത്തരം പെരുമാറ്റങ്ങൾ പരിഗണിക്കാതെ വിട്ടാൽ ആർക്കെതിരെയും ഇത്തരം നീചമായ പരാമർശങ്ങൾ തുടരാൻ അത് ആ വ്യക്തിക്കോ മറ്റുള്ളവർക്കോ ധൈര്യം നൽകിയേക്കാം.”