Apsara Ratnakaran: നല്ലതെന്ന് കരുതി നമ്മള്‍ കൂടെക്കൂട്ടുന്നത് പലതും വേദനിപ്പിച്ചേക്കാം: അപ്‌സര
Apsara Ratnakaran Interview: ബിഗ് ബോസിനകത്ത് ഉണ്ടായിരുന്നതുപോലെ ഉള്ള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് റെസ്മിനാണ്. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്ന സമയത്ത് ജാന്‍മോണി ചേച്ചി പറഞ്ഞ പല കാര്യങ്ങളും ഞാന്‍ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ഞാന്‍ പറഞ്ഞതായിരുന്നു ശരി എന്ന് ജാന്‍മോണി ചേച്ചി പല ചാനലുകളോടും പറഞ്ഞു.
മലയാളം ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക മനസിലിടം നേടിയ താരമാണ് അപ്‌സര രത്‌നാകരന്‍. ഇതിനോടകം നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം ബിഗ് ബോസിലൂടെയും മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. തന്റെ ജീവിതത്തില്‍ ബിഗ് ബോസിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അപ്‌സര. ടിവി9 മലയാളം ഡയലോഗ് ബോക്‌സിലൂടെ അപ്‌സര മനസുതുറക്കുന്നു…
അപ്സര പോലീസ് സര്‍വീസിലേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, അതിന്റെ സത്യാവസ്ഥ എന്താണ്?
എന്റെ അച്ഛന്‍ പോലീസ് സര്‍വീസിലായിരുന്നു, അദ്ദേഹം സര്‍വീസില്‍ ഇരിക്കുമ്പോഴാണ് മരിച്ചത്. അപ്പോള്‍ ആശ്രിത നിയമനത്തിന് വേണ്ടി ഞാനാണ് അപേക്ഷിച്ചത്. ഇപ്പോള്‍ അടുത്താണ് ഗവണ്‍മെന്റ് ഓര്‍ഡര്‍ ആയത്, പക്ഷെ അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ ഒന്നും ലഭിച്ചിട്ടില്ല. പിന്നെ പോലീസ് ആയിട്ടുമല്ല ഞാന്‍ ആപ്ലിക്കേഷന്‍ കൊടുത്തത്. കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ ഉദ്ഘാടനത്തിനായി പോയപ്പോള്‍ ഞാന്‍ കുട്ടികളോട് പറഞ്ഞിരുന്നു, നമ്മള്‍ എന്ത് ജോലി ചെയ്യുമ്പോഴും സന്തോഷത്തോടെ വേണം ചെയ്യാന്‍. അപ്പോള്‍ മാത്രമേ നമുക്ക് അതൊരു ഭാരമായിട്ട് തോന്നാതിരിക്കൂവെന്ന്. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഒരുപാട് സ്നേഹിച്ച് ആഗ്രഹിച്ച് നേടിയെടുത്തതാണ്. എത്ര പ്രയത്നിക്കേണ്ടി വന്നാലും അതൊരു ബുദ്ധിമുട്ടായിട്ട് എനിക്ക് തോന്നുന്നില്ല. അച്ഛന്റെ മരണത്തോടെ ലഭിക്കുന്ന ജോലിയിലേക്ക് എന്നാണെങ്കിലും കയറേണ്ടതായി വരും. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ ഹാപ്പിയായിട്ടിരിക്കുക അഭിനയിക്കുമ്പോഴാണെന്ന് പറഞ്ഞിരുന്നു. അന്ന് ഒരുപാട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അവരതിനെ വളച്ചൊടിച്ച് ഞാന്‍ അഭിനയം നിര്‍ത്തി ഇനി പോലീസ് യൂണിഫോമില്‍ എന്ന തരത്തിലൊക്കെ വാര്‍ത്ത കൊടുത്തു.
ഒരുപാട് ആഗ്രഹിച്ചിട്ടാണ് ബിഗ് ബോസില്‍ എത്തിയതെന്ന് ഷോയിലും അല്ലാതെയുമൊക്കെ പറഞ്ഞിട്ടുണ്ട്, എങ്ങനെയായിരുന്നു ബിഗ് ബോസിലേക്കുള്ള എന്‍ട്രി?
എനിക്ക് ബിഗ് ബോസിലേക്ക് എത്തിപ്പെടണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ തന്നെ സാന്ത്വനം എന്ന സീരിയല്‍ ആണ് ഞാന്‍ അവസാനമായി ചെയ്തത്. അത് കഴിഞ്ഞ കുറച്ചുനാള്‍ കഴിഞ്ഞപ്പോളാണ് ബിഗ് ബോസിന്റെ ഓഡിഷന്‍ നടന്നത്. ഏറ്റവും അവസാനമാണ് എന്നെ വിളിക്കുന്നത്. ഒരുപാട് ആഗ്രഹിച്ച് എത്തിയ ഒരു പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ ആ ഒരു ബഹുമാനവും പ്രാധാന്യവുമെല്ലാം ഞാന്‍ നല്‍കിയിരുന്നു. പ്രതീക്ഷിച്ചിട്ടില്ല ഇത്രയും നാള്‍ എനിക്ക് അവിടെ നില്‍ക്കാന്‍ സാധിക്കുമെന്ന്. ഞാന്‍ അഭിനയിച്ചതില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് ഹൈലൈറ്റ് ചെയ്ത് നില്‍ക്കുന്നത്. അതുകൊണ്ട് ബിഗ് ബോസില്‍ ചെന്നപ്പോള്‍ സീരിയലില്‍ ചെയ്തതല്ല എന്റെ യഥാര്‍ത്ഥ സ്വഭാവമെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെയോ വാര്‍ത്തകളെയോ ഞാന്‍ കാര്യമായെടുക്കുന്നില്ല.
ബിഗ് ബോസ് അവസാനിച്ചിട്ട് നാളുകള്‍ പിന്നിടുകയാണ്. ഈയൊരു നിമിഷത്തിനുള്ളില്‍ ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയോ?
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്ടീവായിട്ടുള്ള ആളല്ലായിരുന്നു ഞാന്‍. അഭിനയത്തിലൂടെ ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. പക്ഷെ നമ്മുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് ആളുകള്‍ക്ക് അറിയില്ലല്ലോ. നമ്മള്‍ ഒരു സീരിയലോ അല്ലെങ്കില്‍ ഒരു പ്രോഗ്രാമോ ചെയ്യുമ്പോഴുള്ള കഥാപാത്രത്തെ മാത്രമേ ആളുകള്‍ക്ക് അറിയുകയുള്ളു. പക്ഷെ ബിഗ് ബോസില്‍ എത്തിയപ്പോള്‍ നമ്മള്‍ എന്താണെന്നും ഒരു പ്രശ്നം വരുമ്പോള്‍ അതിനെ എങ്ങനെ നേരിടാനാകുമെന്നും പഠിക്കാന്‍ സാധിച്ചു. ഞാനെന്ന ആര്‍ട്ടിസ്റ്റിനെ 11 വര്‍ഷമായി ആളുകള്‍ക്കറിയാം. പക്ഷെ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവര്‍ മനസിലാക്കിയത്. അവിടെ നിന്ന് ഒരുപാട് സൗഹൃദങ്ങളുണ്ടായി.
കലാരംഗത്തുള്ളവര്‍ക്ക് ആളുകളെ ചേര്‍ത്ത് പിടിക്കാനോ കൂടെ നിര്‍ത്താനോ ഒക്കെ വലിയ ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് വലിയ സൗഹൃദ വലയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബിബിയില്‍ നിന്നിറങ്ങിയ ശേഷം എനിക്കിപ്പോള്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. അതാണ് എന്റെ ലൈഫില്‍ വന്ന ഏറ്റവും വലിയ മാറ്റം. നമുക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴോ ബുദ്ധിമുട്ടുകള്‍ വരുമ്പോഴോ ധൈര്യത്തോടെ വിളിക്കാന്‍ ഇപ്പോള്‍ ആളുകളുണ്ട്. ഇതുമാത്രമല്ല, ഫിനാന്‍ഷ്യലിയും എനിക്ക് ഗുണം മാത്രമേ സംഭവിച്ചിട്ടുള്ളു.
പക്ഷെ, ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം വര്‍ക്കുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. ബിബിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ എന്നെ സിനിമയില്‍ വിളിക്കുകയോ അല്ലെങ്കില്‍ സീരിയലുകള്‍ ലഭിക്കുകയോ ഉണ്ടായിട്ടില്ല. നല്ല പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. നല്ലതിന് വേണ്ടി കാത്തിരിക്കാമെന്ന് തീരുമാനമെടുക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്.
ബിഗ് ബോസില്‍ ആണെങ്കിലും പുറത്താണെങ്കിലും സൗഹൃദത്തിന്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നു…
ഞാന്‍ അങ്ങനെ പെട്ടെന്ന് ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ഒരാളല്ല. ഒരുപാട് സമയമെടുത്താണ് ആളുകളുമായി ഇടപെടുന്നത്. ഞാനൊരിക്കലും ഒരാളുടെ ഭംഗിയോ സാമ്പത്തികമോ സാഹചര്യങ്ങളോ നോക്കി സൗഹൃദം സ്ഥാപിച്ചെടുക്കാറില്ല. ഞാന്‍ അവരുടെയെല്ലാം ക്യാരക്ടറിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതുകൊണ്ടായിരിക്കും ചില സൗഹൃദങ്ങള്‍ തുടക്കം മുതലുള്ളതുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നത്. നമ്മള്‍ വിചാരിക്കുന്ന സ്വഭാവമല്ല അവരുടേതെന്ന് മനസിലാക്കിയാല്‍ പിന്നെ അടിയുണ്ടാക്കി മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമില്ല.
റെസ്മിന്‍, സിജോ, നിഷാന, ജാന്‍മോണി, സായി, നന്ദന, അഭിഷേക്, ജാസ്മിന്‍, ഗബ്രി അങ്ങനെ ഒരുപാട് ആളുകളുമായി സൗഹൃദമുണ്ടായി. പുറത്തിറങ്ങിയിട്ടും റെസ്മിന്‍ ഇപ്പോഴും എന്നെ കോണ്‍ടാക്ട് ചെയ്യുന്നുണ്ട്. ഞാന്‍ ഇതുവരെ ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. എപ്പിസോഡ് മാത്രമല്ല, ഇനിയിപ്പോള്‍ ആരെങ്കിലും എനിക്ക് എതിരെ കൊടുത്ത ഇന്റര്‍വ്യൂ ആണെങ്കില്‍ പോലും കണ്ടിട്ടില്ല. അത് ഇനി കണ്ടാല്‍ ബുദ്ധിമുട്ടാകും, കാരണം അവര്‍ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞുവെന്ന് അറിഞ്ഞാല്‍ വീണ്ടും വിഷമം വരും.
ബിഗ് ബോസിനകത്ത് ഉണ്ടായിരുന്നതുപോലെ ഉള്ള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് റെസ്മിനാണ്. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്ന സമയത്ത് ജാന്‍മോണി ചേച്ചി പറഞ്ഞ പല കാര്യങ്ങളും ഞാന്‍ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ഞാന്‍ പറഞ്ഞതായിരുന്നു ശരി എന്ന് ജാന്‍മോണി ചേച്ചി പല ചാനലുകളോടും പറഞ്ഞു. ശരണ്യയോട് ആണെങ്കിലും എനിക്ക് കോണ്‍ടാക്ട് ഉണ്ട്. കുറേ ആളുകളെ കിട്ടി അതുതന്നെയാണ് കാര്യം.
എന്റെ ലൈഫ് ഇനി ഇങ്ങനെ പോയാല്‍ പോരാ, കുറേ മാറ്റങ്ങള്‍ വേണ്ടതാണെന്ന് തോന്നിയിട്ടുണ്ടോ?
ഞാന്‍ ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രധാന്യം കൊടുക്കുന്ന ആളാണ്. ആരോടെങ്കിലും കമിന്റ്മെന്റ് തോന്നി കഴിഞ്ഞാല്‍ അത് അതുപോലെ സൂക്ഷിക്കുന്ന ഒരാളാണ്. അതിന്റെ പേരില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ബുദ്ധിമുട്ടേണ്ടതായി വന്നിട്ടുണ്ട്. ഞാന്‍ അനുഭവിച്ചിരുന്ന പല ബുദ്ധിമുട്ടുകളും, ഞാന്‍ അവരോട് അത് പറഞ്ഞാല്‍ അവര്‍ക്ക് വിഷമമാകുമോ, അവര്‍ക്ക് ഞാനില്ലെങ്കില്‍ ബുദ്ധിമുട്ടാകുമോ എന്നൊക്കെ ചിന്തിച്ച് ഞാന്‍ ഒന്നിനോടും പ്രതികരിക്കാതെ അങ്ങനെ കൂടെ നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ അങ്ങനെയല്ല, ഒരിടത്തും സങ്കടപ്പെട്ട്, ബുദ്ധിമുട്ടി അല്ലെങ്കില്‍ സഹിച്ച് നില്‍ക്കേണ്ട കാര്യമില്ല. നമുക്ക് ഒരു ലൈഫ് ഉള്ളു, അതുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കാതെ നമുക്ക് വേണ്ടി ജീവിക്കാം.
നമ്മള്‍ എന്ത് തീരുമാനിക്കുമ്പോഴും ഒരുപാട് തവണ ചിന്തിക്കണം. യെസ് പറയാനാണെങ്കിലും നോ പറയാന്‍ ആണെങ്കിലും ഒരുപാട് തവണ ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല. നല്ല ബന്ധങ്ങള്‍ മാത്രം ജീവിതത്തില്‍ സൂക്ഷിക്കുക. കാണുന്നവരെ എല്ലാം കണ്ണടച്ച് വിശ്വസിക്കരുത്. നമ്മള്‍ മറ്റൊരാളെ നോക്കി കാണുന്നത് അതുകൊണ്ട് തന്നെ എല്ലാത്തിലും പരിമിതികളുണ്ട്. പെട്ടെന്ന് കാണുന്ന ഒരാള് നല്ലതാണ് അല്ലെങ്കില്‍ അവരുടെ ഈ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതി അവരെ കൂടെ കൂട്ടി, പിന്നീട് അവര്‍ പെട്ടെന്ന് നമ്മുടെ ലൈഫില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ നമുക്കത് താങ്ങാനാകില്ല. ഇത് ഞാനെന്റ് ജീവിതത്തില്‍ നിന്ന് പഠിച്ചതാണ്.
ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് പുറത്തുപോകേണ്ടി വന്നതിന് കാരണം ഇതുവരെ അന്വേഷിച്ചിട്ടില്ല…
വോട്ടും പിന്നെ വേറെ എന്തെക്കെയോ ഘടകങ്ങളാണ് നമ്മളെ അതിനുള്ളില്‍ നിര്‍ത്തുന്നത്, ഞാന്‍ ഇതുവരെ എന്തുകൊണ്ടാണ് പുറത്തുപോകേണ്ടി വന്നത് എന്ന് ചിന്തിച്ചിട്ടില്ല. അവിടെ ചെന്ന നാള്‍ മുതല്‍ മരിച്ച് പണിയെടുത്ത ഒരാളാണ് ഞാന്‍. അത് അവിടുത്തെ ടെക്നീഷ്യന്മാരും ഉള്‍പ്പെടെ എല്ലാവരും പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം ചെയ്തതിനുള്ള റിസള്‍ട്ട് അവിടെ നിന്ന് ലഭിച്ചില്ലെങ്കിലും ജീവിതത്തില്‍ എപ്പോഴെങ്കിലും ലഭിക്കും. വേറെ എന്തോ നല്ലത് എനിക്കായി ദൈവം കാത്തുവെച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ബിബി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റിന്റെ പോലും ഒരു പരിപാടിക്കും എന്നെ വിളിച്ചിട്ടില്ല. അത് എന്തുകൊണ്ടായിരിക്കാം, അല്ലെങ്കില്‍ ആരും വിളിക്കുന്നില്ല എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. അതിന് കാരണം ബിബിയില്‍ ഇട്ട എഫേര്‍ട്ടിനുള്ള റിസള്‍ട്ട് എപ്പോഴെങ്കിലും ലഭിക്കുമെന്ന അനുഭവം എന്നെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഒരു അവസരം തന്നെ ആളെകൊണ്ട് ഇവരെ ഇതിന് വിളിക്കേണ്ടായിരുന്നുവെന്ന് തോന്നിപ്പിക്കരുത് അത്രേ ഉള്ളു എനിക്ക്. കാശ് തന്ന ആളുകളെ വേദനിപ്പിക്കേണ്ടി വന്നില്ല എന്തായാലും. ആത്മാര്‍ത്ഥമായിട്ടുള്ള ആളുകള്‍ മാത്രമല്ലല്ലോ വോട്ട് ചെയ്യുന്നത്. വോട്ട് എങ്ങനെയും നേടാനും സാധിക്കും.
മറ്റ് മത്സരാര്‍ത്ഥികളെല്ലാം പി ആര്‍ ടീമിനെ വെച്ചപ്പോള്‍ അപ്സര എന്തുകൊണ്ട് അത് ചെയ്തില്ല?
അങ്ങനെ പി ആര്‍ ടീമിനെ വെക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ സോഷ്യല്‍ മീഡിയ പേജും കാര്യങ്ങളൊക്കെ ഹാന്‍ഡില്‍ ചെയ്തിരുന്നത് ചേച്ചിയും ഹസ്ബന്‍ഡും എന്റെ ഒരു കസിനുമൊക്കെയാണ്. പഴയ ഇന്‍സ്റ്റ പേജ് പോയി. അതില്‍ അത്യാവശ്യം ഫോളോവേഴ്സ് ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ പുതുതായി തുടങ്ങിയ അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. അന്ന് ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞിരുന്ന കാര്യം ഇത് ഒരിക്കലും ലീക്ക് ആവരുത് എന്നായിരുന്നു. വളരെ രഹസ്യമായിട്ട് വേണം സൂക്ഷിക്കാന്‍ എന്നൊക്കെ പറഞ്ഞിരുന്നു. ഞാന്‍ അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിച്ചതുകൊണ്ട് പി ആര്‍ ടീമിനെ ഒന്നും വെച്ചില്ല. പക്ഷെ അതൊരു മണ്ടത്തരമായി പോയി എന്ന് പുറത്തിറങ്ങിയപ്പോള്‍ മനസിലായി.
സാന്ത്വനത്തിലെ ജയന്തിയായി ഇപ്പോഴും അറിയപ്പെടുന്നത് അംഗീകാരമല്ലെ?
എന്റെ അമ്മയേക്കാള്‍ പ്രായമുള്ള ആന്റിമാര്‍ വന്ന് അയ്യോ ജയന്തി ചേച്ചി എന്നുവിളിക്കാറുണ്ട്. അവരൊക്കെ ആ കഥാപാത്രത്തിനെ വളരെയധികം മനസില്‍ സൂക്ഷിക്കുന്നുണ്ട്. ഞാനിപ്പോള്‍ ബിഗ് ബോസില്‍ പോയി, അപ്പോള്‍ ബിഗ് ബോസില്‍ പോയ അപ്സര എന്ന രീതിയില്‍ അല്ലെ സ്വാഭാവികമായും അറിയപ്പെടുക. എന്നാല്‍ ഞാനിപ്പോഴും സാന്ത്വനത്തിലെ ജയന്തിയാണ്. അവരുടെ മനസില്‍ ആ കഥാപാത്രം ഇപ്പോഴുമുണ്ടല്ലോ എന്നതില്‍ സന്തോഷമുണ്ട്. വലിയൊരു ബ്രേക്ക് തന്നൊരു കഥാപാത്രം തന്നെയായിരുന്നു. എന്നും സീനുണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നില്ല ജയന്തി. പക്ഷെ ഉള്ള എല്ലാ സീനും എനിക്ക് ഭംഗിയായി ചെയ്യാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.
ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണല്ലോ…
ഞാന്‍ അവസരങ്ങള്‍ തേടി അങ്ങോട്ടേക്ക് പോകുന്ന ആളല്ല. പക്ഷെ കിട്ടി കഴിഞ്ഞാല്‍ അത് ഭംഗിയായി ചെയ്യും. പക്ഷെ അവസരങ്ങള്‍ നമ്മളെ തേടി ഇങ്ങോട്ട് എത്തില്ലെന്ന് എനിക്ക് മനസിലായി. ഇങ്ങോട്ട് അവസരങ്ങള്‍ വരുമെന്ന് വിചാരിച്ച് കാത്തിരിക്കുന്നത് വെറുതെയാണ്. ഇപ്പോള്‍ ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ ആളുകള്‍ക്കിടയില്‍ ലൈവായിട്ട് നില്‍ക്കാന്‍ സാധിക്കും. അതിനോട് ഒരിഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട്.