Vijaya Rangaraju : അഭിനയിച്ചത് നിരവധി സിനിമകള്‍, അതില്‍ പ്രിയപ്പെട്ട വേഷം വിയറ്റ്‌നാം കോളനിയിലേതും; ‘റാവുത്തര്‍’ വിജയ രംഗരാജുവിന് സമ്മാനിച്ചത്
Actor Vijaya Rangaraju passes away : ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് ചെന്നൈയിലെത്തിച്ചത്. ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. വിടവാങ്ങിയത് മലയാളത്തിനും പ്രിയപ്പെട്ട നടന്‍
വിജയ രംഗരാജു എന്ന നടന്‍ ഇതുവരെ മലയാളിക്ക് റാവുത്തറായിരുന്നു. ഇനിയെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. വിജയരംഗരാജുവിന്റെ സിനിമാ ജീവിതത്തില്‍ പറയാന്‍ ഒരുപാട് മലയാള ചിത്രങ്ങളൊന്നുമില്ല. എന്നാല്‍ പ്രേക്ഷകന്റെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ ഒറ്റ കഥാപാത്രം തന്നെ ധാരാളമെന്ന് വിയറ്റ്‌നാം കോളനിയിലെ ‘റാവുത്ത’റിലൂടെ അദ്ദേഹം തെളിയിച്ചു. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്രയും ‘തലയെടുപ്പു’ള്ള പ്രതിനായക വേഷങ്ങള്‍ അപൂര്‍വമായിരിക്കും. വിജയ രംഗരാജുവിന്റെ ആകാരവും, എന്‍.എഫ്. വര്‍ഗീസിന്റെ ശബ്ദവും സമം ചേര്‍ന്ന ഒരു ക്ലാസിക് കലാ സൃഷ്ടിയായിരുന്നു റാവുത്തര്‍. റാവുത്തറിന്റെ രംഗപ്രവേശം മുതല്‍ സിനിമ അവസാനിക്കുന്നതുവരെ ആ കഥാപാത്രം പ്രേക്ഷകനില്‍ ജനിപ്പിച്ച ഉദ്യേഗവും ഭീതിയും പകരം വയ്ക്കാനാകാത്തതാണ്. നായകനോളം മികച്ചുനിന്ന വില്ലനെന്ന് നിസംശയം പറയാവുന്ന വേഷം.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടും വിയറ്റ്‌നാം കോളനിയിലെ കഥാപാത്രം സമ്മാനിച്ച പ്രശസ്തി വേറൊരു ചിത്രത്തിലൂടെയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഇനി ലഭിക്കില്ലെന്നും വിജയ രംഗരാജു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അമൃത ചാനലിലെ ‘ലാല്‍സലാം’ എന്ന പരിപാടിയിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
”1973ലാണ് ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ എനിക്ക് വിയറ്റ്‌നാംകോളനിയില്‍ ലഭിച്ച പേര് ഇതുവരെ വേറെ എവിടെയും ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനും പോകുന്നില്ല”-വിജയ രംഗരാജു പറഞ്ഞു.
റാവുത്തര്‍ വേഷത്തിലേക്ക് ഒരാളെ ലഭിക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നാണ് പരിപാടിയുടെ അവതാരകനായ നടന്‍ മോഹന്‍ലാലും പറഞ്ഞത്. സിദ്ദിഖ്-ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനിയിലേക്ക് എങ്ങനെയാണ് താന്‍ എത്തിയതെന്നും വിജയ് രംഗരാജു ആ പരിപാടിയില്‍ പറഞ്ഞിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി വഴിയാണ് സംവിധായകന്‍ ലാലിനെ പരിചയപ്പെടുന്നതെന്നും, അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയതെന്നും താരം പറഞ്ഞു.
40 ദിവസമാണ് വിയറ്റ്‌നാം കോളനിയില്‍ പ്രവര്‍ത്തിച്ചത്. അപ്പോള്‍ സ്വന്തം നാടായ ചെന്നൈ പോലും മറന്നു. 40 ദിവസവും താന്‍ യഥാര്‍ത്ഥത്തില്‍ റാവുത്തറായി മാറിയെന്നും വിജയ രംഗരാജു പരിപാടിയില്‍ തുറന്നുപറഞ്ഞു.
Read Also : വിയറ്റ്നാം കോളനിയെ വിറപ്പിച്ച റാവുത്തർ ഇനി ഇല്ല; നടൻ വിജയ രംഗരാജു അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ചെന്നൈയിലെത്തിച്ചത്. ചികിത്സയിലിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. നടന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെന്നൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെലുങ്ക് ചിത്രങ്ങളിലായിരുന്നു അദ്ദേഹം കൂടുതലായും അഭിനയിച്ചത്. വില്ലന്‍ വേഷങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ഭൈരവ ദ്വീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിംഗിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.