5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajinikanth Birthday : ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം; ശിവാജി റാവു എങ്ങനെ രജനികാന്തായി ?

Rajinikanth Turns 74 : ആദ്യ ചിത്രത്തിന് ശേഷം രജനികാന്തിനെ കാത്തിരുന്നത് എണ്ണം പറഞ്ഞ ചിത്രങ്ങള്‍. ഏത് വേഷങ്ങളും തന്നില്‍ ഭദ്രമെന്ന് തെളിയിച്ചു. വലിയൊരു ആരാധകസമൂഹത്തെ സൃഷ്ടിച്ചു

Rajinikanth Birthday : ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം; ശിവാജി റാവു എങ്ങനെ രജനികാന്തായി ?
രജനികാന്ത്‌ (image credits: PTI)
jayadevan-am
Jayadevan AM | Updated On: 12 Dec 2024 06:30 AM

ക്യാമറയ്ക്ക് മുന്നില്‍ ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷനുകളുടെയും അഭിനയപാടവത്തിന്റെയും ഉടമയായ ‘സ്റ്റൈല്‍ മന്നന്‍’. ചമയങ്ങള്‍ അഴിച്ചുവെച്ചാല്‍, ‘സ്റ്റാര്‍ഡ’ത്തിന്റെ ഭാരമില്ലാതെ, സാധാരണക്കാരനായി മാത്രം നടക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു മനുഷ്യന്‍. 50 വര്‍ഷത്തോളമായി ആരാധകര്‍ക്ക് കണ്ടും കേട്ടും പരിചയമുള്ള രജനികാന്ത് ഇങ്ങനെ തന്നെയാണ്. ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം.

ശിവാജി റാവുവില്‍ നിന്ന് രജനികാന്തിലേക്ക്‌

1950 ഡിസംബര്‍ 12ന് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന സ്ഥലത്തേക്ക് കുടിയേറിയ മറാത്ത കുടുംബത്തില്‍ ജനനം. യഥാര്‍ത്ഥ പേര് ശിവാജിറാവു ഗെയ്ക്വാദ്. പൊലീസ് കോണ്‍സ്റ്റബിളായിരുന്ന റാമോജി റാവുവിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയ സന്താനം. ഏഴാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു.

പിതാവ് വിരമിച്ചതിന് ശേഷം കുടുംബം ബെംഗളൂരുവില്‍ താമസമാക്കി. സിനിമാ ഭ്രമം ചെറുപ്പത്തില്‍ തന്നെ തലയ്ക്ക് പിടിച്ചിരുന്നു. സ്‌പോര്‍സിനോടും കമ്പമേറി. ‘കൂലി’ ജോലി ഉള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്തു. ഒടുവില്‍ ബാംഗ്ലൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ബസ് കണ്ടക്ടറായി ജോലി കിട്ടി.

ഇതിനിടെ നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. തുടര്‍ന്ന് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചെങ്കിലും കുടുംബം എതിര്‍ത്തു. എങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചിരുന്ന സമയത്ത്, സംവിധായകൻ കെ. ബാലചന്ദറിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് നിമിത്തമായത്. അങ്ങനെ ബാലചന്ദര്‍ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 18ന് പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്.

നടന്‍ ശിവാജി ഗണേശനുമായുള്ള പേരിലെ സാമ്യം, രജനികാന്ത് എന്ന പരിവര്‍ത്തനത്തിലേക്ക് വഴിവെട്ടി. താൻ സംവിധാനം ചെയ്ത മേജർ ചന്ദ്രകാന്ത് (1966) എന്ന സിനിമയിലെ കഥാപാത്രത്തിൻ്റെ പേരായ ‘രജനികാന്ത്’ എന്ന നാമം ബാലചന്ദറാണ് ശിവാജി ഗെയ്ക്വാദിന് സമ്മാനിച്ചത്. അന്ന് മുതല്‍ ശിവാജി രജനികാന്തായി.

Read Also : മലയാള സിനിമയിലും വിസ്മയം തീര്‍ത്ത സൂപ്പര്‍സ്റ്റാര്‍; ഇത് താന്‍ രജനി മാജിക്ക്‌

സൂപ്പര്‍സ്റ്റാര്‍

ആദ്യ ചിത്രത്തിന് ശേഷം രജനികാന്തിനെ കാത്തിരുന്നത് എണ്ണം പറഞ്ഞ ചിത്രങ്ങള്‍. ഏത് വേഷങ്ങളും തന്നില്‍ ഭദ്രമെന്ന് തെളിയിച്ചു. വലിയൊരു ആരാധകസമൂഹത്തെ സൃഷ്ടിച്ചു. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും താരപരിവേഷം തുടരാനാകുന്നത് അസാധ്യമായ ആ കലാവൈഭവം കൊണ്ട് മാത്രം. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ജന്മദിനത്തില്‍ ആരാധകര്‍ക്കായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.