Big Ticket : ഇന്നലെ വരെ സെയില്‍സ്മാന്‍, ഇനി കോടീശ്വരന്‍ ! ബിഗ് ടിക്കറ്റില്‍ മലയാളിക്ക് കിട്ടിയത് 57 കോടി
Big Ticket Abu Dhabi : 20 പേരുമായി ചേര്‍ന്നാണ് അരവിന്ദ് ടിക്കറ്റ് എടുത്തുന്നത്. 20 പേര്‍ക്കുമായി സമ്മാനത്തുക പങ്കിടുമെന്ന്, ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരകരായ റിച്ചാര്‍ഡിനോടും ബൗച്രയോടും അരവിന്ദ് പറഞ്ഞു
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അരവിന്ദ് അപ്പുക്കുട്ടന് 25 മില്യണ്‍ ദിര്‍ഹം (ഏകദേശം 57 കോടി രൂപ)യാണ് സമ്മാനം ലഭിച്ചത്. സീരീസ് 269 നറുക്കെടുപ്പിലാണ് അരവിന്ദിനെ ഭാഗ്യം തുണച്ചത്.
20 പേരുമായി ചേര്‍ന്നാണ് അരവിന്ദ് ടിക്കറ്റ് എടുത്തുന്നത്. 20 പേര്‍ക്കുമായി സമ്മാനത്തുക പങ്കിടുമെന്ന്, ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരകരായ റിച്ചാര്‍ഡിനോടും ബൗച്രയോടും അരവിന്ദ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് അരവിന്ദ് അപ്പുക്കുട്ടന്‍. നവംബര്‍ 22ന് വാങ്ങിയ 447363 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്തു ചെയ്യുമെന്ന് അറിയില്ലെന്നും അരവിന്ദ് പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെയില്‍സ്മാനായി ജോലി ചെയ്തു വരികയാണ് ഇദ്ദേഹം.
ഭാര്യയും സുഹൃത്തുക്കളും അമ്പരന്നുവെന്നും അരവിന്ദ് പ്രതികരിച്ചു. ഭാര്യ അത്ഭുതപ്പെട്ടു. നറുക്കെടുപ്പില്‍ വിജയിച്ചതിനെക്കുറിച്ച് പറയാന്‍ സുഹൃത്ത് വിളിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹം നേടി. കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹത്തിന്റെ സമ്മാനവും സ്വന്തമാക്കി. മലയാളിയായ ആകാശ് രാജ് 70,000 ദിർഹവും കരസ്ഥമാക്കി. 2024ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് അരവിന്ദ് കോടീശ്വരനായത്. നിരവധി പ്രവാസികള്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്ക് ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
ALSO READ:പൂജാ ബമ്പര്‍ കിട്ടിയില്ലേ ? സാരമില്ല; ഇതാ വരുന്നു ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍, കോടികള്‍ വാരാം
പുതുവര്‍ഷത്തില്‍ വന്‍ തുക
പുതുവര്‍ഷത്തില്‍ വന്‍ സമ്മാനവുമായി ബിഗ് ടിക്കറ്റെത്തുന്നു. ജനുവരി മൂന്നിന് 30 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് പ്രഖ്യാപിക്കും. ഇതിനൊപ്പം പ്രതിവാര നറുക്കെടുപ്പിലൂടെ ആ മാസം കോടീശ്വരനാകാന്‍ നാല് പേര്‍ക്ക് അവസരമുണ്ട്.
ഇത് കൂടാതെ ഇപ്പോള്‍ ‘ബിഗ് വിന്‍’ മത്സരവുമുണ്ട്. ഡിസംബര്‍ 1 മുതല്‍ 25 വരെ 1,000 ദിര്‍ഹത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് പ്രതിവാര നറുക്കെടുപ്പില്‍ സ്വയമേവ ഭാഗമാകാം.
മലയാളിയുടെ ബിഗ് ടിക്കറ്റ്
കഴിഞ്ഞ മാസം നടന്ന ബിഗ് നറുക്കെടുപ്പിലും മലയാളി യുവാവ് കോടീശ്വരനായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പ്രിന്‍സ് കോലശേരി സെബാസ്റ്റിയന്‍ എന്ന യുവാവിനും സുഹൃത്തുക്കള്‍ക്കും 46 കോടി രൂപയാണ് സമ്മാനം ലഭിച്ചത്. എട്ട് വര്‍ഷമായി പ്രിന്‍സ് ഷാര്‍ജയിലാണ് താമസിക്കുന്നത്. ഒക്ടോബര്‍ നാലിന് വാങ്ങിയ 197281 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനര്‍ഹമായത്. സമ്മാനത്തുക 10 സുഹൃത്തുക്കളുമായി പങ്കിടാനായിരുന്നു പ്രിന്‍സിന്റെ തീരുമാനം.