Fake Arrest Warrant: ബോറടി മാറ്റാൻ സ്വന്തം പേരിൽ വാറണ്ട് ഉണ്ടാക്കി, പാരിതോഷികം പ്രഖ്യാപിച്ചു; യുവാവിനെ പിടികൂടി പോലീസ്
Young Man got Arrested for Making Fake Arrest Warrant: പോസ്റ്റ് പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 3,50,000 പേർ ഇത് കണ്ടു. 2,500 ലൈക്കുകളും, 1000-ത്തിലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു.
ചൈന: സ്വന്തം പേരിൽ വ്യാജ അറസ്റ്റ് വാറണ്ട് ഉണ്ടാക്കി, പാരിദോഷികവും പ്രഖ്യാപിച്ച യുവാവിനെ പിടികൂടി പോലീസ്. ചൈനയിൽ നിന്നുള്ള വാങ് എന്നയാളാണ് പിടിയിലായത്. നവംബർ 11-നാണ് വാങ് സ്വന്തം ചിത്രമടക്കം ഉൾപ്പെടുത്തി വ്യാജ അറസ്റ്റ് വാറണ്ട് നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പോസ്റ്റ് വൈറലായതോടെയാണ് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്.
സൗത്ത് ചൈന മോണിങ് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഒരു കുപ്രസിദ്ധ കുറ്റവാളി എന്ന തലക്കെട്ടോട് കൂടിയാണ് ഇദ്ദേഹം സ്വന്തം അറസ്റ്റ് വാറണ്ട് നിർമിച്ചത്. കുറ്റവാളിയാണെന്ന് പറഞ്ഞതിനോടൊപ്പം, ചൈനയിലെ പ്രശസ്ത നടനും നർത്തകനും ഗായകനുമായ വാങ് യിബോ ആണ് താൻ എന്ന് അവകാശപ്പെടുകയും ചെയ്തു. 2024 നവംബർ 10-ന് ഒരു കമ്പനിയിൽ നിന്നും 30 മില്യൺ യുവാൻ ( നാല് മില്യൺ ഡോളർ) തട്ടിയെടുത്ത കേസിലെ പ്രതിയാണെന്ന് കാണിച്ചാണ് ഇയാൾ വാറണ്ട് തയ്യാറാക്കിയത്. കൂടാതെ, ഒരു മെഷീൻ ഗണ്ണും 500 വെടിയുണ്ടകളും കൈയിൽ ഉണ്ടെന്നും അദ്ദേഹം വാറണ്ടിൽ കുറിച്ചു. ഇയാളെ പിടികൂടുന്നവർക്ക് 30,000 യുവാൻ പാരിതോഷികം ലഭിക്കുമെന്നും പ്രഖ്യാപിച്ചു.
പോസ്റ്റ് പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 3,50,000 പേർ ഇത് കണ്ടു. 2,500 ലൈക്കുകളും, 1000-ത്തിലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ഈ പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോട് കൂടി അവർ അന്വേഷണം ആരംഭിക്കുകയായിരുന്നു. പല സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി വ്യാജ അറസ്റ്റ് വാറണ്ട് പ്രചരിപ്പിച്ച വാങ്ങിനെ പോലീസ് മണിക്കൂറുകൾക്കകം തന്നെ പിടികൂടി.
ALSO READ: ജനസംഖ്യയിൽ കുറവ്; പ്രേമിക്കാനറിയാത്ത യുവാക്കളെ പ്രണയം പഠിപ്പിക്കാൻ ഒരുങ്ങി ചൈന
തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് പരിശോധിച്ചെങ്കിലും, തോക്കുകളോ ആയുധങ്ങളോ കണ്ടെത്താനായില്ല. കൂടാതെ, ഇയാൾ ഒരു കമ്പനിയിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയതായി റിപ്പോർട്ടുകൾ ഒന്നും തന്നെ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ, ജീവിതത്തിലെ ബോറടി മാറ്റാൻ ആണ് താൻ ഇത്തരത്തിൽ പോസ്റ്റ് നിർമിച്ചതെന്ന് വാങ് മൊഴി നൽകി. ഈ പോസ്റ്റ് ഇത്രയധികം ജനശ്രദ്ധ നേടുമെന്ന് കരുതിയില്ലെന്നും വാങ് പറഞ്ഞു.
വാങ്ങിന്റെ പ്രവർത്തി ചൂണ്ടിക്കാട്ടി, ഇത്തരത്തിലുള്ള പ്രവർത്തികൾ കൊണ്ട് ഉണ്ടായേക്കാവുന്ന നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പോലീസ് ആളുകളെ ബോധവത്കരിച്ചു. ഇത് ക്രിമിനൽ പ്രവർത്തിയാണെന്നും, ഇതുപോലുള്ള കിംവദന്തികൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആളുകൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കി.