UAE Airport: യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ലഗേജ് സൂക്ഷിക്കാം
UAE Airport Luggage Store Service: 35 ദിർഹം മുതലാണ് ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള നിരക്കുകൾ ആരംഭിക്കുന്നത്. ലഗേജിന്റെ വലിപ്പം അനുസരിച്ച് നിരക്കിൽ വ്യത്യാസം വന്നേക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാണ്.

പ്രതീകാത്മക ചിത്രം
അബുദാബി: ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് മിതമായ നിരക്കിൽ ലഗേജുകൾ സൂക്ഷിക്കാൻ സൗകര്യം. വിമാനത്താവളങ്ങളിലെ ലഗേജ് സ്റ്റോറേജിലൂടെയാണ് യാത്രക്കാർക്ക് ഇത്തരമൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. ഭാരമേറിയ പെട്ടികൾ ലഗേജ് സ്റ്റോറേജിലൂടെ യാത്രക്കാർക്ക് സൂക്ഷിക്കാവുന്നതാണ്.
35 ദിർഹം മുതലാണ് ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള നിരക്കുകൾ ആരംഭിക്കുന്നത്. ലഗേജിന്റെ വലിപ്പം അനുസരിച്ച് നിരക്കിൽ വ്യത്യാസം വന്നേക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാണ്. 12 മണിക്കൂർ വരെ ടെർമിനൽ ഒന്നിലും രണ്ടിലും ലഗേജുകൾ സൂക്ഷിക്കുന്നതിന് 40 മുതൽ 50 ദിർഹം വരെയാണ് ചെലവ്. ഡനാറ്റ ബാഗേജ് സർവീസസാണ് യാത്രക്കാർക്ക് ഈ സുരക്ഷിതമായ സേവനം നൽകുന്നത്.
എമിറേറ്റ്‌സ് വിമാന യാത്രക്കാരുടെ പ്രധാന ടെർമിനലായ മൂന്നാം ടെർമിനലിൽ ലഗേജുകൾ സൂക്ഷിക്കാൻ 40 ദിർഹം നൽകിയാൽ മതിയാകും. 12 മണിക്കൂർ വരെയാണ് ഈ നിരക്കിൽ ലഗേജുകൾ സൂക്ഷിക്കാൻ സാധിക്കുക. അതേസമയം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് ലഗേജ് സൂക്ഷിക്കാൻ 35 ദിർഹമാണ് ഈടാക്കുന്നത്. 24 മണിക്കൂർ- 70 ദിർഹം, 48 മണിക്കൂർ-105 ദിർഹം, 72 മണിക്കൂർ-140 ദിർഹം എന്നിങ്ങനെയാണ് മറ്റു സേവന നിരക്കുകൾ.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അതിനാൽ എല്ലാ ടെർമിനലുകളിലും യാത്രക്കാർക്ക് ലഗേജ് സംഭരണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, അബുദാബി ആസ്ഥാനമായുള്ള ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് നഗരത്തിൽ ഒന്നോ രണ്ടോ രാത്രി സൗജന്യ താമസം അവർ വാഗ്ദാനം ചെയ്യുന്നു.