5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Houthis Missile Attack: ഹിസ്ബുല്ലയ്ക്ക് പിന്തുണ; ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി യെമൻ ഹൂതികൾ

Houthis Missile Attack On Israel: ഹൂതികൾ തൊടുത്ത മിസൈൽ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്ക്ക് പുറത്തുവെച്ച് ഇസ്രായേൽ പ്രതിരോധ സേന തടഞ്ഞത്.

Houthis Missile Attack: ഹിസ്ബുല്ലയ്ക്ക് പിന്തുണ; ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി യെമൻ ഹൂതികൾ
ഇസ്രായേലിനെതിരെ ഹൂതികളുടെ മിസൈൽ ആക്രമണം (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 27 Sep 2024 18:29 PM

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് എതിരെ വ്യോമാക്രണം നടത്തുന്നതിനിടെ ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ച് യെമൻ ഹൂതികൾ. ഇസ്രായേലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഹൂതികൾ തൊടുത്ത മിസൈൽ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്ക്ക് പുറത്തുവെച്ച് ഇസ്രായേൽ പ്രതിരോധ സേന തടഞ്ഞത്.

വ്യാഴാഴ്ച മുതിർന്ന ഹിസ്ബുല്ല നേതാവ് മുഹമ്മദ് സ്രൂർ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണമെന്ന് ഒരു ഹൂതി കമാൻഡർ വ്യക്തമാക്കി. മുഹമ്മദ് സ്രൂരിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് അപ്രതീക്ഷിത ആക്രമണമെന്ന് ഇസ്രായേൽ ന്യൂസ് ഏജൻസിയായ സബയുടെ ചെയർമാൻ നസറുദ്ദീൻ അമേർ സ്ഥിരീകരിച്ചു.

ALSO READ: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു; ആയിരക്കണക്കിന് ആളുകൾ കൂട്ടപ്പലായനം നടത്തി, മരണം 558 ആയി

ഇറാന്റെ പിന്തുണയുള്ള ഹൂതികളെ പരിശീലിപ്പിക്കാൻ യെമനിലേക്ക് അയച്ച ഹിസ്ബുല്ലയുടെ നിരവധി ഉപദേഷ്ടാക്കളിൽ ഒരാളാണ് മുഹമ്മദ് സ്രൂർ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ലെബനനെയും ഹിസ്ബുല്ലയെയും പിന്തുണയ്ക്കാൻ മടിയ്ക്കില്ലെന്ന് ഹൂതികളുടെ നേതാവായ അബ്ദുൾ മാലിക് അൽ-ഹൂതി അറിയിച്ചു.

ഒരു വർഷത്തിലേറെയായി ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിലായിരുന്നു ഇസ്രായേൽ. ഇതിന് പിന്നാലെ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഹിസ്ബുല്ലയും ഇസ്രായേൽ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാവുകയും ചെയ്തു. നിലവിൽ ലെബനനിൽ നിന്ന് ഹിസ്ബുല്ലയുടെയും യെമനിൽ നിന്ന് ഹൂതി വിമതരുടെയും ഭീഷണികൾ ഒരുപോലെ നേരിടുകയാണ് ഇസ്രായേൽ.

ഇസ്രായേൽ ലെബനനിൽ നടത്തി വരുന്ന വ്യോമാക്രമണത്തിൽ മരണം 558 മുകളിലായാതായാണ് കണക്കുകൾ. ആയിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് കൂട്ടപ്പലായനം നടത്തിയത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും വ്യാപകമായി ഇസ്രായേൽ ആക്രമണം തുടർന്ന് വരികയാണ്. ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.