Wright Brothers Day 2024 : മനുഷ്യ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിച്ചിട്ട് 121 വര്‍ഷം; ആദ്യ വിമാനം പറന്ന കഥ
Wright brothers' first flight : പറക്കും വാഹനങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമം വില്‍ബര്‍ റൈറ്റും, ഓര്‍വല്‍ റൈറ്റും ചെറിയ പ്രായത്തില്‍ തന്നെ തുടങ്ങിയിരുന്നു. പിതാവ് കൊണ്ടുവന്ന ഒരു കളിപ്പാട്ടത്തില്‍ നിന്നാണ് വിമാനത്തെക്കുറിച്ചുള്ള കൗതുകം ഇവരില്‍ ആദ്യമായി രൂപപ്പെട്ടത്
പറക്കുന്ന പക്ഷിയെ നോക്കി അസൂയപ്പെടാത്ത മനുഷ്യനുണ്ടാകുമോ ? ഒരു ചിറകുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ? ജന്മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം മനുഷ്യ ജന്മമാണത്രേ. അത്രയും ശ്രേഷ്ഠ ജന്മമെന്ന് കരുതുന്ന മനുഷ്യനെ മറ്റേതെങ്കിലും ജീവജാലം അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പക്ഷികളായിരിക്കും. കാരണം ഒന്ന് പറക്കാന്‍ അത്രയേറെ മനുഷ്യന്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
പറക്കാനുള്ള ആഗ്രഹം ഒടുവില്‍ വിമാനത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചു. പൂര്‍ണതോതില്‍ അല്ലെങ്കിലും ഒരു പരിധി വരെ പറക്കുക എന്ന മോഹം വിമാനത്തിലേറി മനുഷ്യന്‍ സാധിച്ചു. യാത്രാരംഗത്തെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടിത്തം തന്നെയായിരുന്നു വിമാനം. ലോകത്തെ ആദ്യ വിമാനം പറന്നിട്ട് ഡിസംബര്‍ 17ന് തികഞ്ഞത് 121 വര്‍ഷം.
റൈറ്റ് സഹോദരന്മാര്‍
പറക്കും വാഹനങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമം വില്‍ബര്‍ റൈറ്റും, ഓര്‍വല്‍ റൈറ്റും ചെറിയ പ്രായത്തില്‍ തന്നെ തുടങ്ങിയിരുന്നു. പിതാവ് കൊണ്ടുവന്ന ഒരു കളിപ്പാട്ടത്തില്‍ നിന്നാണ് വിമാനത്തെക്കുറിച്ചുള്ള കൗതുകം ഇവരില്‍ ആദ്യമായി രൂപപ്പെട്ടത്. ഒരു പ്രിന്റിങ് സ്ഥാപനത്തിലാണ് ഇരുവരും ജോലി ആരംഭിച്ചത്. മെക്കാനിക്കില്‍ ഇരുവര്‍ക്കും പ്രാവീണ്യമുണ്ടായിരുന്നു. 1892ല്‍ സൈക്കിളുകള്‍ നന്നാക്കുന്ന ജോലിയില്‍ ഇവര്‍ ഏര്‍പ്പെട്ടു. പിന്നീട് അതൊരു ബിസിനസായി മാറി. 1893ല്‍ സ്വന്തമായി സൈക്കിള്‍ ഷോപ്പ് ആരംഭിച്ചു.
പിന്നീട് സൈക്കിളുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് തുടങ്ങി. 1896ല്‍ ഓര്‍വലിന് ടൈഫോയ്ഡ് പിടിപെട്ടു. ഓര്‍വലിനെ പരിചരിക്കുന്നതിനിടെയാണ് ഒരു ജര്‍മന്‍ ഗ്ലൈഡര്‍ പൈലറ്റിന്റെ ദാരുണാന്ത്യത്തെക്കുറിച്ച് വില്‍ബര്‍ അറിയുന്നത്. വിമാനങ്ങളെക്കുറിച്ച് ഇരുവരിലും താല്‍പര്യമുണ്ടാക്കിയത് ഈ സംഭവമാണെന്ന് പറയപ്പെടുന്നു.
1899 മുതല്‍ ഇരുവരും ഇതിനായി പരീക്ഷണങ്ങള്‍ ആരംഭിച്ചു. ചിലപ്പോഴൊക്കെ പരീക്ഷണം പാളി. നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് അവര്‍ പിന്മാറിയില്ല. കണ്ടെത്തല്‍ വിജയകരമാകും വരെ പരീക്ഷണം തുടരാനായിരുന്നു തീരുമാനം. അതീവ രഹസ്യമായാണ് ഇരുവരും പരീക്ഷണം തുടര്‍ന്നത്.
Read Also : AI ഉണ്ടെല്ലോ പിന്നെ എന്തിനാ മനുഷ്യർ! ഇനി ജോലിക്ക് ആളെ എടുക്കില്ലെന്ന് അറിയിച്ച് ഫിൻടെക് കമ്പനി സിഇഒ
1903 ഡിസംബര്‍ 17. യുഎസിലെ നോര്‍ത്ത് കരോളിനയിലെ ഒരു ബീച്ചില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ ആ സംഭവം അരങ്ങേറി. നോര്‍ത്ത് കരോളിനയിലെ ബീച്ചില്‍ 20 അടി പൊക്കത്തില്‍ ഓര്‍വല്‍ റൈറ്റ് ആദ്യ യന്ത്രവല്‍കൃത വിമാനം പറപ്പിച്ചു. 120 അടി ദൂരം വിമാനം പിന്നിട്ടു. ഏതാണ്ട് 12 സെക്കന്റുകള്‍ മാത്രമാണ് പറക്കല്‍ നീണ്ടുനിന്നത്. ലോകത്തെ ആശ്ചര്യപ്പെടുത്തിയ ആദ്യ വിമാനയാത്രയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഓര്‍വെലും, വില്‍ബറും പില്‍ക്കാലത്ത് റൈറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ പ്രശസ്തരായി.
നോര്‍ത്ത് കരോളിനയിലെ കിറ്റി ഹാക്കിലാണ് റൈറ്റ് സഹോദരന്മാര്‍ റൈറ്റ് ഫ്‌ളയര്‍ എന്ന വിമാനം പറത്തിയത്. ആദ്യ പറക്കലിന് ശേഷം ആ ദിവസം തന്നെ വീണ്ടും പല പ്രാവശ്യം അവര്‍ വിമാനം പറത്തി. അങ്ങനെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. 1963 മുതല്‍ ഡിസംബര്‍ 17 റൈറ്റ് ബ്രദേഴ്‌സ് ഡേ ആയാണ് ആചരിക്കുന്നത്.