No Mobile Competition: എട്ട് മണിക്കൂർ മൊബൈൽ ഉപയോഗിച്ചില്ല; യുവതിക്ക് സമ്മാനമായി ലഭിച്ചത് ഒരു ലക്ഷം രൂപ
China No Mobile Competition Winner Got One lakh Rupees: മത്സരം നടക്കുന്ന എട്ട് മണിക്കൂർ, കിടക്കയിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാൻ മത്സരാർഥികൾക്ക് അനുവാദമില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അഞ്ച് മിനിറ്റ് ബ്രേക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.
ചൈന: ഇന്നത്തെ കാലത്ത് പണമിടപാടുകൾ നടത്താൻ, ടിക്കറ്റ് ബുക്ക് ചെയ്യാൻ, കറന്റ് ബിൽ അടക്കാൻ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും നമ്മൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു. മൊബൈൽ ഫോൺ ഇല്ലാത്തൊരു ജീവിതം പലർക്കും സങ്കല്പിക്കാൻ പോലും സാധിക്കില്ല. മൊബൈൽ ഇല്ലാതെ ഒരു ദിവസം മുന്നോട്ട് പോകുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. ആവശ്യങ്ങൾക്കായി ഉപയോഗിക്കുക എന്നതിന് പുറമെ അതിനോട് ആസക്തി ഉള്ളവരും ഉണ്ട്. എന്നാൽ, ഇപ്പോഴിതാ ചൈനയിൽ നടന്ന ഒരു മത്സരമാണ് ചർച്ചയാകുന്നത്.
ഒരു തരത്തിലുള്ള ഉത്കണ്ഠകളുമില്ലാതെ എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക എന്നതാണ് മത്സരം. ഇത്തരത്തിൽ എട്ട് മണിക്കൂർ മൊബൈൽ ഉപയോഗിക്കാതിരുന്നതിന് തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ ആണ്. അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററില്‍ വെച്ചാണ് ഈ അപൂർവമായ മത്സരം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മത്സരത്തിൽ പങ്കെടുക്കാൻ 100 പേർ താല്പര്യം പ്രകടിപ്പിച്ചെങ്കിലും മത്സരത്തിനായി തെരഞ്ഞെടുത്തത് 10 മത്സരാർത്ഥികളെ മാത്രമാണ്. മത്സരത്തിന്‍റെ സംഘാടകർ പങ്കെടുക്കുന്ന ഓരോരുത്തർക്കും കിടക്ക നൽകും. അതിൽ ഇരുന്നുകൊണ്ട് മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂർ ചെലവഴിക്കുക എന്നതാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. മത്സരാർത്ഥികൾ അവരുടെ മൊബൈൽ ഫോണുകൾ മത്സരത്തിന് മുമ്പ് സംഘാടകർക്ക് നൽകണം. അതുപോലെ, ഐപാഡുകൾ ലാപ്‌ടോപ്പുകൾ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, അടിയന്തിര സാഹചര്യങ്ങളിൽ മത്സരാർഥികൾക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടണമെങ്കിൽ കോൾ മാത്രം ചെയ്യാൻ കഴിയുന്ന ഒരു പഴയ മൊബൈൽ ഫോൺ സംഘാടകർ നൽകും.
ALSO READ: ജനസംഖ്യയിൽ കുറവ്; പ്രേമിക്കാനറിയാത്ത യുവാക്കളെ പ്രണയം പഠിപ്പിക്കാൻ ഒരുങ്ങി ചൈന
അതുപോലെ തന്നെ മത്സരം നടക്കുന്ന എട്ട് മണിക്കൂർ, കിടക്കയിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാൻ മത്സരാർഥികൾക്ക് അനുവാദമില്ല. ടോയ്‌ലറ്റിൽ പോകണമെങ്കിൽ അഞ്ച് മിനിറ്റ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. ഭക്ഷണപാനീയങ്ങളും കിടക്കയിൽ ഇരുന്നു തന്നെ കഴിക്കണം. കൂടാതെ, മത്സരാത്ഥികൾ ഗാഢനിദ്രയിലേക്ക് കടക്കരുത്. എന്നാൽ, കണ്ണടച്ച് കിടന്നുള്ള ചെറിയ മയക്കങ്ങൾ അനുവദിക്കും. ഈ എട്ട് മണിക്കൂർ സമയവും മത്സരാർത്ഥികളുടെ ഉറക്കം, ഉൽക്കണ്ഠ എന്നിവ റിസ്റ്റ് സ്ട്രാപ്പുകൾ ഉപയോഗിച്ച് വിലയിരുത്തിയാണ് സംഘാടകർ വിജയിയെ നിശ്ചയിക്കുന്നത്.
ചെറുതായൊന്ന് മയങ്ങിയും, പുസ്തകങ്ങൾ വായിച്ചുമെല്ലാമാണ് മത്സരാർത്ഥികൾ സമയം ചെലവഴിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എല്ലാവരും ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ മത്സരത്തിനൊടുവിൽ ഡോങ് എന്ന യുവതിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഡോങിന് 100 -ൽ 88.99 പോയിന്‍റ് ആണ് ലഭിച്ചത്. ഏറ്റവും കൂടുതൽ സമയം കിടക്കയിൽ ചെലവഴിച്ചതും, ഗാഢനിദ്രയിലേക്ക് കടക്കാതിരുന്നതും, ഉൽക്കണ്ഠ ഏറ്റവും കുറവ് പ്രകടിപ്പിച്ചതും ഡോങ് ആയിരുന്നുവെന്ന് സംഘാടകർ വിജയിയെ പ്രഖ്യാപിക്കുന്ന വേളയില്‍ പറഞ്ഞു.