Woman Drowns Dog: ഒപ്പം യാത്ര അനുവദിച്ചില്ല; വളർത്തുനായയെ വിമാനത്താവളത്തിലെ ശുചിമുറിയിൽ മുക്കിക്കൊന്ന യുവതി പിടിയിൽ
Woman Drowns Dog In Airport Toilet: ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കാത്തതിൽ വളർത്തുനായയെ വിമാനത്താവളത്തിലെ ശുചിമുറിയിൽ മുക്കിക്കൊന്ന യുവതി പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി.

വളർത്തുനായയെ വിമാനത്താവളത്തിലെ ശുചിമുറിയിൽ മുക്കിക്കൊന്ന യുവതി പിടിയിൽ. അമേരിക്കയിലെ ഓർലാൻഡോ വിമാനത്താവളത്തിലെ ശുചിമുറിയിലാണ് യുവതി സ്വന്തം വളർത്തുനായയെ മുക്കിക്കൊന്നത്. ആവശ്യമായ രേഖകളില്ലാത്തതിനാൽ വളർത്തുനായയുമായി വിമാനയാത്ര അനുവദിക്കില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി വളർത്തുനായയെ കൊലപ്പെടുത്തിയത്.
ലൂയിസിയാനയിലെ കെന്നറിൽ താമസിക്കുന്ന യുവതിയാണ് പിടിയിലായത്. മതിയായ രേഖകളില്ലാത്തതിനാൽ രാജ്യാന്തര വിമാനത്തിൽ ഒരു മൃഗത്തെ കയറ്റാൻ അനുവദിക്കില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു. ഇതോടെയാണ് യാത്ര മുടങ്ങാതിരിക്കാൻ യുവതി ക്രൂര കൊലപാതകം നടത്തിയത്. 5000 ഡോളർ ജാമ്യത്തുക കെട്ടിവച്ചതിന് ശേഷം ഇവരെ പുറത്തുവിട്ടു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവങ്ങളുടെ തുടക്കം. വിമാനത്താവളത്തിലെ ശുചിമുറിയിലുള്ള ട്രാഷ് ബാഗിൽ ടൈവിൻ എന്ന പേരുള്ള 9 വയസായ ഒരു പട്ടിയെ ഒരു ശുചീകരണ തൊഴിലാളിയാണ് കണ്ടെത്തിയത്. ഇതേ ശുചീകരന തൊഴിലാളി തന്നെ പ്രതി ചേർക്കപ്പെട്ട യുവതിയെ നേരത്തെ കണ്ടിരുന്നു. ശുചിമുറി വൃത്തിയാക്കുന്നതും നിലത്തുനിന്ന് ഡോഗ് ഫുഡ് നീക്കം ചെയ്യുന്നതുമാണ് തൊഴിലാളി കണ്ടത്. ഇത് നടന്ന് അല്പസമയത്തിന് ശേഷമാണ് പട്ടിയെ ശുചിമുറിയിൽ ചത്തുകിടക്കുന്നതായി ഇയാൾ തന്നെ കണ്ടെത്തിയത്. ഇതിനൊപ്പം കമ്പാനിയൻ വെസ്റ്റ്, കോളർ, റേബീസ് ടാഗ്, ഡോഗ് ട്രാവൽ ബാഗ് എന്നിവയും ഒരു ടാഗിൽ പ്രതി ചേർക്കപ്പെട്ട യുവതിയുടെ പേരും ഫോൺ നമ്പരും കണ്ടെത്തി.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അധികൃതർ വിലപ്പെട്ട തെളിവുകൾ കണ്ടെത്തി. യുവതി 15 മിനിട്ടോളം എയർപോർട്ട് അധികൃതരോട് സംസാരിക്കുന്നതും ശേഷം പട്ടിയെയുമായി ശുചിമുറിയിലേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. അല്പ സമയത്തിന് ശേഷം ഇവർബ് കൊളംബിയയിലേക്കുള്ള വിമാനത്തിൽ ഒറ്റയ്ക്ക് കയറി പോവുകയും ചെയ്തു.
മൈക്രോചിപ്പ് പരിശോധിച്ചാണ് പട്ടി ടൈവിൻ തന്നെയാണെന്ന് അധികൃതർ കണ്ടെത്തിയത്. നെക്രോപ്സിയിലൂടെ പട്ടിയെ മുക്കിക്കൊന്നതാണെന്നും കണ്ടെത്തി. തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.