North Korea : സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണം; വിദേശ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയ
North Korea Opened Doors For Foreign Tourists: അടുത്തിടെ നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ച ആദ്യ വിദേശസംഘം റഷ്യയില്‍ നിന്നായിരുന്നു. 2024 ഫെബ്രുവരിയിൽ 100 റഷ്യൻ വിനോദസഞ്ചാരികള്‍ നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ചിരുന്നെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2024ല്‍ 880 റഷ്യക്കാര്‍ ഉത്തര കൊറിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്

വിദേശ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തരകൊറിയ. സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിദേശ കറന്‍സിയടക്കം രാജ്യത്ത് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദേശ വിനോദസഞ്ചാരികളെ ഉത്തര കൊറിയ സ്വാഗതം ചെയ്യുന്നത്. കൊവിഡ് മഹാമാരി സമയത്താണ് രാജ്യത്തിന്റെ ഭരണാധികാരി കിം ജോങ് ഉന്‍ അതിര്‍ത്തികള്‍ അടയ്ക്കാനും, വിനോദസഞ്ചാരികളെ വിലക്കാനും തീരുമാനിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഉത്തര കൊറിയ സന്ദര്‍ശിക്കാമെങ്കിലും ചില നിയന്ത്രണങ്ങള്‍ ബാധകമാണ്. സഞ്ചരിക്കേണ്ടത് പ്രാദേശിക ഗൈഡുകള്‍ക്കൊപ്പമാകണം, സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ ചിത്രം പകര്‍ത്തരുത് തുടങ്ങിയവയാണ് നിയന്ത്രണങ്ങളെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക വിപണികളിലടക്കം നിയന്ത്രണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് ഉത്തര കൊറിയ കടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണിൽ ഉത്തരകൊറിയ കിഴക്കൻ തീരത്ത് ഒരു വലിയ ടൂറിസം കേന്ദ്രം തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അടുത്തിടെ ഉത്തര കൊറിയ സന്ദര്‍ശിച്ച ആദ്യ വിദേശസംഘം റഷ്യയില്‍ നിന്നായിരുന്നു. 2024 ഫെബ്രുവരിയിൽ 100 റഷ്യൻ വിനോദസഞ്ചാരികള്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 880 റഷ്യക്കാര്‍ ഉത്തര കൊറിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.




Read Also : Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി
കൊവിഡ് മഹാമാരിക്ക് മുമ്പ് ചൈനയില്‍ നിന്നാണ് ഉത്തര കൊറിയയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്നത്. രാജ്യത്തെത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ ഏകദേശം 90 ശതമാനം പേരും ചൈനയില്‍ നിന്നായിരുന്നു. ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ്, ഹോങ്കോംഗ്, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഉത്തര കൊറിയയില്‍ സഞ്ചാരികള്‍ എത്താറുണ്ടായിരുന്നു.
ദക്ഷിണ കൊറിയക്കാര്‍ക്ക് പ്രവേശനവിലക്കുണ്ട്. അമേരിക്കൻ വിദ്യാർത്ഥിയായ ഓട്ടോ വാംബിയറിന്റെ മരണത്തെത്തുടർന്ന് 2017 മുതൽ തങ്ങളുടെ പൗരന്മാർ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യുന്നത് യുഎസ് വിലക്കിയിട്ടുണ്ട്.